ചെള്ളല്‍ കോളനി നിവാസികൾ പറഞ്ഞുതരും, വൃത്തിയുടെ നല്ലപാഠങ്ങള്‍
text_fieldsതൊടുപുഴ: ആകെപ്പാടെയുള്ളത് അഞ്ചുസെൻറ് സ്ഥലമാണ്. പിന്നെ അതിലെങ്ങനെയാ മാലിന്യ സംസ്കരണവും വളമുണ്ടാക്കലുമൊക്കെ നടക്കുക. കുറച്ചുകൂടി സ്ഥലമുണ്ടായിരുന്നെങ്കില്‍ നോക്കാമായിരുന്നു. ഇതൊക്കെ പുറപ്പുഴ പഞ്ചായത്തിലെ നെടിയശാല ചെള്ളല്‍ കോളനിക്കാരോടാണ് പറയുന്നതെങ്കില്‍ അവര്‍ സമ്മതിക്കില്ല, കാരണം നാല് സെൻറുകാരായ ഈ കോളനിവാസികളെല്ലാം വീടുകളിലെ ഭക്ഷണാവശിഷ്ടവും മറ്റും സംസ്കരിച്ച് നല്ല വളമുണ്ടാക്കുന്നവരാണ്. ഇവിടുത്തെ താമസക്കാരിയും ഹരിതകര്‍മ സേനാംഗവുമായ പൊട്ടന്‍പ്ലാക്കല്‍ ബിജിമോളാകട്ടെ ജൈവവളം വിൽക്കാനും തുടങ്ങി. സ്ഥലസൗകര്യത്തിലൊന്നും ഒരു കാര്യവുമില്ലെന്നാണ് കോളനിക്കാരുടെ പക്ഷം.
35 വര്‍ഷത്തോളം പഴക്കമുള്ളതാണ് ഈ കോളനി. ഉപയോഗിച്ചശേഷം വലിച്ചെറിയുകയായിരുന്നു ഇവിടെയും ശീലം. എന്നാൽ, ഇന്ന് വൃത്തിയുടെ കോളനിയായി മാറിയിരിക്കുകയാണ് ചെള്ളല്‍. പരിസരത്തൊന്നും വലിച്ചെറിഞ്ഞ നിലയില്‍ ഒന്നും കാണാനില്ല. പ്ലാസ്റ്റിക്കും മറ്റും ഹരിതകര്‍മസേനക്ക് നല്‍കും. യൂസര്‍ഫീയും കൃത്യമായി കൊടുക്കും. ഭക്ഷണമാലിന്യം ഉൾപ്പെടെ ബയോപോട്ടുപയോഗിച്ച് മികച്ച വളമാക്കും. വാര്‍ഡ് അംഗം സിനി ജസ്റ്റിനാണ് വാര്‍ഡിലെ എല്ലാ വീടുകളിലും ജൈവമാലിന്യ സംസ്കരണ സംവിധാനമെത്തിച്ചത്.
പി.ജെ. ജോസഫ് എം.എൽ.എ ഇടപെട്ടായിരുന്നു ബയോപോട്ടുകള്‍ സൗജന്യമായി നല്‍കിയത്. ബയോപോട്ടുകളിലിടുന്ന ജൈവ മാലിന്യം സാധാരണനിലയില്‍ 35 ദിവസം കൊണ്ട് നല്ല വളമായി മാറും. ഇവയുടെ ഗുണനിലവാരം അതിശയപ്പെടുത്തുന്നതായി ബിജിമോള്‍ പറയുന്നു. പച്ചക്കറിക്കും മറ്റ് കൃഷികള്‍ക്കുമൊക്കെയിട്ടപ്പോള്‍ വളര്‍ച്ച ശരവേഗത്തിലായി. ഉപയോഗശേഷം മിച്ചംവന്ന 30 കിലോയോളം വളം കിലോക്ക് 30 രൂപ നിരക്കില്‍ കച്ചവടമുറപ്പിച്ചതിെൻറ സന്തോഷത്തിലാണ് ബിജി. വെറുതെ വലിച്ചെറിയാതെയിരുന്നാല്‍ എല്ലാ മാലിന്യവും പണമാണെന്നാണ് ബിജിമോളുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.