മുഖംമിനുക്കി തേക്കടി
text_fieldsകുമളി: വിനോദ സഞ്ചാരികളെ കൂടുതലായി ആകർഷിച്ച്, ഇതുവഴി ലഭിക്കുന്ന വരുമാനം കടുവ സങ്കേതത്തിന്റെ സംരക്ഷണത്തിന് വിനിയോഗിക്കാൻ പദ്ധതികൾ ഒരുക്കി വനംവകുപ്പ്. പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ തേക്കടിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കായി നിലവിലുള്ള ബോട്ട് സവാരിക്ക് പുറമേ പ്രത്യേക ബോട്ടും കാട്ടിനുള്ളിൽ താമസ സൗകര്യവും ഒരുക്കിയാണ് പുതിയ ടൂറിസം പരിപാടികൾ നടപ്പാക്കുന്നത്.
തേക്കടി തടാകത്തിൽ നിലവിലുള്ള വനം-കെ.ടി.ഡി.സി ബോട്ടുകളിൽ തുടരുന്ന സവാരി അതേപടി നിലനിർത്തി, പ്രത്യേക ബോട്ട് സഞ്ചാരികൾക്കായി ഒരുക്കുകയാണ് ചെയ്യുന്നത്. വനം വകുപ്പിന്റെ രണ്ട് ഫൈബർ ബോട്ടുകളാണ് സഞ്ചാരികൾക്കായി ഓടി തുടങ്ങുക. ഇവയുടെ അറ്റകുറ്റപണികൾ അവസാന ഘട്ടത്തിലാണ്. 19 പേർക്ക് സഞ്ചരിക്കാവുന്ന രണ്ടു ബോട്ടുകളും ഓണത്തോടനുബന്ധിച്ച് ഓടി തുടങ്ങും.
രാവിലെ ഏഴു മുതൽ വൈകിട്ട് 5.30. വരെ 7 തവണയാണ് പ്രത്യേക ബോട്ടുകൾ സർവ്വീസ് നടത്തുക. ഒരാൾക്ക് 1000 രൂപയാണ് നിരക്ക്. 19000 രൂപയാണ് ഒരു ട്രിപ്പിന് ഈടാക്കുക. ഈ തുക നൽകി ഒരു കുടുംബത്തിനോ ഒറ്റക്കോ ബോട്ടിൽ യാത്ര ചെയ്യാൻ കഴിയും. കുടിവെള്ളം, ലഘുഭക്ഷണം, പരിചയസമ്പന്നനായ ഗൈഡിന്റെ സേവനം എന്നിവ ബോട്ടിൽ ഒരുക്കും.
തേക്കടിയിലെ വിവിധ നക്ഷത്ര ഹോട്ടലുകളിൽ താമസിക്കുന്ന വിദേശികൾ ഉൾപ്പെടെ വിനോദ സഞ്ചാരികൾക്കാണ് പുതിയ ബോട്ട് സവാരി പ്രയോജനം ചെയ്യുക. പക്ഷി, ശലഭ നിരീക്ഷകർക്കും വന്യജീവി ഫോട്ടോഗ്രാഫർമാർക്കും പ്രത്യേക ബോട്ട് സവാരി പ്രയോജനമാകും.
തേക്കടിയിൽ തിരക്കേറുന്ന ഘട്ടത്തിൽ ബോട്ട് ടിക്കറ്റ് ലഭിക്കാതെ വരുന്ന കുടുംബങ്ങൾക്ക് 19000 നൽകി പ്രത്യേക ബോട്ട് സവാരി തരപ്പെടുത്താം എന്നത് നേട്ടമാകും. പ്രത്യേക ബോട്ട് സവാരിക്ക് പുറമേ, തേക്കടി തടാകത്തിനു നടുവിലെ താമസ സൗകര്യവും സഞ്ചാരികളെ ആകർഷിക്കും.
ഇതിനായി തേക്കടി ലേക്ക് പാലസിനു സമീപത്തെ വനം വകുപ്പ് കെട്ടിടത്തിൽ രണ്ട് മുറികളാണ് ഒരുങ്ങുന്നത്. രണ്ട് പേർക്ക് താമസിക്കാവുന്ന ഒരു മുറിക്ക് ഭക്ഷണം ഉൾപ്പെടെ 5000 രൂപയാണ് വാടക. ഇവിടേക്ക് ബോട്ടിൽ യാത്ര, കാടിനുള്ളിൽ ട്രക്കിങ് പ്രത്യേക വ്യൂ പോയന്റിൽ എത്തി ഫോട്ടോ എടുക്കാൻ സൗകര്യം, എന്നിവയെല്ലാം താമസിക്കാൻ എത്തുന്നവർക്ക് സൗജന്യമായി ലഭിക്കും.
