ഹൈറേഞ്ചിന് ഇനി ആഘോഷകാലം; തേക്കടി പുഷ്പമേളക്ക് ഇന്ന് തുടക്കം
text_fieldsകുമളി: നാടിന് ഉത്സവരാവുകൾ ഒരുക്കി ഒന്നരമാസം നീളുന്ന 16ാമത് തേക്കടി പുഷ്പമേളക്ക് കല്ലറയ്ക്കൽ ഗ്രൗണ്ടിൽ ബുധനാഴ്ച തുടക്കമാകും. രാവിലെ 10ന് മേള നഗറിലേക്ക് പ്രവേശനം ആരംഭിക്കും. വൈകീട്ട് 5.30ന് വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറും സംഘാടകസമിതി ചെയർപേഴ്സനുമായ രജനി ബിജു അധ്യക്ഷത വഹിക്കും. സംസ്ഥാന സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ ആർ. തിലകൻ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം. സിദ്ദീഖ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
ഇരുനൂറിൽപരം ഇനങ്ങളിൽ ഒരുലക്ഷത്തിലധികം പൂച്ചെടികളാണ് മണ്ണാറത്തറയിൽ ഗാർഡൻസ് പ്രദർശനത്തിന് ഒരുക്കിയിട്ടുള്ളത്. ആന്തൂറിയം, ഓർക്കിഡ് എന്നിവയുടെ പ്രത്യേക ശേഖരങ്ങളും പഴവർഗ തൈകൾ, വിവിധയിനം അപൂർവ സസ്യങ്ങൾ എന്നിവയും പ്രദർശനത്തിന് എത്തിച്ചിട്ടുണ്ട്. മരണക്കിണർ, ജയൻറ് വീൽ, കൊളംബസ്, കുട്ടികൾക്കുള്ള പ്രത്യേക റൈഡുകൾ എന്നിവയും മേളയുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. മേളയിൽ എല്ലാ ദിവസവും വൈകീട്ട് വിവിധ കലാപരിപാടികൾ അരങ്ങേറും. ഏഴ് വയസ്സ് വരെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർ, അനാഥമന്ദിരങ്ങളിലെ അന്തേവാസികൾ എന്നിവർക്ക് പ്രവേശനം സൗജന്യമാണ്. ഉദ്ഘാടന സമ്മേളനത്തിനു അമൃത നൃത്തകലാഭവൻ നൃത്തോത്സവവും ആരണ്യകം ഫോക്ലോർ ഗ്രൂപ്പിന്റെ മന്നാൻകൂത്തും അരങ്ങേറും. 60 രൂപയാണ് പ്രവേശന ഫീസ്. രാവിലെ 9.30 മുതൽ രാത്രി 10 വരെയാണ് പ്രദർശനമെന്ന് സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.