കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ പരിഗണിക്കില്ലെന്ന് വനിത കമീഷന്
text_fieldsതൊടുപുഴ: കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങള്‍ വനിത കമീഷെൻറ മുമ്പാകെ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് കമീഷന് അംഗങ്ങളായ ഷാഹിദ കമാലും അഡ്വ. ഷിജി ശിവജിയും. ജില്ലയില്‍ രണ്ടുദിവസമായി മൂന്നാറിലും കലക്ടറേറ്റിലും നടത്തിയ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അവര്‍. കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ കമീഷന് മുമ്പാകെയും കൊണ്ടുവരുന്ന പ്രവണത സമീപകാലത്ത് കൂടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കമീഷന് തീരുമാനമെടുക്കാനാവില്ല. ഇടുക്കി ജില്ലയില്‍ വസ്തുസംബന്ധമായ തര്‍ക്കങ്ങളും പരാതികളുമാണ് കൂടുതല്‍. ഇതില്‍ പലതും കോടതികളുടെ പരിഗണനയിലുള്ളതാണ്. സ്ത്രീധന വിഷയങ്ങള്‍ ഒന്നും സിറ്റിങ്ങില്‍ പരിഗണനക്ക് വന്നില്ല.
കോവിഡിനെത്തുടര്‍ന്നുള്ള പ്രതികൂല സാഹചര്യങ്ങള്‍മൂലം ഒരുവര്‍ഷമായി ഇടുക്കിയില്‍ കമീഷന് സിറ്റിങ് നടത്താനായില്ല. ടി.പി.ആര് നിരക്ക് കുറഞ്ഞതോടെ കോവിഡ്ചട്ടങ്ങള്‍ പാലിച്ചാണ് സിറ്റിങ് നടത്തിയതെന്ന് ഷാഹിദ കമാല്‍ പറഞ്ഞു. വെള്ളിയാഴ്ച കലക്ടറേറ്റില്‍ നടത്തിയ സിറ്റിങ്ങില്‍ 52 പരാതികളാണ് ലഭിച്ചത്. 14 കേസുകള്‍ പരിഹരിച്ചു. ഒമ്പത് കേസുകളിൽ വിവിധ വകുപ്പുകളുടെ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഒരു കേസ് പൊലീസ് നടപടിക്ക് കൈമാറി. തീർപ്പാകാത്ത 28 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
വ്യാഴാഴ്ച മൂന്നാര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന കമീഷന് സിറ്റിങ്ങില്‍ പരിഗണനക്കെടുത്ത 36 പരാതികളില്‍ മൂന്നെണ്ണം തീര്‍പ്പായിരുന്നു. കുടുംബപ്രശ്നങ്ങള്‍, അയല്‍ക്കാരുമായുള്ള പ്രശ്നങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങിയവയാണ് കൂടുതലായും എത്തിയത്. സ്ത്രീധന വിപത്തിനെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് അഡ്വ. ഷിജി ശിവജി പറഞ്ഞു. കമീഷന് ഡയറക്ടര്‍ വി.യു. കുര്യാക്കോസും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.