വട്ടവടയുടെ സ്ട്രോബറി സ്വപ്നങ്ങൾ
text_fieldsവട്ടവട: സ്ട്രോബറി കൃഷിയിറക്കി വിജയം വരിക്കാൻ കർഷകർ. ശീതകാല പച്ചക്കറി കൃഷിയിലൂടെ ശ്രദ്ധ നേടിയ വട്ടവടയിലെ കർഷകർ പുതുകൃഷി എന്ന നിലയിൽ വ്യാപകമായി സ്ട്രോബറിയും ഇപ്പോൾ വിളവിറക്കുന്നു.
ഉയർന്ന വിലയും ആവശ്യക്കാർ കൂടുതൽ എത്തുന്നതും പച്ചക്കറി പാടങ്ങളിൽ സ്ട്രോബറി കൃഷി ഇറക്കാൻ കാരണമാകുന്നു. കഴിഞ്ഞ സീസണിൽ വെളുത്തുള്ളി കൃഷിയിലൂടെ വലിയ വരുമാനം വട്ടവടയിലെ കർഷകർ നേടിയിരുന്നു. ഏതാനും വർഷങ്ങളായി സ്ട്രോബറി ഇവിടെ കർഷകർ വിജയകരമായി കൃഷി ചെയ്ത് വരുന്നു. വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിക്കാനും സ്ട്രോബറി കൃഷികൊണ്ട് കർഷകർക്ക് കഴിയുന്നു.
സ്ട്രോബറിയിൽനിന്ന് ഉൽപാദിപ്പിക്കുന്ന വൈനും ജാമുമെല്ലാം സഞ്ചാരികൾക്ക് പ്രിയപ്പെട്ടത്. സഞ്ചാരികൾ ഏറെയെത്തുന്ന മറ്റൊരു വിനോദ സഞ്ചാര സീസൺ കൂടി തൊട്ടരികിൽ നിൽക്കെ സ്ട്രോബറി കൃഷിയിറക്കാനുള്ള തയാറെടുപ്പിലാണ് വട്ടവടയിലെ കർഷകർ. ഇപ്പോൾ കൃഷിയിറക്കുന്ന സ്ട്രോബറിയിൽനിന്ന് ഡിസംബറോടെ വിളവെടുത്ത് തുടങ്ങാം. കാലാവസ്ഥ ചതിച്ചില്ലെങ്കിൽ കൃഷിയിലൂടെ മെച്ചപ്പെട്ട വരുമാനം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് കർഷകർ.
കഴിഞ്ഞ സീസണിൽ കിലോക്ക് 600 രൂപ മുതലായിരുന്നു സ്ട്രോബറിയുടെ വില. ജാമിനും വൈനുമെല്ലാം ആവശ്യക്കാർ ഏറെയുണ്ട്. വട്ടവടയുടെ കാർഷിക വൃത്തിയും വിനോദസഞ്ചാരവുമെല്ലാം വളർന്നതോടെ വാണിജ്യ രീതിയിലാണ് ഈ കൃഷി. വിവിധയിനം സ്ട്രോബറിത്തൈകളാണ് കർഷകർ കൃഷിയിറക്കുന്നത്. എട്ട് മാസത്തോളം ഇതിൽനിന്ന് കായ്കൾ ശേഖരിക്കാൻ കഴിയും. പിന്നീട് പുതിയ തൈകൾ നടും.
പുതുവത്സരവും മധ്യവേനൽ അവധിയുമൊക്കെ എത്തുന്നതോടെ വട്ടവടയിൽ സഞ്ചാരികളുടെ വലിയ തിരക്കനുഭവപ്പെടും. സഞ്ചാരികളുടെ ഈ തിരക്കിലാണ് സ്ട്രോബറി കർഷകരുടെ പ്രതീക്ഷ. ശീതകാല കൃഷികളായ കാബേജ്, കാരറ്റ്, കോളി ഫ്ലവർ, വിവിധയിനം കിഴങ്ങ് കൃഷികളും വട്ടവടയിൽ ധാരാളമായുണ്ട്. പച്ചക്കറി കൃഷി വൻ ചൂഷണത്തിന് കാരണമായതോടെ കർഷകരുടെ മനസ്സ് ഇടിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.