പുഴയിലേക്കുരുണ്ട കാറിൽനിന്ന് അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsതൊടുപുഴ: പിന്നിലേക്കുരുണ്ട് 25 അടി താഴെ ആറ്റിലേക്ക് പതിക്കുമായിരുന്ന കാറിൽനിന്ന് യുവതിയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു. സ്വകാര്യ ആശുപത്രിക്ക് പിന്നിലെ പുഴയിലേക്ക് പതിക്കും മുമ്പ് കാര്‍ നിന്നതാണ് വന്‍ അപകടം ഒഴിവാകാൻ കാരണം. വാഹനത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ടയറിനും കല്ക്കെട്ടിനുമിടയില് വീട്ടമ്മയുടെ കാല് കുടുങ്ങിയതാണ് രക്ഷയായത്. പുഴക്കും കെട്ടിനുമിടയിൽ കുടുങ്ങിയ വീട്ടമ്മയെ അഗ്നിരക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്.
തൊടുപുഴ ചാഴികാട്ട് ആശുപത്രിക്ക് സമീപം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. ഇടവെട്ടി പാറേക്കണ്ടത്തില്‍ ഷുക്കൂറിെൻറ ഭാര്യ നജ്മിയും (30) കുഞ്ഞുമാണ് അപകടത്തിൽപെട്ടത്. നജ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മക്കളെ ഡോക്ടറെ കാണിക്കാനാണ് ഭാര്യയുമായി ഷുക്കൂര്‍ ആശുപത്രിയിലെത്തിയത്. ഡോക്ടറെ കണ്ടശേഷം ഇവരെ കാറിലിരുത്തി ആശുപത്രിയിൽ അഡ്മിറ്റായിരുന്ന ബന്ധുക്കളെ കാണാൻ ഷുക്കൂര്‍ പോയ സമയത്താണ് വാഹനം പിന്നിലേക്കുരുണ്ടത്. ഈ സമയം നജ്മിയും രണ്ടര വയസ്സുകാരൻ മകനും കാറിനുള്ളിലും ഏഴു വയസ്സുകാരി മകള്‍ പുറത്തുമായിരുന്നു. പിന്നിലേക്കുരുണ്ട് പുഴയില്‍ പതിക്കുമെന്നായതോടെ മകനുമായി വാഹനത്തില്‍നിന്ന് പുറത്തുകടക്കാനുള്ള ശ്രമത്തിനിടെയാണ് നജ്മിയുടെ കാല് കല്‍ക്കെട്ടിനും കാറിനുമിടയിൽപെട്ടത്. കാറിെൻറ പിന്‍ടയര്‍ പുഴയിലേക്ക് കടന്നെങ്കിലും മുൻഭാഗം മണ്‍തിട്ടയില്‍ ഉടക്കുകയും ഇവരുടെ കാൽ ടയറിനടിയിലാകുകയും ചെയ്തതോടെ വാഹനം നിന്നു.
സ്ഥലത്തുണ്ടായിരുന്നവര്‍ അറിയിച്ചതിനെത്തുടർന്ന് അഗ്നിരക്ഷാസേന എത്തി വാഹനം പുഴയിലേക്ക് പതിക്കാതെ വടംകെട്ടി നിര്‍ത്തി കട്ടര്‍ ഉപയോഗിച്ച് ഡോര്‍ അകത്തി നജ്മിയെ പുറത്തെടുക്കുകയായിരുന്നു. അല്പംകൂടി വാഹനം നീങ്ങിയിരുന്നെങ്കില്‍ കാര്‍ പുഴയില്‍ പതിക്കുമായിരുന്നു. തൊടുപുഴ ഫയർഫോഴ്സ് സ്റ്റേഷൻ ഒാഫിസർ പി.വി. രാജെൻറ നേതൃത്വത്തിൽ സീനിയർ ഒാഫിസർ ടി.ഇ. അലിയാർ, ഫയർ ഒാഫിസർമാരായ ബിൽസ് ജോർജ്, എം.പി. മനോജ്, മുബാറക്, ലിതീഷ്, അയ്യൂബ്, ജിൽസ് മാത്യു, എം.എച്ച്. നാസർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.