ഗുണ്ടുമലയിലെ ഒമ്പതുകാരിയുടെ മരണം ഡിവൈ.എസ്.പി അന്വേഷിക്കും
text_fieldsമൂന്നാർ: രണ്ടു വർഷം മുമ്പ് എസ്റ്റേറ്റ് ലയത്തിൽ ഒമ്പതുകാരിയെ കയറിൽ കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിെൻറ അന്വേഷണം പുതിയ സംഘത്തിന്. ഇടുക്കി നാർക്കോട്ടിക് ഡിവൈ.എസ്.പി എ.ജി ലാലിന് അന്വേഷണ ചുമതല കൈമാറി ജില്ല പൊലീസ് മേധാവി കറുപ്പ്സ്വാമി ഉത്തരവായി.
2019 സെപ്റ്റംബർ 9നാണ് കണ്ണൻദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന കുടുംബത്തിലെ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിലെ തൊട്ടിലിൽ പ്ലാസ്റ്റിക് കയർ കഴുത്തിൽ കുരുങ്ങിയ നിലയിലായിരുന്നു. പ്രായമായ മുത്തശ്ശി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവരാണ് മൃതദേഹം ആദ്യം കണ്ടത്. കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങി മരിച്ചതാണെന്നും ആത്മഹത്യയാണെന്നുമൊക്കെ ആയിരുന്നു പ്രാഥമിക നിഗമനങ്ങൾ.
എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ കുട്ടി പലതവണ ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞു. ഇതോടെയാണ് കൊലപാതക സാധ്യത പൊലീസ് അന്വേഷിച്ചത്. ഒരു മാസത്തോളം സ്ഥലത്ത് ക്യാമ്പ് ചെയ്ത് പലരെയും ചോദ്യം ചെയ്തു. അമ്മയടക്കം ബന്ധുക്കളെ നുണപരിശോധനക്ക് വിധേയമാക്കിയെങ്കിലും കൊലപാതകമാണെന്നതിന് തെളിവൊന്നും ലഭിച്ചില്ല.
വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയുടെ മരണത്തോടെയാണ് ഇൗ സംഭവം വീണ്ടും വാർത്തകളിൽ നിറഞ്ഞത്. പെൺകുട്ടിയുടെ അമ്മ മൂന്നാർ ഡിവൈ.എസ്.പി കെ.ആർ. മനോജിനും എസ്.പി കറുപ്പുസാമിക്കും വെള്ളിയാഴ്ച വീണ്ടും പരാതി നൽകി. തുടർന്നാണ് നാർക്കോട്ടിക് ഡിവൈ.എസ്.പിയെ അന്വേഷണ ചുമതല ഏൽപിച്ചത്. അടുത്ത ദിവസം തന്നെ കേസ് ഫയൽ കൈമാറുമെന്ന് മൂന്നാർ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.