വേനൽ കനക്കുന്നു; കുടിവെള്ള ക്ഷാമവും
text_fieldsതൊടുപുഴ: വേനൽ കനത്തതോടെ തൊടുപുഴ നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം രൂക്ഷം. നഗരസഭയുടെ ഉയർന്ന പ്രദേശങ്ങളിൽ പലയിടത്തും കുടിവെള്ളം കിട്ടാത്ത സാഹചര്യമുണ്ട്. ദിവസങ്ങൾ കഴിയുന്നതോടെ സ്ഥിതി രൂക്ഷമാകും.
പാറക്കടവ്, കൊന്നക്കാമല, കുന്നം, പട്ടയം കവല, എന്നിവിടങ്ങളിലൊക്കെ വേനൽ ശക്തി പ്രാപിക്കുന്നതോടെ കുടിവെള്ളം മുടങ്ങുന്ന പ്രദേശങ്ങളാണ്. നിലവിൽ പലയിടത്തും പൈപ്പ് പൊട്ടുന്നത് പ്രതിസന്ധിക്കിടയാക്കുന്നുണ്ട്. കരാറുകാരുടെ സമരം മൂലം പൊട്ടിയ പൈപ്പുകൾ പുനഃസ്ഥാപിക്കാൻ കാലതാമസം നേരിടുകയാണ്. കുടിശ്ശിക നൽകാത്തതിെൻറ പേരിൽ സമരം നീണ്ടുപോകുന്നതിനാൽ കരാറുകാർ പണി ചെയ്യാൻ തയാറല്ലാത്തതും പ്രതിസന്ധി വർധിപ്പിക്കുകയാണ്.
വാട്ടർ അതോറിറ്റി കരാറുകാർക്ക് അറ്റകുറ്റപ്പണി തീർത്ത വകയിൽ മാസങ്ങളുടെ കുടിശ്ശിക നൽകാനുള്ളതാണ് കരാറുകാരുടെ സമരത്തിന് കാരണം. ഇതോടെ പൈപ്പ് ലൈനിലെ അറ്റകുറ്റപ്പണികൾ മുടങ്ങിയത് ശുദ്ധജല ക്ഷാമം ഇരട്ടിയാക്കുന്നുണ്ട്. വേനൽ കനക്കുന്നതോടെ കുടിവെള്ളം കിട്ടാത്ത സ്ഥലങ്ങളിൽ നഗരസഭ ഇടപെട്ട് വെള്ളമെത്തിക്കുമെന്ന് ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു. സമീപ പഞ്ചായത്തുകളായ മുട്ടം, ഇടവെട്ടി എന്നിവിടങ്ങളിലും കുടിവെള്ള ക്ഷാമം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
മുട്ടത്ത് പൈപ്പ് പൊട്ടലും കുടിവെള്ള ക്ഷാമവും മൂലം ജനം ദുരിതത്തിലാണ്. കുടയത്തൂർ പഞ്ചായത്തിലും സ്ഥിതി വ്യത്യസ്തമല്ല. പഞ്ചായത്തിലെ മുതിയാമല, കൈപ്പ, ഞരളംപുഴ എന്നിവിടങ്ങളിലാണ് കുടിവെള്ള ക്ഷാമം രൂക്ഷം. നിരവധി കുടിവെള്ള പദ്ധതികൾ കൈപ്പ, മുതിയാമല പ്രദേശവാസികൾക്കായി ഉണ്ടെങ്കിലും വേനൽ കനക്കുന്നതോടെ വെള്ളത്തിനായി അലയേണ്ട സാഹചര്യമാണ്.
കൈപ്പ നിവാസികളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതിയാണ് തെങ്ങുംപള്ളിക്കവലയിലേത്. ഇതിനായി കുളം നിർമിച്ച് അവിടെനിന്നും വെള്ളം പമ്പ് ചെയ്ത് പുല്ലൂന്ന് പാറയിൽ നിർമിക്കുന്ന സംഭരണിയിൽ ശേഖരിക്കാനും തുടർന്ന് പൈപ്പിട്ട് ഗുണഭോക്താക്കൾക്ക് വീടുകളിലേക്ക് വിതരണം നടത്താനുമായിരുന്നു പദ്ധതി. ഇതിനായി നിശ്ചിത സ്ഥലങ്ങളിൽ പദ്ധതി അനുസരിച്ച് കുളവും സംഭരണിയും നിർമിച്ചു. എന്നാൽ, തുടക്കത്തിൽ കുറച്ചുനാൾ വെള്ളം കിട്ടിയിരുന്നെങ്കിലും പിന്നീട് തുടർച്ചയായ പൈപ്പ് പൊട്ടൽ മൂലം വെള്ളം കിട്ടാതായി. കൂടാതെ വേനലിൽ കുളത്തിൽ വെള്ളം കുറയുന്നതും തടസ്സമായി. ഇതോടെ പദ്ധതി തുടങ്ങിയിടത്ത് തന്നെ അവസാനിച്ചു.
