കുമളിയിലെ വിദ്യാർഥിനിയുടെ മരണം: കാണാതായ മൊബൈൽ ഫോൺ ആറുമാസത്തിന് ശേഷം സ്റ്റേഷനിൽ
text_fieldsകുമളി: വീട്ടിൽ 14കാരി മരണപ്പെട്ട സംഭവത്തിൽ ആറുമാസത്തോളമായി കാണാതായിരുന്ന, കുട്ടിയുടെ മൊബൈൽ ഫോൺ പൊലീസ് സ്റ്റേഷനിൽ കണ്ടെത്തി. പല ഘട്ടങ്ങളിലും അന്വേഷിച്ചിട്ട് കണ്ടെത്താതിരുന്ന മൊബൈൽ ഫോണാണ് ക്രൈംബ്രാഞ്ച് അന്വേഷണം മുറുകിയതോടെ സ്റ്റേഷനിലെ ഫ്രണ്ട് ഓഫിസ് ടേബിളിൽനിന്ന് അന്വേഷണസംഘത്തിന് ലഭിച്ചത്.
ഇതോടെ, മൊബൈൽ ഫോൺ ഒളിപ്പിക്കുകയും വിലപേശൽ നടത്തുകയും ചെയ്തവർ ഇപ്പോഴും സേനക്കുള്ളിൽ ഉണ്ടെന്ന സംശയം ബലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ സസ്പെൻഷനിലാണ്. കുമളി സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐയും രണ്ട് അഡീഷനൽ എസ്.ഐമാരുമാണ് സംഭവത്തിൽ സസ്പെൻഷനിലായത്. അന്വേഷണം അട്ടിമറിക്കാൻ നീക്കം നടന്നെന്ന പരാതികളെത്തുടർന്നാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും കേസന്വേഷണം ജില്ല ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തത്. കഴിഞ്ഞ നവംബർ എട്ടിനാണ് വീട്ടിൽ 14കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവ് രാജസ്ഥാനിലായിരുന്ന സന്ദർഭത്തിൽ അമ്മയുമായി വഴക്കടിച്ച പെൺകുട്ടി മുറിയിൽ കയറി വാതിൽ അടക്കുകയായിരുന്നു. പിറ്റേ ദിവസം പിതാവ് തിരികെ എത്തിയശേഷം അറിയിക്കുകയും പൊലീസ് എത്തി മുറി തുറക്കുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി പഞ്ചായത്ത് ശ്മശാനത്തിൽ ദഹിപ്പിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിനിരയായിരുന്നെന്ന വിവരം ലഭിച്ചതോടെയാണ് കേസന്വേഷണത്തിൽ ഇടപെടലുകൾ നടന്നത്. ഇതോടെ, പ്രധാന തെളിവായ മൊബൈൽ ഫോൺ മാറ്റുകയും കൃത്യമായ തെളിവെടുപ്പുകളും രേഖപ്പെടുത്തലുകളും നടത്താതെ കേസ് അട്ടിമറിക്കുകയും ചെയ്തതായാണ് അന്വേഷണസംഘം കണ്ടെത്തിയത്. കോവിഡിെൻറ മറവിൽ മൃതദേഹം ദഹിപ്പിച്ചതും ആസൂത്രിതമാണോയെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.