നീലക്കുറിഞ്ഞിയുടെ നാട്ടിൽ മഞ്ഞവസന്തം തീർത്ത് സൂര്യകാന്തി
text_fieldsഅടിമാലി: ബൈസൺവാലിയിൽ വീണ്ടും സൂര്യകാന്തി വസന്തം. ബൈസൺവാലി-രാജാക്കാട് റോഡിൽ നാൽപതേക്കറിന് സമീപമാണ് ഒരേക്കറോളം സ്ഥലത്ത് സൂര്യകാന്തി പൂവിട്ട് നിൽക്കുന്നത്.
ബൈസൺവാലി പുതിയവീട്ടിൽ ജിജോയുടേതാണ് സൂര്യകാന്തിപ്പാടം. കൃഷി ചെയ്ത് മൂന്നുമാസം കൊണ്ട് പൂവിട്ട സൂര്യകാന്തി കാണാൻ നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.
കഴിഞ്ഞവർഷം മുട്ടുകാട് പാടശേഖരത്തിൽ അരയേക്കറിലധികം പാട്ടത്തിന് എടുത്ത് ജിജോ സൂര്യകാന്തി കൃഷി ചെയ്തിരുന്നു.
ബൈസൺവാലി പഞ്ചായത്തിലെ മുട്ടുകാട്ടിലുള്ള സൂര്യകാന്തിപ്പാടം കാണാൻ ആയിരക്കണക്കിന് സഞ്ചാരികളാണ് കഴിഞ്ഞ വർഷം എത്തിയത്. ഇതേ തുടർന്നാണ് ഈ വർഷം നാൽപതേക്കറിന് സമീപം സ്വന്തമായ ഒരേക്കറോളം സ്ഥലത്ത് സൂര്യകാന്തി കൃഷി ചെയ്തത്.
തമിഴ്നാട്ടിൽനിന്നാണ് വിത്ത് വാങ്ങിയത്. ബൈസൺവാലി മേഖലയിൽ റോഡരികിൽ ഭൂമിയുള്ളവർക്ക് സൗജന്യ നിരക്കിൽ വിത്ത് എത്തിച്ചുനൽകുമെന്ന് ജിജോ പറഞ്ഞു. കൃഷിച്ചെലവുകൾ ഇരട്ടിയായതിനാൽ സൂര്യകാന്തിപ്പാടം കാണാൻ എത്തുന്നവരിൽനിന്ന് 20 രൂപ ഫീസ് ഈടാക്കുന്നുണ്ട്.
കഴിഞ്ഞ വർഷം മുട്ടുകാട്ടിൽ സൂര്യകാന്തി കൃഷി ചെയ്തിരുന്ന അരയേക്കറിലും ഇതിന് സമീപം പാട്ടത്തിനെടുത്ത ഒന്നരയേക്കറിലും ഇത്തവണ ജിജോ നെൽകൃഷിയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.