കാഴ്ചക്ക് ഇനി പരിമിതിയില്ല; ബ്രെയിൽ സാക്ഷരത പദ്ധതി വരുന്നു
text_fieldsതൊടുപുഴ: ജില്ലയിൽ കാഴ്ചപരിമിതി നേരിടുന്നവരെ കണ്ടെത്തി അടിസ്ഥാന വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ബ്രെയിൽ സാക്ഷരത പദ്ധതി നടപ്പാക്കുന്നു. കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് അധ്യാപക ഫോറവുമായി ചേർന്ന് സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്.
നാലു മാസമാണ് പദ്ധതി കാലാവധി. നിരക്ഷരരായ കാഴ്ചവെല്ലുവിളി നേരിടുന്നവർക്ക് ബ്രെയിൽ ലിപിയിൽ അടിസ്ഥാന വിദ്യാഭ്യാസം നൽകുക, ഇവരുടെ ആത്മവിശ്വാസവും ആത്മാഭിമാനവും വർധിപ്പിക്കുക, ഒറ്റപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക, കലാപരമായ കഴിവുകളെ വികസിപ്പിക്കാനും പ്രകടിപ്പിക്കാനും അവസരം ഒരുക്കുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. സാമൂഹിക നീതി വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, കുടുംബശ്രീ, ആശ വർക്കർമാർ, അംഗൻവാടി പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാകും പദ്ധതി നടത്തിപ്പ്.
സർവേയിലൂടെ കണ്ടെത്തുന്ന പഠിതാക്കൾക്ക് 160 മണിക്കൂർ ക്ലാസ് നൽകും. ഇതിനായി ബ്രെയിൽ ലിപിയിൽ പ്രാവീണ്യമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള ഇൻസ്ട്രക്ടർമാരെ നിയോഗിക്കും. ബ്രെയിൽ ലിപിയിലേക്ക് തർജമ ചെയ്ത സാക്ഷരത പാഠപുസ്തകമാണ് ഉപയോഗിക്കുന്നത്.
15 മുതൽ 20വരെ പഠിതാക്കൾക്ക് ഒന്ന് എന്ന നിലയിൽ ബ്ലോക്ക് അടിസ്ഥാനത്തിൽ ക്ലാസുകൾ സജ്ജമാക്കും. നേതൃത്വം നൽകാൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനായി സംഘാടക സമിതി രൂപവത്കരിക്കും. നവംബർ 30ന് ഉച്ചക്ക് ഒരു മണിക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിലാണ് ജില്ലതല സംഘാടക സമിതി യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.