വന്യമൃഗശല്യം വിവരശേഖരണത്തിന് കർമസേന
text_fieldsതൊടുപുഴ: വന്യമൃഗശല്യം രൂക്ഷമായ സ്ഥലങ്ങളിൽ പ്രദേശവാസികൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ടറിയാനും അവരിൽനിന്ന് പരിഹാര നിർദേശങ്ങൾ തേടാനും കർമസേന വിവരശേഖരണത്തിനൊരുങ്ങുന്നു.
മനുഷ്യ-വന്യമൃഗ സംഘർഷം തടയാൻ രൂപവത്കരിച്ച കർമസേനയുടെ നേതൃത്വത്തിലാണ് വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്ന പ്രദേശവാസികളിൽനിന്നും ജന പ്രതിനിധികളിൽനിന്നുമടക്കം വിവരം ശേഖരിക്കുന്നത്. ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ പി.എ. സിറാജുദ്ദീനാണ് കർമ സേനയുടെ അധ്യക്ഷൻ.
മനുഷ്യനും മൃഗങ്ങളും തമ്മിൽ സംഘർഷമുള്ള മേഖലയിലെ യഥാർഥപ്രശ്നം കണ്ടെത്തി ശാശ്വത പരിഹാരം ഉണ്ടാക്കുകയാണ് ടാസ്ക് ഫോഴ്സിന്റെ ലക്ഷ്യം. മൃഗങ്ങൾ വനത്തിനുള്ളിൽനിന്ന് പുറത്തേക്കിറങ്ങാനുള്ള സാഹചര്യമെന്തെന്നടക്കമുള്ള വിവരങ്ങൾ ശേഖരിക്കും.
ഉദ്യോഗസ്ഥരുടെയടക്കം സാന്നിധ്യം ഉറപ്പാക്കിയാണ് വിവരശേഖരണം. ഏതൊക്കെ സമയങ്ങളിലാണ് ആന ശല്യം, ജനങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിൽ ആനത്താരകൾ ഉണ്ടോ എന്നതടക്കം പരിശോധിക്കും. ഈ മാസം തന്നെ വിവരശേഖരണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിനോദ സഞ്ചാരികളും പ്രദേശവാസികളുമടക്കമുള്ളവർ വനമേഖലകളിൽ കടന്നുകയറുന്നത് ഒഴിവാക്കണമെന്ന് കർമസേന ചൂണ്ടിക്കാട്ടുന്നു. പലയിടങ്ങളിലും വന മേഖലയിലേക്കുള്ള കടന്നുകയറ്റം കൂടുന്നതായാണ് കണ്ടെത്തൽ.
വന്യമൃഗശല്യം നേരിടുന്ന പഞ്ചായത്തുകളിലെ മാലിന്യ സംസ്കരണത്തിനുള്ള സ്ഥലപരിമിതിയും വന്യമൃഗ ശല്യത്തിന് ഒരു പരിധിവരെ കാരണമാകുന്നുണ്ടെന്ന് കർമസേന ചൂണ്ടിക്കാട്ടുന്നു. ഇവർക്ക് മാലിന്യസംസ്കരണത്തിന് അനുയോജ്യമായ സ്ഥലം ലഭ്യമാകേണ്ടതുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ കർമസേന കൺവീനർ കൂടിയായ ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറി പി.എ. സിറാജുദ്ദീൻ ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
വനമേഖലയിൽ വേണ്ടത്ര ഭക്ഷണവും വെള്ളവും ഒരുക്കേണ്ടതുണ്ട്. ഇതിനായി എന്തൊക്കെ ചെയ്യാൻ കഴിയും എന്ന കാര്യങ്ങളടക്കം പഠിച്ച് ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തി കോടതിയിൽ വീണ്ടും റിപ്പോർട്ട് നൽകുമെന്നും ഇദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാരമെന്ന പേരിൽ വനമേഖലയിൽ ടെന്റ് കെട്ടിയുള്ള താമസവും കൃഷി ആവശ്യങ്ങൾക്കടക്കം വനം കൈയേറുന്നത് തടയണമെന്നും നിർദേശമുണ്ട്.
മൂന്നാറിൽ കടുവ പശുവിനെ കൊന്നു
മൂന്നാർ: അഞ്ചു മാസം ഗർഭിണിയായ പശുവിനെ കടുവ ആക്രമിച്ചു കൊന്നു. കണ്ണൻ ദേവൻ കമ്പനി ദേവികുളം എസ്റ്റേറ്റ് ഒ.ഡി.കെ ഡിവിഷനിൽ റോബർട്ടിന്റെ പശുവാണ് ചത്തത്. ആറു മാസത്തിനിടെ വന്യമൃഗ ആക്രമണത്തിലും മിന്നലേറ്റും ഇദ്ദേഹത്തിന്റെ അഞ്ച് പശുക്കളാണ് ചത്തത്.
വെള്ളിയാഴ്ച മേയാൻ അഴിച്ചുവിട്ടിരുന്ന പശു തിരിച്ചു വരാതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ തൊഴിലാളി ലയങ്ങൾക്ക് 200 മീറ്റർ ദൂരെ തേയിലത്തോട്ടത്തിൽ കടുവ പകുതി ഭക്ഷിച്ച നിലയിലാണ് പശുവിന്റെ ജഡം കണ്ടത്. തോട്ടം തൊഴിലാളിയായ റോബർട്ട് അധിക വരുമാനം കണ്ടെത്തുന്നതിനാണ് പശുക്കളെ വളർത്തിയിരുന്നത്. ആറു മാസം മുമ്പ് മൂന്ന് പശുക്കളെ കടുവ കൊന്നിരുന്നു. രണ്ട് പശുക്കൾ രണ്ട് മാസം മുമ്പ് മിന്നലേറ്റ് ചാവുകയും ചെയ്തു. കൊളുന്ത് എടുക്കാൻ പോകുകയായിരുന്ന സ്ത്രീ തൊഴിലാളികൾക്ക് മുന്നിൽ നാലു മാസം മുമ്പ് കടുവ പ്രത്യക്ഷപ്പെട്ടതും ഈ ഡിവിഷനിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.