കത്തുന്ന ചൂട്; അണക്കെട്ടുകളിൽ ജലനിരപ്പ് താഴുന്നു
text_fieldsതൊടുപുഴ: കത്തുന്ന ചൂടിൽ ജില്ലയിലെ അണക്കെട്ടുകളിലും ജലാശയങ്ങളിലും ജലനിരപ്പ് താഴുന്നു. ഇടുക്കി ഉൾപ്പെടെ പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് ക്രമാതീതമായി താഴുകയാണ്. ഏറ്റവും വലിയ ഡാമായ ഇടുക്കി അണക്കെട്ടിൽ അവശേഷിക്കുന്നത് 2338.24 അടി ജലമാണ്. മൊത്തം സംഭരണശേഷിയുടെ 36 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. നാലുമാസം മുമ്പ് ഇതേ ദിവസം 2370.34 അടി ജലവും 64 ശതമാനവുമായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അതായത് 32 അടി ജലത്തിന്റെ കുറവ്.
അണക്കെട്ടിലേക്ക് നീരൊഴുക്ക് കുറഞ്ഞതിനൊപ്പം മൂലമറ്റത്ത് വൈദ്യുതോൽപാദനം ഉയർത്തിയതും ജലനിരപ്പ് താഴാൻ കാരണമായെന്ന് വൈദ്യുതി ബോർഡ് അധികൃതർ പറഞ്ഞു. ഏപ്രിൽ ആദ്യം കുറച്ചുദിവസം വേനൽമഴ പെയ്തതൊഴിച്ചാൽ കനത്ത ചൂടാണ് ജില്ലയുടെ പ്രധാന ഭാഗങ്ങളിലെല്ലാം അനുഭവപ്പെടുന്നത്. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിലൊന്നും മഴ ലഭിച്ചില്ല. ഇതുമൂലം മിക്ക അണക്കെട്ടുകളിലേക്കും നീരൊഴുക്ക് ഏറെക്കുറെ നിലച്ച മട്ടാണ്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.25 അടിയിലേക്ക് താഴ്ന്നു. ഡിസംബർ അവസാനം ജലനിരപ്പ് 142 അടിയിലേക്കെത്തിയിരുന്നു.
വേനൽ കടുത്തതും ജലനിരപ്പ് കുറയുകയും ചെയ്തതോടെ വനത്തിന്റെ ഉൾപ്രദേശങ്ങളിൽ ചെറിയ അരുവികളും നീർച്ചാലുകളുമടക്കം വറ്റിവരണ്ടു. ജില്ലയിലെ പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് ഓരോ ദിവസവും കുറയുകയാണ്.
ഏപ്രിൽ ഒന്നിന് ഇടുക്കി ജലാശയത്തിൽ 2344.26 അടി വെള്ളമുണ്ടായിരുന്നത് നിന്ന് ഏപ്രിൽ 16 ആയപ്പോൾ 2338.24 അടിയിലേക്ക് താഴ്ന്നു. രണ്ടാഴ്ചക്കിടെയുള്ള കണക്കുകൾ പരിശോധിച്ചാൽ ജില്ലയിലെ മറ്റ് അണക്കെട്ടുകളുടെ ജലനിരപ്പിലും കാര്യമായ കുറവാണ് ഉണ്ടായത്. ലോവർ പെരിയാറിൽ 250.60 മീറ്ററിൽനിന്ന് 247ലെത്തി. 453 മീറ്ററായിരുന്ന കല്ലാർകുട്ടിയിൽ ജലം 451ലേക്കെത്തി. 699.60 മീറ്ററുണ്ടായിരുന്ന പൊന്മുടിയിൽ വെള്ളം 698.45ലേക്കെത്തി. 1202.82 മീറ്ററുണ്ടായിരുന്ന ആനയിറങ്കലിൽ ജലം 1199ലെത്തി. മാട്ടുപ്പെട്ടിയിലും പൊന്മുടിയിലും രണ്ടാഴ്ചക്കിടെ ഒരടിയിലധികവും കുറഞ്ഞു.
ഹൈറേഞ്ചിലടക്കം ജലസ്രോതസ്സുകൾ അതിവേഗമാണ് വറ്റിവരളുന്നത്. കിണറുകളുടെ അവസ്ഥയും ഭിന്നമല്ല. ദിനംപ്രതിയെന്നോണം ചുടിന് കാഠിന്യം കൂടുകയാണ്.
ഈ സ്ഥിതി തുടർന്നാൽ ആഴ്ചകള്‍ക്കുള്ളില്‍ കുടിവെള്ള ലഭ്യതയും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങും.
നദികളിലും കിണറുകളിലും ദിവസവും ജലനിരപ്പ് ഗണ്യമായി കുറയുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ചെറുജലാശയങ്ങളെയടക്കം വരള്‍ച്ച ബാധിച്ചുകഴിഞ്ഞു.
ഇതുവരെ വറ്റാത്ത കുടിവെള്ള സ്രോതസ്സുകള്‍പോലും ഉണങ്ങുകയാണ്. കാര്‍ഷിക മേഖലയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.