കൊടുംചൂടിൽ കുറയാതെ പനി
text_fieldsതൊടുപുഴ: കൊടുംചൂടിൽ നാട് വലയുമ്പോൾ പനിയും പകർച്ചവ്യാധികളും പിടിമുറുക്കുന്നു. മുമ്പെങ്ങുമില്ലാത്ത വിധം ചൂട് കൂടിയതോടെ പലവിധ രോഗങ്ങളാൽ ജനം കഷ്ടപ്പെടുകയാണ്. വൈറൽ പനിയെത്തുടർന്ന് 322 പേർ ജില്ലയിലെ സർക്കാർ ആശുപത്രികളിൽ തിങ്കളാഴ്ച മാത്രം ചികിത്സ തേടി. രണ്ടാഴ്ചക്കിടെ 3104 പേർ പനിക്ക് ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
ഡെങ്കിപ്പനിയെന്ന് സംശയിക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പനി മാറിയാലും ചുമ, തലവേദന, ശരീരവേദന, തൊണ്ടവേദന, മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവ ദിവസങ്ങളോളം നീണ്ടുനിൽക്കും. പലർക്കും ദിവസങ്ങളുടെ ഇടവേളകളിൽ പനി ആവർത്തിക്കുകയും ചെയ്യുന്നു.
ചിക്കൻപോക്സ്
ജില്ലയുടെ പല ഭാഗങ്ങളിലും ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചൂട് കൂടിയതോടെയാണ് രോഗം കൂടുതൽ കണ്ടുതുടങ്ങിയതെന്ന് അധികൃതർ പറയുന്നു. ജില്ലയിൽ ഈ മാസം 38 പേർക്ക് ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്തു. പനി, തലവേദന ലക്ഷണങ്ങളിൽ തുടങ്ങി ശരീരത്ത് കുമിളകൾ ഉണ്ടാകുമ്പോഴാണ് പലരും രോഗം തിരിച്ചറിയുന്നത്.
വാരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ചിക്കൻ പോക്സിന് കാരണമാകുന്നത്. രോഗബാധിതന്റെ സാമീപ്യം വഴി രോഗം പകരും. കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുമ്പോൾ തന്നെ ചികിത്സ തുടങ്ങണം.
ജലജന്യരോഗങ്ങൾക്ക് സാധ്യതയേറെ
ശുദ്ധജല ലഭ്യത കുറഞ്ഞതോടെ വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യരോഗങ്ങൾ പിടിപെടാൻ സാധ്യതയേറെയാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കരുതലോടെ നീങ്ങിയാൽ പകർച്ചവ്യാധികളിൽനിന്ന് രക്ഷനേടാം. ജില്ലയിൽ പലയിടത്തും ജലക്ഷാമം രൂക്ഷമാണ്. കിണറുകൾ അടക്കമുള്ള ശുദ്ധജല സ്രോതസ്സുകളേറെയും വറ്റി. ജലദൗർലഭ്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ വെള്ളം മലിനമാകാനുള്ള സാധ്യതയേറെയാണ്. വെള്ളവും ഭക്ഷണവും വൃത്തിഹീനമാകുമ്പോഴാണ് ജലജന്യരോഗങ്ങൾ കുതിച്ചുയരുന്നത്. ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നത് മൂലമാണ് വയറിളക്കരോഗങ്ങൾ പിടിപെടുന്നത്. രോഗം കലശലാകുന്നെങ്കിൽ ചികിത്സ തേടണം. നിർത്താതെ വയറൊഴിയുക, നാക്കുവരളുക, മൂത്രത്തിന്റെ അളവിൽ കുറവുവരുക എന്നിവ രോഗം മൂർച്ഛിക്കുന്നതിന്റെ ലക്ഷണങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.