പ്രതാപം നഷ്ടപ്പെട്ട് തേക്കടി
text_fieldsകുമളി: കോവിഡ് ഉയർത്തിയ പ്രതിസന്ധി മാസങ്ങൾ വിട്ട് വർഷങ്ങളിലേക്ക് നീങ്ങിയതോടെ തേക്കടി ഉൾപ്പെടുന്ന വിനോദസഞ്ചാര മേഖലയുടെ നടുവൊടിഞ്ഞു. ഇടക്ക് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുമ്പോഴും തേക്കടിയിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണം വളരെ കുറയുന്നത് വ്യാപാര മേഖലയെ കടുത്ത ആശങ്കയിലാക്കുന്നു. കോവിഡിന് മുമ്പ് വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികൾ നിറഞ്ഞുനിന്ന തേക്കടി ഇപ്പോൾ ശൂന്യമാണ്. വിദേശ,- ഉത്തരേന്ത്യൻ സഞ്ചാരികളെ മാത്രം ആശ്രയിച്ച് നിലനിന്ന കശ്മീരി കരകൗശല വ്യാപാര സ്ഥാപനങ്ങൾ മിക്കതും പൂട്ടി. ദുരിതത്തിലായ വ്യാപാരികളിൽ പലരും കുമളിയെ ഉപേക്ഷിച്ച് നാടുകളിലേക്ക് മടങ്ങി. സുഗന്ധവ്യഞ്ജന, കരകൗശല വ്യാപാര സ്ഥാപനങ്ങൾ കോവിഡിന് മുമ്പ് കുമളി, തേക്കടി മേഖലകൾക്ക് അലങ്കാരമായിരുന്നു. എന്നാൽ, നിയന്ത്രണങ്ങളിൽ പലതവണ ഇളവു വരുത്തിയപ്പോൾ ഇത്തരം സ്ഥാപനങ്ങൾ തുറക്കാൻ കഴിയാതായത് കുമളിയുടെ തിരിച്ചുവരവ് അസാധ്യമാക്കി.
കഴിഞ്ഞ വർഷം മാർച്ചിലെ ലോക്ഡൗണിനെ തുടർന്ന് അടച്ച പല വ്യാപാര സ്ഥാപനങ്ങളും പിന്നീട് തുറക്കാത്ത സ്ഥലമായി കുമളി മാറി. കോവിഡിനിടെ വനം വകുപ്പ് ബോട്ട് ടിക്കറ്റ്, പ്രവേശന നിരക്കുകളിൽ വരുത്തിയ വർധന ഫലത്തിൽ പകൽക്കൊള്ളയായി മാറി. ഇതോടെ ആഭ്യന്തര സഞ്ചാരികളും തേക്കടിയെ ഉപേക്ഷിച്ചു. തേക്കടിയിൽ ബോട്ട് സവാരിയല്ലാതെ മറ്റൊന്നുമിെല്ലന്നും സഞ്ചാരികളെ എല്ലാ രംഗത്തും ചൂഷണം ചെയ്യുന്നുവെന്നുള്ള പ്രചാരണങ്ങൾ വിനോദ സഞ്ചാര മേഖലയുടെ തിരിച്ചുവരവിന് തിരിച്ചടിയായി. പല മേഖലകളിൽ നടക്കുന്ന ചൂഷണങ്ങളിൽ പഞ്ചായത്ത് - ടൂറിസം - പൊലീസ് അധികൃതർ കാഴ്ചക്കാരായതായും പരാതിയുണ്ട്.
വ്യാപാര സ്ഥാപനങ്ങൾ തുറക്കാതായതോടെ വ്യാപാരികൾക്ക് പുറമെ കെട്ടിട ഉടമകൾ, തൊഴിലാളികൾ, റിസോർട്ടുകളിലെ ജീവനക്കാർ എന്നിങ്ങനെ പല മേഖലകളിലും ദുരിതം കടുത്തു. സർക്കാർ ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വായ്പകളുടെ പലിശ പതിൻമടങ്ങായി വർധിക്കുന്നതും വൻതുകയായി തിരിച്ചടക്കേണ്ടി വരുന്നതും ആശങ്ക ഇരട്ടിയാക്കുന്നു.
കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീങ്ങി സംസ്ഥാന അതിർത്തി തുറന്ന് സാധാരണ നിലയിലേക്ക് ആയാലും വിദേശ സഞ്ചാരികളുടെ വരവോടെ മാത്രമേ തേക്കടിക്ക് പഴയ പ്രതാപം കുറച്ചെങ്കിലും തിരിച്ചുപിടിക്കാനാവൂ എന്നാണ് ഈ രംഗത്തെ നിക്ഷേപകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.