തടാകത്തിനു നടുവിലെ കെ.ടി.ഡി.സിയുടെ ലേക്ക് പാലസ് ഹോട്ടലിൽ ഒരു ദിവസം താമസത്തിന് 20000 രൂപ നൽകേണ്ടി വരുമ്പോഴാണ് നാലിലൊന്ന് നിരക്കിൽ വനം വകുപ്പിന്റെ താമസ സൗകര്യം ഒരുങ്ങുന്നത്. ഓണത്തോടനുബന്ധിച്ച് പുതിയ ടൂറിസം പരിപാടികൾ ആരംഭിക്കുന്നതോടെ സഞ്ചാരികൾക്ക് ഓൺലൈനായി ഇവ ബുക്ക് ചെയ്യാനും അവസരമൊരുക്കുമെന്ന് വനപാലകർ പറയുന്നു.
വെല്ലുവിളി കരിഞ്ചന്തയും തട്ടിപ്പും
കുമളി: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ വനം വകുപ്പ് പുതിയ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും വെല്ലുവിളിയാകുന്നത് ബോട്ട് ടിക്കറ്റ് കരിഞ്ചന്തയും തട്ടിപ്പും. വിനോദ സഞ്ചാരികളുടെ തിരക്കേറുന്ന ഘട്ടത്തിൽ വനം, കെ.ടി.ഡി.സി ജീവനക്കാരിൽ ചിലരുടെ ഒത്താശയോടെയാണ് പതിവായി ബോട്ട് ടിക്കറ്റ് കരിഞ്ചന്ത നടക്കുന്നത്. 240 രൂപയുടെ ടിക്കറ്റ് മുൻകൂട്ടി വാങ്ങി പുറത്ത് 600-1500 രൂപക്ക് വരെയാണ് വിൽപ്പന. കരിഞ്ചന്തയുടെ വിഹിതം കൃത്യമായി ലഭിക്കുന്നതിനാൽ പലതവണ പരാതി ഉയർന്നിട്ടും നടപടികൾ കടലാസിൽ മാത്രം ഒതുങ്ങി. പ്രത്യേക ബോട്ട് സവാരി ആരംഭിക്കുമ്പോൾ ഇത് 19000 രൂപക്ക് നേരത്തേ ബുക്ക് ചെയ്ത ശേഷം വൻ തുകക്ക് മറിച്ചു വിൽക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.
തേക്കടിയിൽ എത്തുന്ന വിനോദ സഞ്ചാരികളെ ചിലർ കബളിപ്പിച്ച് പണം കൈക്കലാക്കുന്നത് പതിവാണ്. തടാകത്തിലെ ബോട്ട് സവാരി അപകടമാണെന്നും ബോട്ട് സവാരി ഇല്ലെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. ഇങ്ങനെ വലയിലാക്കുന്ന സഞ്ചാരികളെ കളരിപ്പയറ്റ്, ആനസവാരി, ജീപ്പ് സവാരി എന്നിങ്ങനെ വനമേഖലക്ക് പുറത്തുള്ള പരിപാടിയ്ക്ക് കൊണ്ടുപോയി കമ്മീഷൻ ഇനത്തിൽ വൻ തുക ഓരോ ദിവസവും കൈക്കലാക്കുന്നു. വനം വകുപ്പിന്റെ പാർക്കിങ് ഗ്രൗണ്ടിൽ എട്ടു ബസുകളിലെത്തിയ വിനോദ സഞ്ചാരികളെ ഇത്തരത്തിൽ പറഞ്ഞ് കബളിപ്പിച്ച് ബോട്ട് സവാരിക്ക് വിടാതെ ജീപ്പ് സവാരി നടത്തിച്ചത് ദിവസങ്ങൾക്ക് മുമ്പാണ്.
ബോട്ട് സവാരിക്കെത്തിയ യുവാക്കളുടെ സംഘത്തെ ബോട്ടിങ്ങിന് വിടാതെ കബളിപ്പിച്ചതും കഴിഞ്ഞ ദിവസം വലിയ ഒച്ചപ്പാടിനിടയാക്കിയിരുന്നു. തട്ടിപ്പ് നടത്തുന്നവരെ പിടികൂടാനും നിയന്ത്രിക്കാനും ഡി.ടി.പി.സി, പൊലീസ്, വനം അധികൃതർ ഉണ്ടെങ്കിലും ഇവരെല്ലാം കാഴ്ചക്കാരായി മാറിയതോടെ തട്ടിപ്പുകാർക്ക് തേക്കടിയിൽ ചാകരയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.