നോ പാർക്കിങ് ബോർഡും വേലിയും പിഴുതുമാറ്റിയ സംഭവം; വനം വകുപ്പ് കേസെടുത്തു
text_fieldsഅടിമാലി: ആനക്കുളം ഓരിനോട് ചേർന്ന് റോഡ് സൈഡിൽ വനം വകുപ്പ് സ്ഥാപിച്ച നോ പാർക്കിങ് ബോർഡും വേലിയും പിഴുതുമാറ്റുകയും വനഭൂമിയിൽ അതിക്രമിച്ച് കയറി പാർട്ടികൊടി നാട്ടുകയും ചെയ്ത സംഭവത്തിൽ ജനപ്രതിനിധി ഉൾപ്പെടെ അഞ്ച് പേർക്കെതിരെ വനം വകുപ്പ് കേസ് എടുത്തു.
കുട്ടമ്പുഴ റേഞ്ചിലാണ് കേസ് എടുത്തത്. മാങ്കുളം പഞ്ചായത്ത് രണ്ടാം വാർഡ് അംഗം റിനേഷ് തങ്കച്ചൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് കേസ്. സി.പി.ഐയുടെ കൊടി വനഭൂമിയിൽ സ്ഥാപിച്ചത് വനം വകുപ്പ് പിഴുത് മാറ്റിയിട്ടുണ്ട്. വനഭൂമിയിൽ അതിക്രമിച്ച് കയറി പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകളാണ് ചേർത്തിരിക്കുന്നത്.
രണ്ട് മാസം മുമ്പ് ആനക്കുളത്ത് പുഴയിൽ സ്കൂൾ വിദ്യാർഥികൾ മുങ്ങിമരിച്ചിരുന്നു. ഇതേ തുടർന്ന് ഓഫ് റോഡ് സവാരി കലക്ടർ താൽക്കാലികമായി നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിൽ പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന റോഡ് ട്രഞ്ച് താഴ്ത്തി ഗതാഗതം വനപാലകർ തടസ്സപ്പെടുത്തി. ഇത് ബലമായി നാട്ടുകാർ തുറന്നു.
ഇതിനുശേഷമാണ് വിനോദ സഞ്ചാര മേഖലയിലെ വരുമാനം ലക്ഷ്യമാക്കി ആനക്കുളത്ത് വനംവകുപ്പ് ഓരിനോട് ചേർന്ന് വേലി നിർമിക്കുകയും ഇല്ലി പാർക്കിൽ ഉൾപ്പെടെ നിയന്ത്രണങ്ങൾ കൊണ്ടുവന്നതും. ഇതോടെ കെ.എസ്.ആർ.ടി.സി ജംഗിൾ സവാരി വാഹനങ്ങൾ നിർത്താനോ ടാക്സി - സ്വകാര്യ വാഹനങ്ങൾ നിർത്താനോ പ്രയാസമായി.
വ്യാപാരികൾക്ക് കച്ചവടം നടത്താനും ബുദ്ധിമുട്ടായി. ഇത് പ്രതിഷേധത്തിന് കാരണമായി. തുടർന്നാണ് വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ വനംവകുപ്പ് സ്ഥാപിച്ച നോപാർക്കിങ് ബോർഡ് പിഴുത് മാറ്റുകയും വേലി പൊളിക്കുകയും ചെയ്തത്.മാങ്കുളത്ത് ജനങ്ങളെ വനപാലകർ ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും നിരന്തരമായി ഓരോരോ കാരണങ്ങൾ കൊണ്ടുവന്ന് ദ്രോഹിക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. പഴയ ആലുവ - മൂന്നാർ രാജപാത തുറക്കുന്നതടക്കം മാങ്കുളത്തെ എല്ലാ വികസനങ്ങൾക്കും വനം വകുപ്പ് തുരങ്കം വെക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.