Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനീരൊഴുക്ക് വർധിച്ചു;...

നീരൊഴുക്ക് വർധിച്ചു; നാല് അണക്കെട്ടുകൾ തുറന്നു തന്നെ

text_fields
bookmark_border
നീരൊഴുക്ക് വർധിച്ചു; നാല് അണക്കെട്ടുകൾ തുറന്നു തന്നെ
cancel
Listen to this Article

തൊടുപുഴ: മഴ തുടരുന്നതിനാൽ ഇടുക്കിയും മുല്ലപ്പെരിയാറും അടക്കമുള്ള ജില്ലയിലെ പ്രധാന അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വർധിച്ചു.നിലവിൽ പാംബ്ല, കല്ലാർക്കുട്ടി, പൊന്മുടി, മലങ്കര എന്നീ അണക്കെട്ടുകൾ തുറന്നിരിക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 136 അടിയോട് അടുത്തു തുടങ്ങി. നിലവിലെ റൂൾകർവ് അനുസരിച്ച് 136.3 അടിയാണ് സംഭരിക്കാവുന്ന ജലം.

ശനിയാഴ്ച വൈകീട്ട് ഏഴിന് ജലനിരപ്പ് 135.4 അടിയിലെത്തിയപ്പോൾ തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. 135.80 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. മുല്ലപ്പെരിയാറിനൊപ്പം ഇടുക്കി അണക്കെട്ടും ബ്ലൂ അലർട്ടിനരികെയാണ്. 2367.68 അടിയാണ് നിലവിലെ ജലനിരപ്പ്.

രണ്ടരയടി കൂടി ഉയർന്ന് 2369.95 അടിയിലെത്തിയാൽ നിലവിലെ റൂൾ കർവ് പ്രകാരം ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. 2975.95ൽ ഓറഞ്ച് അലർട്ടും 2376.95 അടിയിൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുകയാണ്. ഞായറാഴ്ച രാവിലെ വരെയുള്ള 24 മണിക്കൂറിൽ 34.8 മില്ലി മീറ്റർ മഴയാണ് പെയ്തത്.

കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ജില്ലയിലെ വിവിധ താലൂക്കുകളിൽ മഴയുടെ അളവിൽ കുറവ് വന്നിട്ടുണ്ട്. ഇടുക്കിയിലാണ് ഏറ്റവും കൂടുതൽ മഴ പെയ്തത്. 34.8 മി.മീ, ദേവികുളം- 30.8, തൊടുപുഴ-28.8, ഉടുമ്പൻചോല-10.6 മി.മി, പീരുമേട്-13 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ പെയ്ത മഴയുടെ അളവ്. കഴിഞ്ഞ ദിവസങ്ങളിൽ മണ്ണിടിഞ്ഞും മരം വീണും അപകടങ്ങൾ ഉണ്ടായെങ്കിലും ഞായറാഴ്ച അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല.

മഴയില്‍ ഹൈറേഞ്ചിലെ കാര്‍ഷിക മേഖല തളരുന്നു

അടിമാലി: കാലവര്‍ഷം തുടരുന്ന ഹൈറേഞ്ചില്‍ കാര്‍ഷികവിളകള്‍ രോഗ ബാധയാല്‍ നശിക്കുന്നു. കുരുമുളക്, ഏലം, കൊക്കോ, കാപ്പി മുതലായ കൃഷികളാണ് ശക്തമായ മഴയില്‍ നാശം നേരിടുന്നത്. കുരുമുളക് കൃഷിയില്‍ കുമിള്‍രോഗങ്ങളും വൈറസ് ബാധയും കാര്‍ന്നുതിന്നുന്നത്.

