തകരുന്ന ലയങ്ങളിലെ നരകജീവിതം
text_fieldsഉടമ ഉപേക്ഷിച്ച പീരുമേട് ടീ കമ്പനിയുടെ തകർന്നുവീഴാറായ ലയങ്ങളിൽ നരകജീവിതം പേറി കഴിയുന്നത് അഞ്ഞൂറിലേറെ തൊഴിലാളി കുടുംബങ്ങളാണ്. മഴ കനത്താൽ, കാറ്റ് വീശിയാൽ ഇവർക്ക് ഭീതിയാണ്.
പീരുമേട് ടീ കമ്പനിയിൽ 1200 സ്ഥിരം തൊഴിലാളികളും അത്രതന്നെ താൽക്കാലിക തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. ഭൂരിപക്ഷവും കഴിഞ്ഞിരുന്നത് ഒറ്റ മുറി ലയങ്ങളിലാണ്.
മേൽക്കൂര ഒാടും ഷീറ്റും മേഞ്ഞതാണ്. കാലപ്പഴക്കം മൂലം പലതും തകർന്ന് വീഴാവുന്ന നിലയിലാണ്. മഴക്കാലത്ത് ലയം തകർന്ന് തൊഴിലാളികൾക്ക് അപകടം ഉണ്ടാകുന്നത് പതിവാണ്. കഴിഞ്ഞ മേയിലെ ശക്തമായ മഴയിലും കാറ്റിലും രണ്ട് ലയം തകർന്ന് ആറ് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു.
കാറ്റാടികവല സൂപ്രവൈസർ ക്വാർട്ടേഴ്സിൽ പുത്തൻപുരക്കൽ ജയ്മോൻ, ഭാര്യ ചെല്ലത്തായി, മകൾ ശ്രീജ, രണ്ടാം ഡിവിഷൻ മുരുകൻ കങ്കാണി 17 മുറി ലയത്തിൽ മുത്തയ്യൻ, ജ്ഞാന ശെൽവി, അലമേൽ എന്നിവർക്കാണ് മേൽക്കൂര തകർന്നുവീണ് പരിക്കേറ്റത്. ഇവരുടെ തൊട്ടടുത്ത തേവർ ലയത്തിെൻറ മേൽക്കൂര തകർന്നെങ്കിലും ഇവിടെ താമസിച്ചിരുന്ന ക്രിസ്തുരാജും കുടുംബവും രക്ഷപ്പെടുകയായിരുന്നു.
പ്രതീക്ഷയുണ്ട്; എന്നെങ്കിലും തുറക്കുമെന്ന്
എന്നെങ്കിലും ഒരിക്കൽ ഫാക്ടറി തുറക്കുമെന്നും തങ്ങളുടെ ദുരിതം തീരുമെന്നുമാണ് തൊഴിലാളികളുടെ പ്രതീക്ഷ. ഉടമ കമ്പനി ഉപേക്ഷിക്കുമ്പോൾ മൂന്ന് വർഷത്തെ ബോണസ്, എട്ട് മാസത്തെ ശമ്പള കുടിശ്ശിക ഉൾപ്പെടെ പതിനായിരക്കണക്കിന് രൂപ തൊഴിലാളികൾക്ക് ലഭിക്കാനുണ്ടായിരുന്നു. മാറ്റാനുകൂല്യങ്ങൾ വേറെയും. അന്ന് ഉണ്ടായിരുന്ന തൊഴിലാളികളിൽ ഭൂരിഭാഗത്തിനും ഇപ്പോൾ പെൻഷൻ പ്രായം കഴിഞ്ഞു. തോട്ടം തുറന്നാൽ ഇവർക്കുള്ള ആനുകൂല്യങ്ങൾ നൽകുകയും പുതിയ തൊഴിലാളികളെ കണ്ടെത്തുകയും വേണം. അതിനാൽ ഉടമ തോട്ടം തുറക്കുമോ എന്ന ആശങ്കയും ലയങ്ങളിൽതന്നെ ശിഷ്ടകാലം കഴിച്ചുകൂട്ടേണ്ടി വരുമെന്ന ഭീതിയും ഇവർ പങ്കുവെക്കുന്നു.
