ചേലകാട് പുഴ നിറഞ്ഞൊഴുകുകയാണ്; അക്കരയുണ്ട് ദുരിതംപേറി ഒരുനാട്
text_fieldsചേലകാട് പുഴയിലെ തൂക്കുപാലം
ഉടുമ്പന്നൂർ: മലയിഞ്ചിയിലെ ചേലകാട് പുഴയ്ക്ക് അക്കരെ നാല് ചെറുഗ്രാമങ്ങളുണ്ട്. ഇവിടത്തുകാരുടെ യാത്രാ ദുരിതത്തിന് പതിറ്റാണ്ടുകളായിട്ടും പരിഹാരമില്ല. ഏറ്റവും ദുരിതം വിദ്യാർഥികൾക്കാണ്. കുട്ടികൾക്ക് സ്കൂളിൽ എത്താൻ ചേലകാട് പുഴ കടക്കണം. മഴക്കാലമായാൽ കലങ്ങിമറിഞ്ഞ് നിറഞ്ഞൊഴുകുന്ന ചേലകാട് പുഴ.
ഇത് കടന്നുവേണം മൂന്ന് കിലോമീറ്റർ അകലെ മലയിഞ്ചി സർക്കാർ എൽ.പി സ്കൂളിൽ എത്താൻ. പ്രൈമറി വിദ്യാഭ്യാസം കഴിയുന്നവർക്ക് തുടർപഠനത്തിന് ഉടുമ്പന്നൂരും കരിമണ്ണൂരും പോകാനും പുഴ കടക്കണം. ഇതിന് ആകെ ആശ്രയം ഗ്രാമീണർ പുഴക്ക് കുറുകെ കെട്ടിയുണ്ടാക്കിയ തൂക്കുപാലങ്ങളാണ്.
ചേലകാടും ചാമക്കയവും പാട്ടക്കലും ഇഞ്ചിപ്പാറയുമാണ് ചെറുഗ്രാമങ്ങൾ. ഇവിടെയുള്ളവർക്ക് വീട്ടിലേക്ക് എത്താൻ റോഡില്ല. അഞ്ച് കിലോമീറ്റർ ദൂരത്തിൽ റോഡ് പണിയണം. ഇവരുടെ പ്രശ്നം പുഴക്ക് കുറുകെ പാലം പണിതാൽ തീരില്ല. പുഴക്ക് അക്കരെയുള്ള ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന അഞ്ച് കിലോമീറ്റർ റോഡ് പണിയണം. റോഡ് പൂർത്തിയാകണമെങ്കിൽ മൂന്ന് തോടുകൾക്ക് കുറുകെ ചപ്പാത്ത് പണിയണം.
ഇതിന് വലിയ തുക വേണം. കുറച്ച് ദൂരം വനത്തിൽകൂടി റോഡ് വെട്ടണം. ഇതിന് വനം വകുപ്പ് അനുവദിക്കണം. ഇതിനിടയിലുള്ള ചന്ദനത്തോടിനും മീമ്മുട്ടി തോടിനും കല്ലേമാടത്തോടിനും കുറുകെ ചപ്പാത്ത് വേണം. ഈ ഗ്രാമങ്ങളിൽ കുടുംബങ്ങളുടെ എണ്ണം കുറവായതിനാൽ ജനപ്രതിനിധികൾ തിരിഞ്ഞുനോക്കില്ല. പതിറ്റാണ്ടുകളായി ഈ യാത്ര തുടരുകയാണ്. ഇത് ഇനി എത്രകാലം തുടരണമെന്ന് ഇവർക്കറിയില്ല.
വിനോദസഞ്ചാരസാധ്യത ഏറെയുള്ള നാടാണ് ഇവിടം. നല്ല കാലാവസ്ഥ, തൂക്കുപാലങ്ങൾ, കാക്കാരായാനിക്കടവ്, ആൾക്കല്ല് ഉൾപ്പെടെ കാഴ്ചകളുണ്ട്. വിനോദസഞ്ചാര വകുപ്പോ പഞ്ചായത്തോ ഇടപെടുമെന്നും തങ്ങളുടെ യാത്രക്ലേശം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് ഗ്രാമീണർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.