ദേശീയപാതയിൽ അപകടം തുടർക്കഥ
text_fieldsഇടുക്കി: കൊല്ലം-തേനി ദേശീയപാതയിൽ വാഹനാപകടങ്ങൾ പതിവാകുന്നു. ദേശീയപാതയിൽ കുട്ടിക്കാനം മുതൽ മുണ്ടക്കയം വരെയുള്ള റോഡിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അമ്പതിലേറെ അപകടങ്ങളാണ് ഉണ്ടായത്. കൊടുംവളവുകളിൽ വാഹനങ്ങൾ ഡ്രൈവർമാർ വീശിയടുക്കുമ്പോഴും മറ്റ് വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴുമാണ് കൂടുതൽ അപകടങ്ങളും സംഭവിക്കുന്നത്. വാഗമൺ സന്ദർശിച്ചു മടങ്ങിയ തിരുവനന്തപുരം നാവായിക്കുളം സ്വദേശികൾ സഞ്ചരിച്ച കാർ മറിഞ്ഞ് രണ്ട് സ്ത്രീകൾ മരിച്ചതാണ് ഏറ്റവുമൊടുവിലുണ്ടായ അപകടം. കാർ ഓടിച്ചിരുന്ന ഷിബുവിന്റെ മകളും ഭാര്യാസഹോദരിയുമായിരുന്നു മരിച്ചത്. പ്ലസ് ടു ഫലം കാത്തിരുന്ന വിദ്യാർഥിനിയാണ് മരിച്ച ഒരാൾ. മറ്റൊന്ന് 45കാരിയും.
അപകടത്തിൽപെട്ട നാലുപേരും ഗുരുതര പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. പ്രദേശം പരിചയമില്ലാത്തയാളായിരുന്നു ഡ്രൈവർ. 500 അടി താഴ്ചയിലേക്കാണ് കാർ പതിച്ചത്. മാസങ്ങൾക്ക് മുമ്പ് കടുവാപ്പാറക്ക് സമീപം ടോറസ് ലോറി വളവ് വീശി എടുക്കുമ്പോൾ ഓട്ടോറിക്ഷയുടെ മുകളിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചിരുന്നു. മാസങ്ങൾക്ക് മുമ്പ് ബൈക്ക് ലോറിയിലിടിച്ച് 18കാരൻ മരിച്ചു. മറ്റൊരു ബൈക്കപകടത്തിൽ ചുഴിപ്പിൽ ഒരു സ്ത്രീ മരിച്ചു. ടയറുമായി പോയ പിക് അപ് വാൻ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ശബരിമല സീസണിൽ ഈ പാതയിൽ ദിനംപ്രതി നിരവധി വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. തമിഴ്നാട്ടിൽനിന്ന് ശബരിമലയിലേക്ക് പോകുന്ന അയപ്പ ഭക്തരുടെ വാഹനങ്ങളാകും അപകടത്തിൽപെടുന്നതിലേറെയും.
അമിത വേഗവും ഡ്രൈവർമാരുടെ അശ്രദ്ധയും അന്യസംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങൾ അപകടത്തിൽപെടാനിടയാകുന്നുണ്ട്. അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമാക്കുകയും മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പരിശോധനകൾ കർശനമാക്കുകയും ചെയ്താൽ അപകടങ്ങൾ ഒരു പരിധി വരെ കുറക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.