ദുരിതക്കൊടുമുടിയിൽ നിരവധി കുടുംബങ്ങൾ
പൊട്ടിപ്പൊളിഞ്ഞ ലയങ്ങൾ, അടുപ്പിൽ തീ എരിക്കാനും പട്ടിണി മാറ്റാനും പുറത്ത് പണിക്ക് പോകുന്ന തൊഴിലാളികൾ, അവരുടെ വരവും കാത്തിരിക്കുന്ന കുഞ്ഞുങ്ങളും പ്രായമായവരും. വൈദ്യുതിയോ കുടിവെള്ളമോ ഇല്ലാത്ത ലയങ്ങൾ ഇതൊക്കെയാണ്. പീരുമേട് ടീ കമ്പനി തൊഴിലാളികൾ 20 വർഷമായി നേരിട്ടുകൊണ്ടിരിക്കുന്നത് ഈ ദുരിതമാണ്.
ഉടമ ഉപേക്ഷിച്ച ശേഷം 21 വർഷത്തിനിടെ പീരുമേട് ടീ കമ്പനിയുടെ ലയങ്ങളിൽ ഒന്നിലും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. 2000 ഡിസംബർ 13നാണ് പീരുമേട് ടീ കമ്പനി ഉടമ തോട്ടം ഉപേക്ഷിച്ചത്. പിന്നീട് ഒരിക്കലും ഉടമ തോട്ടം സന്ദർശിച്ചിട്ടില്ല. എട്ടുവർഷം മുമ്പ് പാട്ടക്കരാറിെൻറ അടിസ്ഥാനത്തിൽ തോട്ടം തുറന്നെങ്കിലും വൈകാതെ പാട്ടക്കാരനും തോട്ടം ഉപേക്ഷിച്ചു.
21 വർഷം മുമ്പ് ഉടമ ഉപേക്ഷിച്ച ശേഷം പീരുമേട് ടീ കമ്പനിയുടെ മൂന്ന് ഡിവിഷനിലെയും തൊഴിലാളി കുടുംബങ്ങൾ ദുരിതക്കൊടുമുടിയിലാണ്. അടുത്ത നാളിൽ പ്ലാേൻറഷൻ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലയങ്ങളിൽ കുടിവെള്ളവും വൈദ്യുതിയും എത്തിച്ചു. എന്നാൽ, തൊഴിലാളികളുടെ പ്രാഥമികസൗകര്യമടക്കമുള്ള കാര്യങ്ങളിൽ ഇപ്പോഴും പൂർണമായ ഇടപെടൽ ഉണ്ടായിട്ടില്ല. പട്ടിണിയിലായ തൊഴിലാളികൾക്ക് സ്വന്തം പോക്കറ്റിൽനിന്ന് പണം മുടക്കി ഇല്ലാതായ സൗകര്യങ്ങൾ ഉണ്ടാക്കാനാവില്ല.
ജോലിയും കൂലിയും ഇല്ലാതായ തൊഴിലാളികളെ സഹായിക്കാൻ യൂനിയനുകൾ ഇടപെട്ടിരുന്നു. തേയില പച്ചക്കൊളുന്ത് നുള്ളിയെടുത്ത് വിറ്റ് പട്ടിണി മാറ്റാൻ തോട്ടം തൊഴിലാളികൾക്ക് വീതം െവച്ചുനൽകുകയായിരുന്നു. ഓരോ തൊഴിലാളിക്കും 500 തേയിലച്ചെടികൾ എന്ന കണക്കിനാണ് വീതംെവച്ചു നൽകിയത്. ഇപ്പോഴും ഇങ്ങനെ കൊളുന്തെടുത്ത് വിറ്റാണ് മിക്ക കുടുംബങ്ങളും പട്ടിണി മാറ്റുന്നത്. സർക്കാറിെൻറ സൗജന്യ റേഷനാണ് മറ്റൊരു ആശ്രയം. മരുന്ന് വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമുള്ള പണം കണ്ടെത്താൻ തൊഴിലാളികൾക്ക് കഴിയുന്നില്ല. കൊളുന്തെടുത്താലും ജീവിക്കാനുള്ള തുക ലഭിക്കാതായതോടെ ഒട്ടേറെ തൊഴിലാളികൾ ഇവിടം ഉപേക്ഷിച്ചു. വർഷങ്ങളായി ജോലി ചെയ്തതിെൻറ ആനുകൂല്യങ്ങൾ ലഭ്യമാകാതെ നൂറുകണക്കിന് ആളുകൾ രോഗബാധിതരായി ലയങ്ങളിൽ കഴിച്ചുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.