പുറ്റടി സ്പൈസ് പാർക്കിലെ ഏലക്ക ഇ–ലേലം തമിഴ്നാട്ടിലേക്ക് മാറ്റാൻ നീക്കം
text_fieldsകട്ടപ്പന: ഏലക്ക ഇ - ലേലം തമിഴ്നാട്ടിലേക്ക് മാറ്റാൻ ഗൂഢ നീക്കം. ഏലം വില ഇടിക്കാൻ ഉത്തരേന്ത്യൻ ലോബിയും സ്പൈസസ് ബോർഡ് ഉദ്യോഗസ്ഥരും നടത്തുന്ന ഒത്തുകളിയെന്നാണ് ആക്ഷേപം. ലോക്ക് ഡൗണിനെ തുടർന്ന് പ്രതിസന്ധി നേരിടുന്ന ഏലക്ക വിപണിയെ തകർക്കാനും ഏലംവില ഇടിക്കാനും നടത്തുന്ന ഒത്തുകളിയുടെ ഭാഗമാണ് ഇ ലേലകേന്ദ്രം തമിഴ്നാട്ടിലേക്ക് മാറ്റാനുള്ള നീക്കം.
സ്പൈസ് ബോർഡ് വൈസ് ചെയർമാൻ സ്റ്റേനി പോത്തൻ ബോർഡ് സെക്രട്ടറിയോട് കത്തിലൂടെ ലേലകേന്ദ്രം തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് നടപ്പായാൽ പുറ്റടി സ്പൈസ് പാർക്ക് ഇല്ലാതാകും. പിന്നാലെ കേരളത്തിലെ ഏലക്ക ഇ ലേലവും. ഇത് കേരളത്തിലെ ഏലം കർഷകർക്ക് തിരിച്ചടിയാകും.
കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് പുറ്റടി സ്പൈസ് പാർക്കിൽ നടക്കുന്ന ഇ ലേലത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള വ്യാപാരികൾക്ക് പങ്കെടുക്കാൻ സാധിക്കുന്നില്ലെന്നാണ് ആക്ഷേപം. അതു പോലെ തമിഴ്നാട്ടിൽ നടക്കുന്ന ഇ ലേലത്തിൽ കേരളത്തിൽ നിന്നുള്ള വ്യാപാരികൾക്കും പങ്കെടുക്കാൻ സാധിക്കുന്നില്ല .
തമിഴ് വ്യാപാരികളാണ് കേരളത്തില്‍ നടക്കുന്ന ഏല വിപണി നിയന്ത്രിക്കുന്നത്. അതിനാൽ അവർ പറയുന്നതാണ് പലപ്പോഴും നടപ്പാക്കുന്നത്. ലേല ഏജൻസികളും അവരുടെ കീഴിലുള്ള കയറ്റുമതി കമ്പനികളും ഉദ്യോഗസ്ഥരും തമിഴ്നാട് കച്ചവടക്കാരും ചേര്‍ന്നു നടത്തുന്ന കള്ളക്കളികളിൽ ദുരിതത്തിലാകുന്നത് കേരളത്തിലെ ഏലം കര്‍ഷകരാണ്.
ഇടുക്കി ജില്ലയിലെ പുറ്റടി സ്പൈസസ് പാര്‍ക്കിലും തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂരിലുമാണ് ഓൺലൈൻ ലേലം നടക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോ സ്ഥലത്തും മാറി മാറിയാണ് ലേലം. ലോക് ഡൗൺ മൂലം തമിഴ്നാട്ടിലെ ലേലത്തില്‍ കേരളത്തില്‍ നിന്നുള്ള കച്ചവടക്കാര്‍ക്ക് പങ്കെടുക്കാന്‍ സാധിച്ചിട്ടില്ല. നിയന്ത്രണങ്ങളുടെ പേരുപറഞ്ഞ് കേരളത്തില്‍ നിന്നുള്ള കച്ചവടക്കാരെ തമിഴ്നാട്ടിലെ ലേലത്തില്‍ പങ്കെടുപ്പിക്കാതെ അതിർത്തിയിൽ തടയും. അതേസമയം യാതൊരു തടസ്സവുമില്ലാതെ കേരളത്തില്‍ നടക്കുന്ന ലേലത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള കച്ചവടക്കാര്‍ പങ്കെടുക്കുന്നുമുണ്ട്.
ഒരു ദിവസത്തെ ലേലത്തില്‍ പങ്കെടുക്കാന്‍ തമിഴ്നാട്ടിലേക്ക് പോയാല്‍ 14 ദിവസം ക്വാറൻറീനില്‍ കഴിയണമെന്ന നിര്‍ദേശവും കേരളത്തിലെ കച്ചവടക്കാര്‍ക്ക് തിരിച്ചടിയായി. പുറ്റടി സ്പൈസസ് പാര്‍ക്കില്‍ 62 പേർക്കാണ് ഒരു സമയം ഓൺലൈൻ ലേലത്തിൽ പങ്കെടുക്കാവുന്നത്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് 44 പേര്‍ക്കായി ഇത് നിജപ്പെടുത്തി. ഫലത്തിൽ 18 കച്ചവടക്കാർക്ക് ലേലത്തിൽ പങ്കെടുക്കാനുള്ള അവസരം ഇല്ലാതായി.
കേരളത്തില്‍ നിന്നുള്ള കച്ചവടക്കാർക്കാണ് ഇത് മൂലം അവസരം നഷ്ടമായത്. കേരളത്തില്‍ നടക്കുന്ന ലേലത്തില്‍ വില മെച്ചപ്പെട്ടാലും പിറ്റേന്ന് തമിഴ്നാട്ടില്‍ നടക്കുന്ന ലേലത്തില്‍ വില ഇടിഞ്ഞു നില്‍ക്കുന്നതാണ് കാണുന്നത്. ഇത് തമിഴ്നാട്ടിൽ നടക്കുന്ന ലേലത്തിൽ ഉത്തേരന്ത്യൻ വ്യാപാരികളും അവരുടെ ഏജൻസികളും നടത്തുന്ന സ്വാധീനം മൂലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.