കുഞ്ഞു മനസ്സാണ്; തളരാതെ കാക്കണം
text_fieldsതൊടുപുഴ: ജില്ലയിൽ അടുത്തിടെ കുട്ടികൾക്കിടയിൽ വർധിച്ചുവരുന്ന ആത്മഹത്യ പ്രവണത ആശങ്ക ജനിപ്പിക്കുന്നു. രക്ഷിതാക്കൾക്ക് നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങളിൽ പോലും കുട്ടികൾ ജീവനൊടുക്കിയ സംഭവങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ഒന്നരവർഷത്തിനിടെ 22 കുട്ടികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിവിധ കാരണങ്ങളാൽ ജീവനൊടുക്കിയത്. മൊബൈൽ ഫോണുകളും കുടുംബ ബന്ധങ്ങളിലെ വിള്ളലും സമ്മർദം നിറഞ്ഞ ജീവിതസാഹചര്യങ്ങളും കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതായാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
കുടുംബത്തിലെ പ്രശ്നങ്ങൾ, അച്ഛനമ്മമാരുടെ ശകാരം, അപകർഷതബോധം, പഠനത്തിലെ പിന്നാക്കാവസ്ഥ, മൊബൈലിെൻറ സ്വാധീനം എന്നീ കാരണങ്ങളാണ് ജില്ലയിൽ കുട്ടികളുടെ മരണത്തിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ആത്മഹത്യയുടെ കാരണം വ്യക്തമാകാത്ത നാല് കേസുകളുമുണ്ട്. പ്രണയ നൈരാശ്യവും ലൈംഗിക പീഡനങ്ങളും പെണ്‍കുട്ടികളുടെ ആത്മഹത്യക്ക് ഇടയാക്കിയിട്ടുണ്ട്.
ആത്മഹത്യ ചെയ്ത കുട്ടികളിൽ പഠനത്തിൽ മിടുക്കരായവരുമുണ്ട്. കുട്ടികളുടെ വിഷമങ്ങൾ മനസ്സിലാക്കാനും തുറന്നു ചര്‍ച്ചചെയ്യാനും കൃത്യമായ മാര്‍ഗനിർദേശങ്ങള്‍ നല്‍കാനുമുള്ള മുതിർന്നവരുടെ അഭാവവും കുട്ടികളിൽ നിരാശ ജനിപ്പിക്കുന്നു. വിഷാദ രോഗവും കുട്ടികളിൽ വർധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളെ സുഹൃത്തുക്കളായി കണ്ട് അവരുടെ പ്രശ്നങ്ങളും വിഷമതകളും മനസ്സിലാക്കുകയും അവരെ കുറ്റപ്പെടുത്താതെ സംഘർഷങ്ങളെ അതിജീവിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുകയാണ് മുതിർന്നവർക്ക് ഇക്കാര്യത്തിൽ ചെയ്യാനുള്ളത്
രക്ഷിതാക്കൾ അറിയാൻ
- കുട്ടികൾക്ക് മാനസിക സംഘർഷമുണ്ടെങ്കിൽ നേരത്തേ കണ്ടെത്തണം. പഠനത്തിൽ പെട്ടെന്ന് പിന്നോട്ടുപോകുന്നവരെ പ്രത്യേകം ശ്രദ്ധിക്കണം.