മുതിയാമല, ഞരളം പുഴ, കൈപ്പ മേഖലകളിലെ 1000ത്തിൽ പരം കുടുംബങ്ങളാണ് വെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്. വെള്ളിയാമറ്റത്ത് നെല്ലിക്കാമലയിൽ ആരംഭിച്ച പുതിയ പദ്ധതിയിൽ നിന്ന് ഇവിടേക്ക് വെള്ളമെത്തിക്കാൻ കഴിയും. എന്നാൽ, ഇതിനായി പുതിയ പൈപ്പിടണം. നിലവിൽ നാട്ടിലുള്ള നീരുറവകളിൽ നിന്നുള്ള വെള്ളം കോരി തലച്ചുമടായി വീട്ടിലെത്തിക്കേണ്ട സ്ഥിതിയാണ്. വേനലായാൽ കുളിക്കുന്നതിനും വസ്ത്രം കഴുകുന്നതിനും കിലോമീറ്ററുകൾ അകലെയുള്ള കാഞ്ഞാർ പുഴയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
മൂന്നാറിലെ വിവിധ മേഖലകളില്‍ കുടിവെള്ള ക്ഷാമം
മൂന്നാര്‍: മൂന്നാറിലെ വിവിധ മേഖലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. പഞ്ചായത്തിെൻറ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതികള്‍ പലതും പാതിവഴിയില്‍ നിലച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
മൂന്നാര്‍ കോളനിയും സമീപ പ്രദേശങ്ങളിലും സ്വകാര്യ ഏജന്‍സികള്‍ കുടിവെള്ളത്തിനായി പിരിച്ചെടുക്കുന്നത് പതിനായിരങ്ങള്‍. കുടിവെള്ള വിതരണത്തിനും ടാങ്കുകള്‍ നിർമിക്കുന്നതിനുമായി നിരവധി പദ്ധതികളാണ് പഞ്ചായത്തിെൻറ നേതൃത്വത്തില്‍ അധികൃതര്‍ നടപ്പിലാക്കുന്നത്.
ജലനിധിയുമായി സഹകരിച്ചുകൊണ്ട് ഓരോ വീടുകളിലും വെള്ളമെത്തിക്കാന്‍ പൈപ്പുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, പദ്ധതികള്‍ ആവിഷ്കരിച്ച് മാസങ്ങള്‍ പിന്നിടുന്നതോടെ ആശാസ്ത്രീയമായ നിർമാണങ്ങള്‍ ഫലംകാണാതെ പോകുകയാണ് പതിവ്.
മൂന്നാര്‍ കോളനിയില്‍ പഞ്ചായത്തിെൻറ നേതൃത്വത്തില്‍ രണ്ട് ടാങ്കുകളാണ് നിർമാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. പത്തടിയോളം ഉയരത്തില്‍ നിർമിച്ചിരിക്കുന്ന ടാങ്കില്‍ സമീപങ്ങളിലെ അരുവികളില്‍നിന്ന് പൈപ്പുകള്‍ സ്ഥാപിച്ച് വെള്ളമെത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, അശാസ്ത്രീയ നിർമാണം മൂലം വെള്ളം ടാങ്കില്‍ കയറ്റാന്‍ കഴിഞ്ഞില്ല. ഇതോടെ പഞ്ചായത്ത് പദ്ധതി ഉപേക്ഷിച്ചു. ജലനിധിയുടെ നേതൃത്വത്തില്‍ വീടുകള്‍ തോറും പൈപ്പുകള്‍ സ്ഥാപിക്കുകയും ഉപയോഗിക്കുന്ന വെള്ളത്തിെൻറ അളവ് മനസ്സിലാക്കാന്‍ മീറ്ററുകള്‍ ഘടിപ്പിക്കുകയും ചെയ്തെങ്കിലും പദ്ധതി ഫലംകാണാതെ വന്നതോടെ സര്‍ക്കാര്‍ ഖജനാവിന് ലക്ഷങ്ങള്‍ നഷ്ടമായി.
തൊഴിലാളികള്‍ക്കായി ഭൂമി അനുവദിച്ച കുറ്റിയാര്വാലിയിലും മറിച്ചല്ല സ്ഥിതി. ദേവികുളം പഞ്ചായത്തിെൻറ ഉടമസ്ഥതയിലുള്ള കുറ്റിയാര്‍വാലിയിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി മലകള്‍ കയറിയിറങ്ങുകയാണ്. 770 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയില്‍ രാവിലെ അരമണിക്കൂര്‍ പോലും കുടിവെള്ളം ലഭിക്കുന്നില്ല. കമ്പനിയുടെ എസ്റ്റേറ്റ് മേഖലയില്‍ ചെറു അരുവികള്‍ ഉണ്ടെങ്കിലും അവിടങ്ങളില്‍നിന്ന് വെള്ളമെടുക്കാന്‍ അനുമതി ലഭിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ജനപ്രതിനിധികളുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.