മലങ്കരയിൽ ജലനിരപ്പ് താഴ്ന്നു; ശുദ്ധജല വിതരണം പ്രതിസന്ധിയിൽ
text_fieldsമൂലമറ്റം: മലങ്കര ജലാശയത്തിലെ ജലനിരപ്പ് താഴ്ന്നതോടെ ശുദ്ധജല വിതരണം പ്രതിസന്ധിയിലായി. മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉൽപാദനം കുറച്ചതിനാലാണ് ജലനിരപ്പ് ഗണ്യമായി താഴ്ന്നത്. ഇതോടെ മൂലമറ്റത്ത് ശുദ്ധജലവിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. അറക്കുളം 12-ാം മൈലിലാണ് ജല അതോറിറ്റിയുടെ പമ്പിങ് സ്റ്റേഷൻ. പുഴയിലൂടെ ഒഴുകിയെത്തുന്ന വെള്ളം പമ്പിങ് സ്റ്റേഷനു സമീപത്ത് എത്തില്ല. മൂലമറ്റം നിലയത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ പുറന്തള്ളുന്ന വെള്ളം കൂടിയുണ്ടെങ്കിൽ മാത്രമേ പമ്പിങ് സ്റ്റേഷനു സമീപത്ത് വെള്ളം എത്തൂ. മൂലമറ്റം നിലയത്തിൽ ഉൽപാദനം കുറച്ചതിനാൽ ഇപ്പോൾ പമ്പിങ് സ്റ്റേഷനുസമീപത്തേക്ക് വെള്ളം എത്തുന്നില്ല. മഴക്കാലത്ത് ഇവിടെ പമ്പിങ് മുടങ്ങുന്നതു പതിവാണ്. ചില ഘട്ടങ്ങളിൽ പഞ്ചായത്ത് അംഗങ്ങൾ നേരിട്ട് ഇടപെട്ട് മണ്ണുമാന്ത്രി യന്ത്രം എത്തിച്ച് പുഴ വഴിമാറ്റി ഒഴുക്കിയാണ് പമ്പിങ് സുഗമമാക്കിയിരുന്നത്. കുറെ കാലമായി ഈ പതിവുമില്ല. പരാതി പറഞ്ഞിട്ട് കാര്യമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉൽപാദനം കുറച്ചതും നച്ചാർ വറ്റുകയും ചെയ്തതോടെ മലങ്കര ജലാശയത്തിന്റെ ഭാഗമായ 12-ാം മൈൽ പുഴയിൽ ജലനിരപ്പ് താഴ്ന്നു. ഇതോടെ പകൽ പമ്പിങ് പൂർണമായും നിലച്ചു. വൈകിട്ട് ഏഴിന് ശേഷം ഏതാനും മണിക്കൂർ മാത്രമാണ് വെള്ളം പമ്പ് ചെയ്യാൻ സാധിക്കുന്നത്. വെള്ളം വറ്റുന്നതിനാൽ അധികനേരം പമ്പ് ചെയ്യാൻ സാധിക്കില്ല.
പഞ്ചായത്തിലെ ഏറ്റവും വലിയ ശുദ്ധജല പദ്ധതിയായ അറക്കുളം പമ്പ്ഹൗസ് പ്രവർത്തനം ആരംഭിച്ചത് നാലു പതിറ്റാണ്ട് മുമ്പാണ്. 2000 ലേറെ കുടുബങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നത് ഈ പദ്ധതിയിൽ നിന്നാണ്. പഞ്ചായത്തിലെ പ്രധാന പ്രദേശങ്ങളിലെല്ലാം കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. ഇവിടെ വിതരണ ടാങ്ക് ഏറെ പഴക്കം ചെന്നത് ആണ്. ചോർച്ചയുള്ളതിനാൽ വെള്ളം ടാങ്കിൽ നിൽക്കില്ല. ഇതുമൂലം 24 മണിക്കൂറും വെള്ളം പമ്പ് ചെയ്താൽ മാത്രമേ കുടിവെള്ളം എത്തിക്കാൻ കഴിയുക. വെള്ളം ശുചീകരിക്കാതെ പുഴയിൽ നിന്ന് നേരിട്ട് പമ്പ് ചെയ്താണ് ഇവിടെ വിതരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.