ഓർമകളിൽ തെളിഞ്ഞ് പഴയ കാഞ്ഞാർ
text_fieldsകാഞ്ഞാർ: മലങ്കര അണക്കെട്ടിന്റെ ഷട്ടർ അറ്റകുറ്റപ്പണിക്കായി ജലനിരപ്പ് താഴ്ത്തിയപ്പോൾ പഴയ കാഞ്ഞാറിന്റെ ഓർമകൾ പഴമക്കാരുടെ മനസ്സിൽ തെളിഞ്ഞു. ജലനിരപ്പ് താഴ്ന്നതോടെ പഴയപാലവും റോഡുമടക്കം തെളിഞ്ഞുകാണാം. ജലാശയത്തിന് അന്ന് ഇത്ര വലിപ്പമില്ലായിരുന്നു. ഇരുകരകളെയും ബന്ധിപ്പിക്കാന്‍ വള്ളങ്ങളായിരുന്നു ആശ്രയം.മലങ്കരയില്‍ ഡാം പൂര്‍ത്തിയായതോടെ കാഞ്ഞാറില്‍ ഉണ്ടായിരുന്ന പഴയ പുഴ അപ്രത്യക്ഷമായി. തല്‍സ്ഥാനത്ത് വിശാലമായ ഒരു തടാകമുണ്ടായി. എല്ലാ ജലാശയങ്ങളും വേനല്‍ കടുക്കുമ്പോള്‍ വറ്റിവരളും. എന്നാല്‍, മലങ്കര ജലാശയം വേനലിലും നിറഞ്ഞുതുളുമ്പും.
കാരണം മൂലമറ്റം പവര്‍ഹൗസില്‍നിന്ന് വൈദ്യുതി ഉല്പാദനത്തിനുശേഷം പുറത്തുവിടുന്ന വെള്ളം എത്തുന്നത് മലങ്കര ജലാശയത്തിലേക്കാണ്. ഓരോ സ്ഥലനാമങ്ങൾക്ക് പിന്നിലും ഓരോ ഐതിഹ്യങ്ങൾ കാണാം. അതുപോലൊന്ന് പറയാൻ കാഞ്ഞാറിനും ഉണ്ട്. ഒരു കാലത്ത് കാഞ്ഞാര്‍ പുഴയിലെ വെള്ളം വേനല്‍ക്കാലത്ത് വറ്റിവരണ്ടിരുന്നു. അവശേഷിച്ച വെള്ളം വെയിലേറ്റ് കാഞ്ഞു. ഇങ്ങനെ കാഞ്ഞ ആറിനെപ്പറ്റി പറഞ്ഞുപറഞ്ഞ് കാഞ്ഞാറായി എന്നാണ് പഴമക്കാർ പറയുന്നത്. ഇന്ന് കാഞ്ഞാറിലൂടെ കടന്നുപോകുന്ന തൊടുപുഴ -മൂലമറ്റം റോഡ് മുമ്പ് കാഞ്ഞാറില്‍ അവസാനിച്ചിരുന്നു. ഇവിടുന്നങ്ങോട്ട് പല കൈവഴികളായി മണ്റോഡുകളായിരുന്നു സഞ്ചാരമാർഗം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കാഞ്ഞാര്‍ മലഞ്ചരക്കിന്റെയും സുഗന്ധദ്രവ്യങ്ങളുടെയും വില്‍പനകേന്ദ്രമായിരുന്നു. കാഞ്ഞാറിലെ ചന്ത പേരുകേട്ടതായിരുന്നു. കാഞ്ഞാര്‍ റോഡിന്റെ ഇരുഭാഗത്തും നിറയെ കച്ചവട സ്ഥാപനങ്ങളായിരുന്നു. ഇന്ന് കാണുന്ന വിജിലന്റ് വോളിബാള്‍ കോര്‍ട്ടും പഞ്ചായത്ത് ഓഫിസുമൊക്കെ സ്ഥിതിചെയ്യുന്ന സ്ഥലം കാഞ്ഞാര്‍ ചന്തയുടെ ഭാഗമായിരുന്നു.
കാഞ്ഞാറില്‍ ശേഖരിക്കുന്ന കച്ചവട വസ്തുക്കൾ ആദ്യകാലത്ത് കാൽനടയായും പിന്നീട് കാളവണ്ടിയിലും പ്രധാന വ്യാപാര കേന്ദ്രങ്ങളായ തൊടുപുഴയിലും മൂവാറ്റുപുഴയിലും എത്തിച്ചാണ് കച്ചവടം ചെയ്തിരുന്നത്.മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ വേണ്ടിയുള്ള സ്ഥലമെടുപ്പ് ഫലഭൂയിഷ്ടമായ കാഞ്ഞാറിന്റെ മണ്ണ് മാത്രമല്ല അധ്വാനശേഷിയും കൈമുതലുള്ള കാഞ്ഞാറിലെ ഭൂരിഭാഗം താമസക്കാരെയും പറിച്ചെറിയുകയായിരുന്നു. ജലനിരപ്പ് താഴ്ത്തിയപ്പോൾ വീണ്ടും കാഞ്ഞാറും പരിസരപ്രദേശങ്ങളും പഴയകാല ഓർമയിലൂടെ സഞ്ചരിക്കുകയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.