വേനല്‍ മഴക്ക് തിരിയിട്ട കുരുമുളക് ശക്തമായ മഴയിൽ വ്യാപകമായി കൊഴിഞ്ഞ് നശിക്കുകയാണ്. പന്നിയൂര്‍ ഉള്‍പ്പെടെ മുന്തിയ ഇനം കുരുമുളക് ചെടികളില്‍ വൈറസ് ബാധയെ തുടര്‍ന്ന് വേരഴുകലും തിരിപൊഴിച്ചിലും വ്യാപകമായി. കനത്ത മഴയില്‍ അഴുകി ഏലച്ചെടികളും വ്യാപകമായി നശിക്കുകയാണ്. ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം താലൂക്കുകളിലാണ് ഇവ കൂടുതലായി നശിച്ചത്. കാപ്പി, കൊക്കോ കൃഷികളും കായപിടിക്കാതെ നശിക്കുന്നു. മാംഗോസ്റ്റിന്‍ ,റംബൂട്ടാന്‍, സ്‌ട്രോബറി തുടങ്ങിയ പഴവര്‍ഗങ്ങളും പച്ചക്കറികളും വ്യാപകമായ തോതില്‍ അഴുകല്‍ രോഗത്തിന്റെ പിടിയിലാണ്. ശീതകാല പച്ചക്കറി കൃഷിയുടെ കേന്ദ്രമായ വട്ടവടയിലും വ്യാപക നാശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

കാബേജ്, ഉരുളക്കിഴങ്ങ്, ക്യാരറ്റ്, ഇഞ്ചി,മരച്ചീനി തുടങ്ങിയ കൃഷിയിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഇവ അഴുകി നശിക്കുന്നതിനും കാരണമാകുന്നു. കൊക്കോ, കാപ്പി എന്നിവക്ക് കറുത്തഴുകല്‍, ഞെട്ടഴുകല്‍, കായ പൊഴിച്ചില്‍, തുടങ്ങിയ രോഗങ്ങളാണ് ബാധിച്ചത്. കായ്കള്‍ മൂപ്പെത്തും മുമ്പ് കറുപ്പ് നിറം ബാധിച്ച് കൊഴിയുന്നതും വ്യാപകമായിട്ടുണ്ട്. സൂര്യപ്രകാശത്തിന്റെ കുറവും തുടര്‍ച്ചയായുള്ള മഴയുമാണ് രോഗം വ്യാപിക്കാനിടയാക്കുന്നതെന്ന് കൃഷി വിദഗ്ധര്‍ പറയുന്നു.

മഴമൂലം രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് മരുന്ന് തളിക്കലും സാധ്യമല്ല. അടിമാലി, കൊന്നത്തടി, രാജാക്കാട്, വാത്തിക്കുടി, മാങ്കുളം പഞ്ചായത്തുകളില്‍ ഏത്തവാഴ, പാവല്‍ തുടങ്ങിവയും വ്യാപകമായി നശിച്ചു. ഇതോടെ ഇത്തരം ഉൽപന്നങ്ങളുടെ വിലയും ഉയര്‍ന്ന് തുടങ്ങി. മഴമൂലം പുഴുക്കേടുകളാലും കുമിള്‍രോഗങ്ങള്‍ മൂലവും തെങ്ങിന്റെ മച്ചിങ്ങ കൊഴിയുന്നതും വ്യാപകമാണ്.

വീട്ടുമുറ്റങ്ങളോട് ചേര്‍ന്നും മറ്റും കൃഷിയിറക്കിയ റംബൂട്ടാന്‍, മാംഗോസ്റ്റിന്‍ തുടങ്ങിയവയില്‍ ഈ വര്‍ഷം നല്ല കായ്പിടുത്തം ഉണ്ടായിരുന്നെങ്കിലും തുടര്‍ച്ചയായ മഴയില്‍ കൊഴിഞ്ഞുവീഴുകയാണ്. അടയ്ക്ക കൊഴിയാതിരിക്കാന്‍ മഴക്ക് മുമ്പ് കോപ്പര്‍ ഓക്‌സി ക്ലോറൈഡ്, ബോര്‍ഡോ മിശ്രിതം എന്നിവ സ്‌പ്രേ ചെയ്തിരുന്നെങ്കിലും കൊഴിച്ചിലിന് കുറവില്ല. ഇതിന് എല്ലാം പുറമേ വെള്ളം കയറി കൃഷി നശിച്ചവരും ജില്ലയില്‍ ഏറെയാണ്. രോഗവും കൃഷിനാശവും കൃഷി മേഖലയായ ജില്ലയുടെ നട്ടെല്ല് തകര്‍ക്കുന്ന അവസ്ഥയിലെത്തിച്ചെന്ന് കര്‍ഷകര്‍ പറയുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:idukki dams
News Summary - The flow of water increased; Four dams have been opened
Next Story