അണക്കെട്ടുകളിൽ ജലനിരപ്പ് 51 ശതമാനമായി കുറഞ്ഞു
text_fieldsമൂലമറ്റം: സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്റെ അണക്കെട്ടുകളിലെ ജലനിരപ്പ് 51 ശതമാനമായി കുറഞ്ഞു. മഴ കുറവായിരുന്നതിനാൽ സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനം കുറച്ചിരുന്നു. പ്രതീക്ഷിച്ചതുപോലെ തുലാവർഷം ലഭിച്ചതുമില്ല. പ്രതീക്ഷിച്ചിരുന്ന വേനൽമഴയും കടാക്ഷിച്ചില്ല.
സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2352.20 അടിയിലെത്തി. ഇത് പൂർണ സംഭരണ ശേഷിയുടെ 48 ശതമാനമാണ്. എന്നാൽ കഴിഞ്ഞ വർഷം ഇതേദിവസം അണക്കെട്ടിൽ 2348.68 അടി വെള്ളമാണ് അവശേഷിച്ചിരുന്നത്.
സംസ്ഥാനത്ത് മഴകുറവായിരുന്നതിനാൽ ആഭ്യന്തര വൈദ്യുതി ഉൽപാദനം കുറച്ചതാണ് ജലനിരപ്പ് അധികം താഴാതെ നിലനിൽക്കാൻ കാരണമായത്.
മഴക്കാലം എത്താൻ ഇനിയും രണ്ടര മാസം കൂടി കാത്തിരിക്കണം. ഇതിനിടെ തെരഞ്ഞെടുപ്പ് അടക്കം വരുന്നതിനാൽ വൈദ്യുതി ഉപയോഗം ഇനിയും ഉയരും.
നാല് ദിവസമായി സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിനു മുകളിലാണ്.
സംസ്ഥാനത്തെ ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം 101. 18 ദശലക്ഷം യൂനിറ്റാണ്. ഇതിൽ 83. 41 ദശലക്ഷം യൂണിറ്റും പുറം സംസ്ഥാനങ്ങളിൽ നിന്നും വാങ്ങുകയാണ് ചെയ്തത്. 17.77 ദശലക്ഷം യൂനിറ്റ് മാത്രമാണ് ആഭ്യന്തരമായി ഉൽപാദിപ്പിച്ചത്.
ഇടുക്കി അണക്കെട്ടിലെ ജലം ഉപയോഗിച്ച് ഇന്നലെ 4.75 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.