സ്കൂട്ടറിൽ ആ യാത്ര; ഓർമകളുമായി മന്ത്രി റോഷി അഗസ്റ്റിൻ
text_fieldsഇടുക്കി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെക്കുറിച്ചുള്ള ഒരുമിച്ച് പ്രവർത്തിച്ച കാലത്തെ ഓർമകൾ പങ്കുവെച്ച് മന്ത്രി റോഷി അഗസ്റ്റിൻ. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി ഇടുക്കിയിൽ ഒരു പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ സ്കൂട്ടറിന്റെ പിന്നിലിരുത്തി വേദിയിലെത്തിച്ചതും പിന്നീട് ഇടുക്കി ഫെസ്റ്റിൽനിന്ന് ഹെലികോപ്ടറിൽ വൈക്കത്തെത്തിച്ചതുമായ അനുഭവങ്ങളാണ് റോഷി ഓർത്തെടുത്തത്.
ചെറുതോണിയിൽനിന്ന് ഇടുക്കി ആർച്ച് ഡാമിന് മുൻഭാഗത്തുള്ള ഐ.ഡി.എ സ്റ്റേഡിയത്തിലേക്കുള്ള യാത്രക്കിടെ പതിവുപോലെ ജനക്കൂട്ടം അദ്ദേഹത്തെ പൊതിഞ്ഞു. റോഡുകൾ നിശ്ചലമായി. എന്തുചെയ്യണമെന്ന് നിശ്ചയമില്ലാതെ പൊലീസും സംഘാടകരും. പൊതുയോഗത്തിന് എത്തേണ്ട സമയം വല്ലാതെ വൈകുന്നതിൽ ഉമ്മൻ ചാണ്ടി അസ്വസ്ഥനായി. ഒപ്പമുണ്ടായിരുന്ന റോഷി അവിടെ ഉണ്ടായിരുന്ന ഒരു പ്രവർത്തകന്റെ സ്കൂട്ടർ വാങ്ങി. പിന്നിലോട്ട് കേറിക്കോ സാറേ...എന്നുപറഞ്ഞപ്പോൾ അനുസരണയുള്ള കുട്ടിയെപ്പോലെ അദ്ദേഹം പിന്നിൽ കയറി. തിരക്കിനിടയിലൂടെ സ്കൂട്ടർ യോഗസ്ഥലത്തേക്ക് പാഞ്ഞു. അതായിരുന്നു ഉമ്മൻ ചാണ്ടി.
രണ്ടാമത്തെ സംഭവം നടക്കുന്നത് 2014 ലാണ്. ഇടുക്കി ഫെസ്റ്റിന്റെ സമാപന സമ്മേളത്തിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ പങ്കെടുപ്പിക്കണമെന്ന് സംഘാടകർക്ക് ആഗ്രഹം. എം.എൽ.എയായ റോഷി ഇക്കാര്യം അദ്ദേഹത്തോട് ഫോണിൽ പറഞ്ഞപ്പോൾ മറ്റു ചില പരിപാടികൾ മൂലം അസൗകര്യമാണെന്ന് പറഞ്ഞു. നാലു മണിക്ക് വൈക്കത്ത് ഒരു പരിപാടിയുണ്ടെന്നതായിരുന്നു പ്രധാന തടസ്സം.
സാറ് വരുമെങ്കിൽ ഹെലികോപ്ടർ സംഘടിപ്പിക്കാം എന്നായി റോഷി. അദ്ദേഹത്തെ കൊണ്ടുവരാൻ അത്രക്ക് ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ഉമ്മൻ ചാണ്ടി ഒടുവിൽ സമ്മതിച്ചു. പക്ഷേ, ഒരുകാര്യം ആവശ്യപ്പെട്ടു. കൃത്യം നാലിന് തിരികെ വൈക്കത്ത് എത്തിക്കണം. തുടർന്ന് ചെറുതോണിയിലേക്ക് കാറിൽ എത്തിയ ഉമ്മൻ ചാണ്ടിയെ പരിപാടി കഴിഞ്ഞ് ഹെലികോപ്ടർ വാടകക്ക് എടുത്ത് കൃത്യസമയത്തുതന്നെ വൈക്കത്ത് എത്തിച്ചു.
എത്ര അസൗകര്യമുണ്ടെങ്കിലും സ്നേഹപൂർണമായ നിർബന്ധത്തിന് വഴങ്ങാതിരിക്കാൻ അദ്ദേഹത്തിന് കഴിയില്ല. തിരക്കുകൾക്കിടയിലും തനിക്ക് സാധിക്കുന്നിടത്തൊക്കെ എത്താനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. സ്കൂട്ടറും ഹെലികോപ്ടറും കാറും കാൽനടയായും എല്ലാം അദ്ദേഹം തന്റെ യാത്ര പൂർത്തിയാക്കിയതായി മന്ത്രി എഴുതുന്നു. ഇനി അവസാന യാത്ര, ജനസാഗരത്തിന് നടുവിലൂടെ, ആ യാത്രയും അദ്ദേഹം ചിരിച്ചുകൊണ്ടു പൂർത്തിയാക്കും. പ്രാർഥനകൾ.. റോഷി ഫേസ്ബുക്കിൽ കുറിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.