ശക്തമായ കാറ്റും മഴയും; ഇടുക്കിയിൽ ദുരിതം തുടരുന്നു
text_fieldsകുടയത്തൂർ: മുട്ടം, കുടയത്തൂർ, മൂലമറ്റം മേഖലയിൽ ആഞ്ഞുവീശിയ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ബുധനാഴ്ച പുലർച്ചെ 5.30നാണ് മഴയോടൊപ്പം ശക്തമായ കാറ്റും ആഞ്ഞുവീശിയത്. വയനക്കാവിന് സമീപം
പരപ്പുംകരയിലാണ് കാറ്റ് കൂടുതൽ നാശനഷ്ടം വിതച്ചത്. നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുതി തൂണുകൾ വ്യാപകമായി ഒടിഞ്ഞുവീണു. ഇതോടെ പ്രദേശത്ത് വൈദ്യുതി വിതരണവും നിലച്ചു. കാൽ മണിക്കൂറോളം വീശിയിടിച്ച കാറ്റ് ജനങ്ങളെ ഭീതിയിലാക്കി. കുടയത്തൂർ - ആനക്കയം റോഡിൽ
മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വയനക്കാവിന് സമീപം കോളപ്രക്കും ആനക്കയത്തിനുമുള്ള റോഡുകളിലേക്ക് വൈദ്യുതി തൂണും മരങ്ങളും ഒടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു.
വയനക്കാവ് ഭാഗത്ത് നിന്ന് ആനക്കയം ഭാഗത്തേക്കുള്ള റോഡിൽ കൂറ്റൻ വാകമരം ഒടിഞ്ഞുവീണു. പരപ്പുംകരയിൽ കാട്ടാംപിള്ളിൽ ശങ്കരപ്പിള്ളയുടെ വീടിന്റെ പിൻഭാഗത്തേക്ക് മരം ഒടിഞ്ഞുവീണ് നാശം സംഭവിച്ചു. കല്ലാറ്റിൻ ജോസിന്റെ പുരയിടത്തിൽ നിന്ന തേക്ക് മരം ഒടിഞ്ഞ് സമീപത്തെ വീട്ടുമുറ്റത്തേക്ക് വീണു. രണ്ട് വീടുകളുടെ ഇടയിലുള്ള ഭാഗത്തേക്കാണ് തേക്ക് വീണത്.
അതിനാൽ വൻ അപകടം ഒഴിവായി. വലിയ പുരയ്ക്കൽ ജോസിന്റെ കിണറിന് മുകളിലേക്ക് മരം മറിഞ്ഞുവീണു. കിണറിന്റെ ഭിത്തി തകർന്നു. ആനക്കയത്ത് അറയ്ക്കൽ ജോർജിന്റെ പുരയിടത്തിലെ തേക്ക് മരങ്ങൾ ഒടിഞ്ഞുവീണു. ബുധനാഴ്ച പുലർച്ചെ വീശിയടിച്ച ശക്തമായ കാറ്റ് മുട്ടം മേഖലയിലും വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. തുടങ്ങനാട് വാഴക്കാല മനു മാത്യുവിന്റെ വീടിന് മുകളിലേക്ക് തേക്ക് മരം ഒടിഞ്ഞുവീണു. കാക്കൊമ്പ് തെങ്ങനാകുന്നേൽ സജിയുടെ തൊഴുത്ത് മരം വീണ് തകർന്നു. തുടങ്ങനാട് മുണ്ടയ്ക്കൽ വാതിലിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പുറവിളക്ക് സമീപം വൈദ്യുതി തൂൺ ഒടിഞ്ഞ് റോഡിലേക്ക് വീണു.
ഇടപ്പള്ളി പാമ്പാനാനി ഭാഗത്ത് മരം വീണ് വൈദ്യുതി തൂൺ ഒടിഞ്ഞു. വ്യാപകമായി വൈദ്യുതി ലൈൻ പൊട്ടിവീണു. വിവിധയിടങ്ങളിൽ റോഡിലേക്ക് മര ശിഖരങ്ങൾ ഒടിഞ്ഞുവീണു.
ശങ്കരപ്പിള്ളി ഫോറസ്റ്റ് ഓഫീസിന് സമീപത്തും മരം ഒടിഞ്ഞുവീണു. വൈദ്യൂതി- റവന്യൂ വകുപ്പുകളുടെ നേതൃത്വത്തിൽ നഷ്ടം തിട്ടപ്പെടുത്തി വരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.