അധ്യാപകരും പി.ടി.എ കമ്മിറ്റികളും കടക്കെണിയിലേക്ക്; 800 രൂപ തരും എപ്പോഴെന്ന് ചോദിക്കരുത് 100 ഊണ് കൊടുക്കണം!
text_fieldsഅടിമാലി: അധ്യയനം തുടങ്ങി മൂന്നാം മാസത്തിലേക്ക് കടന്നിട്ടും ഉച്ചഭക്ഷണ ഫണ്ട് സ്കൂളുകളിൽ എത്താത്തത് വൻ പ്രതിസന്ധി സൃഷ്ടിക്കുന്നതായി പരാതി. ഭക്ഷണം നൽകുന്നത് മുടങ്ങാതിരിക്കാൻ കടം വാങ്ങിയും കൈയിലെ പണമിറക്കിയും വലിയ സാമ്പത്തിക ബാധ്യതയിൽ എത്തിയിരിക്കുകയാണ് പ്രധാനാധ്യാപകനും ഭക്ഷണ ചുമതലയുള്ള അധ്യാപകനും. നല്ല ചോറും ഉശിരൻ കറികളുമൊക്കെയാണ് എല്ലാ സ്കൂളിലും കുട്ടികൾക്ക് നൽകുന്നത്.
പി.ടി.എക്ക് ചുമതലയുള്ള ഇടങ്ങളിൽ ഭാരവാഹികളുടെ കീശയും കാലിയായിത്തുടങ്ങി. ഉച്ചഭക്ഷണ പദ്ധതിക്ക് സർക്കാറിൽനിന്ന് ഇതുവരെ ഫണ്ട് അലോട്ട്മെന്റ് ചെയ്യാത്തതാണ് പ്രധാന പ്രശ്നം.
കേന്ദ്രം 80 ശതമാനവും സംസ്ഥാനം 20 ശതമാനവും ചെലവഴിച്ചാണ് സ്കൂളുകളിൽ ഭക്ഷണ പദ്ധതി നടപ്പാക്കിവരുന്നത്. സർക്കാർ ഫണ്ട് നിലച്ചാലും ഉച്ചഭക്ഷണ പദ്ധതി നിർത്താൻ കഴിയില്ലെന്ന് അധ്യാപകർ പറയുന്നു. നിർധന വിദ്യാർഥികളും ഗോത്ര വിദ്യാർഥികളും ഏറെയുള്ള ജില്ലയിൽ സ്കൂളിലെ ഉച്ചഭക്ഷണം കൂടി നിലച്ചാൽ കൊഴിഞ്ഞുപോക്ക് വർധിക്കും.
• കുട്ടിക്ക് എട്ടുരൂപ!...
2016ലെ നിരക്കിലാണ് ഇപ്പോഴും ഉച്ചഭക്ഷണ ഫണ്ട് അനുവദിക്കുന്നത്. ശരാശരി ഒരു കുട്ടിക്ക് ഏഴുമുതൽ എട്ട് രൂപ വരെയാണ് നൽകുന്നത്. പാചകവാതകത്തിനടക്കം പല ഇരട്ടി വില വർധിച്ചപ്പോഴാണ് തുക പഴയനിരക്കിൽ തുടരുന്നത്. ആഴ്ചയിൽ രണ്ടുദിവസം പാലും മുട്ടയും ഉച്ചക്ക് തോരനടക്കം കറികൾ. ആദ്യത്തെ 150 കുട്ടികൾക്ക് എട്ടുരൂപയും 380 വരെ ഏഴുരൂപയും പിന്നീട് ഒരു കുട്ടിക്ക് ആറ് രൂപയുമാണ് നൽകുന്നത്. കൂടുതൽ കുട്ടികളുള്ള സ്കൂളിൽ ശരാശരി ഏഴുരൂപ ലഭിക്കും.
100 കുട്ടികളുള്ള സ്കൂളിന് ഒരു നേരത്തെ ഭക്ഷണത്തിന് 800 രൂപയാണ് ലഭിക്കുക. 800 രൂപക്ക് 100 ഊണ് എങ്ങനെ വിളമ്പുമെന്ന് ചിന്തിച്ചാൽ മതി. ഈ സാഹചര്യത്തിൽ തുക വർധിപ്പിക്കുന്നതോടൊപ്പം കൃത്യമായി പണം നൽകാൻ സർക്കാർ തയാറാകണമെന്നാണ് ആവശ്യം.
• തൊഴിലാളികളും പരിഭവത്തിൽ
പാചകത്തൊഴിലാളികൾക്കും സ്കൂൾ തുറന്ന് രണ്ട് മാസം പിന്നിട്ടിട്ടും വേതനം ലഭിച്ചിട്ടില്ല. 501ന് മുകളിൽ കുട്ടികളുണ്ടെങ്കിൽ രണ്ട് പാചകക്കാരെയാണ് അനുവദിക്കുക. 1500ന് മുകളിൽ വിദ്യാർഥികളുള്ള സ്കൂളിലും രണ്ടുപേർ മാത്രമാണുള്ളത്. ഇതിന് മാറ്റം വരുത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
•നിർധന വിദ്യാർഥികളും ഗോത്ര വിദ്യാർഥികളും ഏറെയുള്ള ജില്ലയിൽ സ്കൂളിലെ ഉച്ചഭക്ഷണം കൂടി നിലച്ചാൽ കൊഴിഞ്ഞുപോക്ക് വർധിക്കും
• ഇപ്പോഴും ഉച്ചഭക്ഷണ ഫണ്ട് അനുവദിക്കുന്നത് 2016ലെ നിരക്കിൽ
• വേതനം ലഭിക്കാതെ വലഞ്ഞ് പാചകത്തൊഴിലാളികളും
• 1500ന് മുകളിൽ വിദ്യാർഥികളുള്ള സ്കൂളിലും രണ്ടുപാചകക്കാർ മാത്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.