മലമുകളിലെ കൂറ്റൻപാറ തകർത്തത് സഹപാഠികളുടെ ‘സ്നേഹഭവനം’
text_fieldsകൂറ്റൻ പാറ വീണ് തകർന്ന അനീഷിന്റെ വീട്
അടിമാലി: ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നായിരുന്നു അവർക്ക് ആ വീട്. മലമുകളിലെ കൂറ്റൻപാറ തകർത്തത് അവരുടെ ആ വലിയ സന്തോഷമാണ്. മൂന്ന് കുട്ടികളുടെയും കൂട്ടുകാരുടെ സ്നേഹ സമ്മാനം കൂടിയാണ് പാറ വീണ് ഇല്ലാതായത്.
കല്ലാർ വട്ടയാർ പാറേക്കാട്ടിൽ അനീഷിന്റെ വീടാണ് തിങ്കളാഴ്ച രാത്രി കൂറ്റൻ പാറ അടർന്നുവീണ് പൂർണമായി തകർന്നത്. അനീഷിന്റെ മകൾ അഞ്ജലിക്ക് (17) സാരമായി പരിക്കേറ്റു. അഞ്ജലിയെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടടുത്ത മുറിയിൽ അമ്മയും സഹോദരങ്ങളും ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട് താമസയോഗ്യമല്ലാത്ത വിധം തകർന്നു. ഭിത്തിക്ക് അടിയിൽപെട്ടാണ് അഞ്ജലിക്ക് പരിക്കേറ്റത്.
മലമുകളിൽനിന്ന് അടർന്നു വന്നതാണ് പാറ. നിർധന കുടുംബമാണ്. കല്ലാർ ഗവ. സ്കൂളിലെ സഹപാഠികളാണ് 2018ൽ വീട് നിർമിച്ചുനൽകിയത്. അതിനുമുമ്പ് ചെറിയ കുടിലിന് സമാനമായിരുന്നു ഇവരുടെ താമസ സ്ഥലം. ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം അനീഷ് വർഷങ്ങളായി ചികിത്സയിലാണ്. ജോലി ചെയ്യാനാവാത്ത അവസ്ഥയാണ്. ഭാര്യ കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. വാടകവീട് എടുത്ത് താമസം മാറാനുള്ള കഴിവും കുടുംബത്തിനില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.