വേനൽ മഴ: ഇടുക്കി ജില്ലയിൽ 2.73 കോടിയുടെ കൃഷിനാശം
text_fieldsതൊടുപുഴ: വേനൽ മഴയിൽ ജില്ലയുടെ കാർഷികമേഖലയിൽ ഉണ്ടായത് 2.73 കോടിയുടെ നാശനഷ്ടം. മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 20 വരെയുള്ള കണക്കാണിത്. വളർച്ചയുടെ വിവിധ ഘട്ടത്തിലുള്ളതും വിളവെടുക്കാറായതുമായ കാർഷികോൽപന്നങ്ങൾ ഇതിൽപ്പെടുന്നു. പ്രളയവും കോവിഡും തീർത്ത പ്രതിസന്ധിയിൽനിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് വേനൽമഴ കർഷകർക്ക് കനത്ത ആഘാതമായത്.
ജില്ലയിൽ 1261 കർഷകരുടെ 100.02 ഹെക്ടറിലെ കൃഷി നശിച്ചതായാണ് സർക്കാറിന്‍റെ കണക്ക്. അടിമാലി ബ്ലോക്കിലാണ് കൃഷിനാശം കൂടുതൽ. ഇവിടെ 255 കർഷകരുടെ 27.71 ഹെക്ടറിലെ 1.16 കോടിയുടെ കൃഷികൾ നശിച്ചു. ദേവികുളം 6.42 ലക്ഷം, ഇളംദേശം 18.46, ഇടുക്കി 26.23, കട്ടപ്പന 84.99, നെടുങ്കണ്ടം 3.68, തൊടുപുഴ 17.51 എന്നിങ്ങനെയാണ് മറ്റ് ബ്ലോക്കുകളിലെ കൃഷിനാശം.
13.80 ഹെക്ടറിലെ ഏലം കാറ്റിലും മഴയിലും നശിച്ചു. 9.66 ലക്ഷം രൂപയാണ് നഷ്ടം കണക്കാക്കുന്നത്. വാഴ 1.41 കോടി, നാളികേരം 5.43 ലക്ഷം, റബർ 23.20 ലക്ഷം, കാപ്പി 2.48 ലക്ഷം, കുരുമുളക് 62.51 ലക്ഷം, പച്ചക്കറി 2.90 ലക്ഷം എന്നിങ്ങനെയാണ് മറ്റ് പ്രധാന വിളകൾക്ക് സംഭവിച്ച നാശനഷ്ടം.
മുൻവർഷങ്ങളിൽ കൃഷിനാശം സംഭവിച്ചവർക്ക് ഇനിയും നഷ്ടപരിഹാരം ലഭിക്കാനിരിക്കെയാണ് വേനൽമഴ വൻതോതിൽ നാശം വിതച്ചത്. വായ്പയെടുത്തും ഭൂമി പാട്ടത്തിനെടുത്തും കൃഷിയിറക്കിയവർ ഇതോടെ കൂടുതൽ പ്രതിസന്ധിയിലായി. ഉൽപാദനത്തകർച്ചയും വിലയിടിവും മൂലം കർഷകർ നാളുകളായി നട്ടം തിരിയുകയാണ്. പരമ്പരാഗതമായി കൃഷി ചെയ്തിരുന്ന പലരും മറ്റ് മേഖലകളിലേക്ക് തിരിഞ്ഞു.
ഉപജീവനത്തിനായി കൃഷിയെ ആശ്രയിക്കുന്നവരെയാണ് നിലവിലെ പ്രതിസന്ധി കൂടുതൽ ബാധിക്കുന്നത്. ജില്ലയിലെ കർഷകരിൽനിന്ന് ഹോർട്ടികോർപ് സമാഹരിച്ച പച്ചക്കറിയുടെ വില ഇനിയും പൂർണമായി കൊടുത്തുതീർത്തിട്ടില്ല. വർധിച്ച ഉൽപാദനച്ചെലവിന് പുറമെ കാലാവസ്ഥാ വ്യതിയാനവും വന്യജിവി ആക്രമണവും കാർഷികമേഖലക്ക് തുടർച്ചയായ ഭീഷണി ഉയർത്തുകയാണ്.
ഇതിനിടയിൽ വിവിധ ബാങ്കുകളിൽനിന്ന് ജപ്തി നോട്ടീസ് ലഭിച്ചുതുടങ്ങിയതും കർഷകരെ ആശങ്കയിലാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.