പഴയത് പൊളിച്ചുമാറ്റി, പുതിയത് നിർമിച്ചതുമില്ല; വാടകക്കെട്ടിടത്തിലെ അംഗൻവാടി ചോർന്നൊലിക്കുന്നു
text_fieldsകുളമാവ്: പഴയ അംഗൻവാടി കെട്ടിടം പൊളിച്ചു നീക്കി ഒരുവർഷം പിന്നിട്ടിട്ടും പുതിയ കെട്ടിട നിർമാണം ആരംഭിച്ചില്ല. നാടുകാണി അംഗൻവാടി കെട്ടിടത്തിന്റെ നിർമാണമാണ് വൈകുന്നത്. ഇത് കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ ദുരിതത്തിലാക്കി.
നിലവിൽ വാടക കെട്ടിടത്തിലാണ് അംഗൻവാടി പ്രവർത്തിക്കുന്നത്. അഞ്ചു കുട്ടികളാണ് നിലവിൽ അംഗൻവാടിയിലുള്ളത്. കെട്ടിടത്തിൽ വെള്ളമില്ലാത്തതിനാൽ നാട്ടുകാർ തലച്ചുമടായി വെള്ളം എത്തിക്കുകയാണ് പതിവ്. ഇപ്പോൾ പ്രവർത്തിക്കുന്ന അംഗൻവാടിയിലേക്കുള്ള റോഡ് ഏറെ ദുർഘടമാണ്. റോഡിൽ വെള്ളക്കെട്ടായതിനാൽ കുട്ടികൾ ഏറെ ബുദ്ധിമുട്ടിയാണ് ഇവിടെ എത്തുന്നത്. കൂടാതെ മഴക്കാലത്ത് നിലവിലെ കെട്ടിടം ചോർന്നൊലിക്കും. ഈ സ്ഥിതി തുടർന്നാൽ കുട്ടികൾ അംഗൻവാടി ഉപേക്ഷിക്കേണ്ടിവരുമെന്നാണ് ഇവർ പറയുന്നത്.
അംഗൻവാടി നിർമാണം പൂർത്തിയാക്കാൻ വൈകിയത് ഫണ്ടില്ലാതിരുന്നതിനാലാണെന്ന് പഞ്ചായത്ത് അംഗം രാജി ചന്ദ്രശേഖർ പറഞ്ഞു. ഇപ്പോൾ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച തന്നെ പുതിയ അംഗൻവാടി കെട്ടിടത്തിന്റെ നിർമാണം തുടങ്ങുമെന്നും പഞ്ചായത്ത് അംഗം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.