ക്രമക്കേട് ചൂണ്ടിക്കാട്ടിയ ഇന്റേണൽ ഓഡിറ്റർക്ക് സസ്പെൻഷൻ; പൊട്ടൻകാട് സഹകരണ ബാങ്ക് ഭരണസമിതി വിവാദത്തിൽ
text_fieldsപൊട്ടൻകാട്: സി.പി.എം ഭരിക്കുന്ന പൊട്ടൻകാട് സഹകരണ ബാങ്കിലെ ക്രമക്കേടുകൾ സംബന്ധിച്ച് സഹകരണ സംഘം രജിസ്ട്രാർക്ക് പരാതി നൽകിയ ബാങ്ക് ജീവനക്കാരിയെ ഭരണസമിതി ഇടപെട്ട് സസ്പെൻഡ് ചെയ്തത് വിവാദത്തിൽ. പൊട്ടൻകാട് സഹകരണ ബാങ്കിലെ ഇന്റേണൽ ഓഡിറ്ററായ കെ.ആർ. ഗീതയെയാണ് ബാങ്കിന്റെ സൽപേരിന് കളങ്കമുണ്ടാക്കിയെന്നാരോപിച്ച് കഴിഞ്ഞദിവസം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
സഹകരണ നിയമം വകുപ്പ് 79 എ പ്രകാരം സഹകരണ സംഘം ജീവനക്കാർക്ക് സ്ഥാപനത്തിലെ ക്രമക്കേടുകളെക്കുറിച്ചു പരാതി നൽകാൻ വ്യവസ്ഥയുണ്ട്. ഇതിനെതിരെ അച്ചടക്ക നടപടി പാടില്ലെന്നും നിയമത്തിലുണ്ടെന്ന് ഗീത പറയുന്നു. നവംബർ 22നാണ് ഗീത സഹകരണ സംഘം രജിസ്ട്രാർക്കു പരാതി നൽകിയത്.
പരാതി അന്വേഷിക്കാൻ സഹകരണ സംഘം രജിസ്ട്രാർ ഓഫിസിലെ ഡെപ്യൂട്ടി രജിസ്ട്രാറെ (ഇൻസ്പെക്ഷൻ സെൽ) ചുമതലപ്പെടുത്തിയതായി കഴിഞ്ഞ 30ന് അഡീഷനൽ രജിസ്ട്രാറുടെ അറിയിപ്പും വന്നു.
എന്നാൽ, ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. സി.പി.എം നേതൃത്വം ഇടപെട്ട് അന്വേഷണം അട്ടിമറിച്ചെന്നും ആരോപണമുണ്ട്. ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്ന് അന്വേഷിക്കുന്നതിന് പകരം നടപടിയെടുത്തതിൽ ഭരണസമിതിയിൽ തന്നെ ഭിന്നതയുണ്ടെന്നാണ് സൂചന. 2013 മുതൽ ബാങ്കിൽ നടന്ന ക്രമക്കേടുകൾ സംബന്ധിച്ച് ഗീത നൽകിയ പരാതിയിൽ 38 ഗുരുതര ആരോപണങ്ങളാണുള്ളത്.
സെക്രട്ടറി ചാർജുള്ളവരുടെ അക്കൗണ്ടിലേക്ക് ബാങ്ക് വൗച്ചർ ചെലവ് എഴുതി വരവുവെച്ചു, സ്വയംസഹായ സംഘങ്ങൾക്കു വഴിവിട്ട് വായ്പ നൽകി കുടിശ്ശിക വരുത്തി, ഓരോ ശാഖകളിൽ വായ്പകൾക്കു പലതരത്തിൽ പലിശ ഈടാക്കുന്നു, ചെലവുകൾക്കു വ്യാജ ബില്ലുകൾ തയാറാക്കി ഈ തുകകൾ സെക്രട്ടറി, അല്ലെങ്കിൽ അസിസ്റ്റന്റ് സെക്രട്ടറി, ശാഖ മാനേജർ, കാഷ്യർ എന്നീ എസ്.ബി അക്കൗണ്ടുകളിലേക്ക് വരവുവെക്കുകയും തുക ജോയന്റായി പിൻവലിക്കുകയും ചെയ്തു, ചിന്നക്കനാൽ സഹകരണ ബാങ്കുമായി ചേർന്ന് പെട്രോൾ പമ്പ്, ഹൈഡൽ ടൂറിസം പദ്ധതികൾ ആരംഭിക്കാൻ വൻ തുക നഷ്ടം വരുത്തുകയും പദ്ധതികൾ പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങൾ.
കഴിഞ്ഞ ജനുവരിയിൽ നടന്ന ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുടുംബഭരണം മൂലം ബാങ്ക് നഷ്ടത്തിലായെന്ന പ്രചാരണമുണ്ടാകുകയും 10 കോടിയോളം രൂപ ഒറ്റയടിക്ക് നിക്ഷേപകർ പിൻവലിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.
എം.എം. മണി എം.എൽ.എ മുമ്പ് രണ്ടുതവണ ഡയറക്ടർ ബോർഡ് അംഗമായിരുന്ന പൊട്ടൻകാട് സഹകരണ ബാങ്കിൽ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ഷൈലജ സുരേന്ദ്രനും ഭർത്താവ് പി.എ. സുരേന്ദ്രനും പ്രസിഡന്റായിരുന്നിട്ടുണ്ട്. വി.പി. ചാക്കോയാണ് നിലവിലെ പ്രസിഡന്റ്. ഗീതയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഏത് അന്വേഷണവും നേരിടാൻ തയാറാണെന്നുമാണ് ഭരണസമിതി നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.