മൂന്നാർ ഡിവിഷന് കീഴിലെ താൽക്കാലിക വാച്ചർമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് വിവാദത്തിൽ
text_fieldsഇടുക്കി: ജനവാസമേഖലയിൽ കാട്ടാനയടക്കം വന്യമൃഗ ശല്യം രൂക്ഷമാകുമ്പോൾ മൂന്നാർ ഡിവിഷന് കീഴിലെ താൽക്കാലിക വാച്ചർമാരെ പിരിച്ചുവിടാനുള്ള മൂന്നാർ ഡി.എഫ്.ഒയുടെ ഉത്തരവ് വിവാദത്തിലേക്ക്. മൂന്നാർ വനം ഡിവിഷന് കീഴിലെ മൂന്നാർ, ദേവികുളം, നേര്യമംഗലം, അടിമാലി റേഞ്ചുകളിലെ താൽക്കാലിക ജീവനക്കാരെയാണ് ഏപ്രിൽ ഒന്നിന് മുമ്പ് പിരിച്ചുവിടാൻ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.
റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി), താത്ക്കാലിക ഡ്രൈവർമാർ, സെൻട്രൽ നഴ്സറി, ഐബി എന്നിവിടങ്ങളിലെ ജോലിക്കാരെ മാത്രം നിലനിറുത്തി ബാക്കിയുള്ള 77 പേരെ പിരിച്ചുവിടാനാണ് ഉത്തരവ്.
കടുവ, പുലി, ആന, കാട്ടുപോത്ത് തുടങ്ങിയവയുടെ ശല്യം ഏറ്റവും രൂക്ഷമായ മൂന്നാർ, ദേവികുളം റേഞ്ചിൽ മാത്രം 63 ദിവസ വേതനക്കാരെയാണ് പിരിച്ചുവിടുന്നത്. വനം സംരക്ഷണം, മനുഷ്യവന്യജീവി സംഘർഷ ലഘൂകരണം, വനവിഭവ ശേഖരണം, വനവികസനം തുടങ്ങിയ ബജറ്റ് വിഹിതത്തിന് കീഴിൽ ജോലി നോക്കുന്ന താൽക്കാലിക വാച്ചർമാർക്കാണ് ജോലി നഷ്ടമാവുക. ഈ ബജറ്റ് വിഹിതം വഴി വരുന്ന പണമാണ് താൽക്കാലിക വാച്ചർമാർക്ക് ശമ്പളമായി നൽകിയിരുന്നത്. ഏത് അടിയന്തിര ഘട്ടത്തിലും ജോലി ചെയ്യുന്ന, വന്യ മൃഗങ്ങളുടെ സ്വഭാവവും സാന്നിധ്യവും കൃത്യമായി അറിയാവുന്നവരാണ് വാച്ചർമാർ. ഇവരിൽ ഭൂരിഭാഗവും 15 വർഷത്തിലധികമായി ജോലി ചെയ്യുന്നു. 987 രൂപയാണ് ഇവരുടെ ദിവസവരുമാനം.
30 ദിവസം ജോലി ചെയ്താൽ മാത്രമേ 20 ദിവസത്തെ ശമ്പളം ലഭിക്കൂ. ഇത് പോലും മാസങ്ങളായി മുടങ്ങികിടക്കുകയായിരുന്നു. ഇങ്ങനെ ഉപജീവനം നടത്തി വന്നിരുന്നവരെയാണ് വകുപ്പിലെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പിരിച്ചുവിടാൻ ഉത്തരവിറങ്ങിയിരിക്കുന്നത്.
ഇത് മേഖലയിലെ ജനങ്ങൾക്ക് കടുത്ത ഭീഷണിയാണ്. ആന വാച്ചർമാരുടെ സേവനം കൊണ്ട് വർഷങ്ങളായി മേഖലയിൽ ജനങ്ങളുടെ സ്വത്തിനും ജീവനും ഏറെ സുരക്ഷിതത്വം ലഭിച്ചിരുന്നു.
ചിന്നക്കനാൽ, ശാന്തമ്പാറ, ദേവികുളം അടക്കമുള്ള പ്രദേശങ്ങളിൽ വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ വാച്ചർമാർ കൂടിയില്ലാതായാൽ കടുത്ത പ്രതിസന്ധിയാകും നേരിടുക.
ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് സർക്കാർ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.