- കാരണം കണ്ടെത്തി പരിഹരിക്കണം കഴിയുന്നില്ലെങ്കിൽ സ്കൂൾ കൗൺസിലർമാരുടെ സഹായം തേടണം
- കുട്ടികളുടെ പെരുമാറ്റത്തിലെ വ്യത്യാസം ശ്രദ്ധിക്കണം
- കുട്ടികൾക്ക് പരിധിയിൽ കൂടുതൽ പണംനൽകരുത്
- കൃത്യമായി ഭക്ഷണം, ഉറക്കം എന്നിവ ഉറപ്പാക്കണം
- മൊബൈലും അനുബന്ധ സാമഗ്രികളും ഒാൺലൈൻ ക്ലാസിെൻറ സമയങ്ങളിൽ മാത്രം നൽകുക
- ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കുട്ടിക്ക് ഒരു തുറന്ന മുറിയോ ഹാളോ അനുവദിക്കുക
- കുട്ടികളെ വീട്ടിൽ എപ്പോഴും അടച്ചിടാതെ പുറത്തുള്ള പ്രവർത്തനങ്ങളിലും പങ്കാളിയാക്കുക
- എപ്പോഴും പഠിക്കാനായി നിർബന്ധിക്കരുത്. പ്രത്യേക ഷെഡ്യൂൾ തയാറാക്കുക
- എല്ലാ ദിവസവും കുറച്ച് സമയെമങ്കിലും കുട്ടിയുമായി ചെലവഴിക്കുക
- തെറ്റുകൾ പറഞ്ഞ് മനസ്സിലാക്കുക, ശാരീരികമായി ഉപദ്രവിക്കാതിരിക്കുക
- അപരിചിതരുടെ മുന്നിൽവെച്ച് കുട്ടികളെ ഇകഴ്ത്തി സംസാരിക്കാതിരിക്കുക
കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വെബിനാർ സംഘടിപ്പിക്കും
എം.യു ഗീത
(ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ)
കേസുകൾ വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സ്കൂൾ കൗൺസിലർമാരോട് അവരവരുടെ സ്കൂളിലെ കുട്ടികളെ ഫോണിൽ വിളിച്ച് സംസാരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 68 സ്കൂളുകളിലാണ് കൗൺസിലർമാരുള്ളത്. വിദഗ്ദരുടെ സഹായത്തോടെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വെബിനാർ സംഘടിപ്പിക്കും. രക്ഷിതാക്കൾക്ക് കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിക്കാൻ അറിയാത്തത് പ്രശ്നമാണ്. പലരും അതിവൈകാരികമായാണ് കുട്ടികളോട് പെരുമാറുന്നത്. അടുത്തിടെയുണ്ടായ മൂന്ന് കേസുകളിലും രക്ഷിതാക്കളുടെ ഇടപെടൽ കുട്ടികൾക്ക് വലിയ പ്രയാസം ഉണ്ടാക്കിയിരുന്നു.
'വേണ്ടത് കരുതലും പിന്തുണയും'
കോവിഡും ലോക്ഡൗണും സൃഷ്ടിച്ച പുതിയ ജീവിതസാഹചര്യങ്ങൾ മൂലം കുട്ടികൾ നേരിടുന്ന മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകൾ ഏറെയാണെന്ന് തൊടുപുഴ ജില്ല ആശുപത്രി കൺസൾട്ടൻറ് സൈക്യാട്രിസ്റ്റ് ഡോ. അമൽ എബ്രഹാം ചൂണ്ടിക്കാട്ടുന്നു. മൊബൈൽ ഫോണിെൻറയടക്കം ഉപയോഗം മൂലമുണ്ടാകുന്ന മാനസിക സംഘർഷങ്ങളും ഒറ്റപ്പെടലുകളും വീടുകളിൽ കഴിയുന്ന അവരുടെ മാനസിക ആരോഗ്യത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ശരിയായ കരുതലും പിന്തുണയും ഒന്നുകൊണ്ട് അവരെ ചേർത്തുനിർത്താൻ കഴിയുമെന്നും അതിന് രക്ഷിതാക്കളും അധ്യാപകരും ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു.
അധ്യാപകർക്കും ശ്രദ്ധിക്കാനുണ്ട്
അധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധം ഓൺലൈൻ ക്ലാസുകളിൽ കുറവാണ്. നേരത്തേ സ്കൂളുകളിൽനിന്ന് അധ്യാപകരാണ് കുട്ടികളുടെ ബുദ്ധിമുട്ടുകൾ കണ്ടെത്തിയിരുന്നതെങ്കിൽ ആ സ്ഥിതിയും മാറി. എങ്കിലും അവർക്കും ചിലതൊക്കെ ചെയ്യാൻ കഴിയും. തങ്ങളുടെ ക്ലാസിലെ കുട്ടികളെ വിവിധ ഗ്രൂപുകളായി തിരിച്ച് ആഴ്ചയിലൊരിക്കൽ ചർച്ചകൾ, മറ്റുകുട്ടികളുമായുള്ള ഇടപെടലുകൾ എന്നിവക്കായി മാറ്റിവെക്കാം. പഠനത്തിൽ ബുദ്ധിമുട്ടുള്ള കുട്ടികളെ നേരിൽ വിളിച്ച് സംസാരിക്കുന്നത് ഉചിതമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.