ദുരിതമാണീ ദുർഘടപാതകൾ...
text_fieldsഒരു നാടിന്റെ വളർച്ചയിൽ ആദ്യം വികസിക്കേണ്ടത് അടിസ്ഥാന സൗകര്യങ്ങളാണ്. അതിൽ പ്രധാനമാണ് ഗതാഗതം. ജില്ലയുടെ വികസനത്തിന് ആക്കം കൂട്ടുന്ന രീതിയിൽ ഗതാഗത സംവിധാനങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ഗ്രാമീണ മേഖലകളിലെ യാത്രാസൗകര്യങ്ങൾ അത്ര സുഖകരമല്ല.
വർഷങ്ങളായി തകർന്ന ഒട്ടേറെ റോഡുകളുണ്ട്. പണി തുടങ്ങിയിട്ടും പൂർത്തിയാകാത്തവയും ഉണ്ട്. പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയിട്ടും ഫലം ഉണ്ടായിട്ടില്ല. ഇത്തരം ചില റോഡുകളും അവിടുത്തെ ജനങ്ങളുടെ ദുരിതങ്ങളുമാണ് ഇന്നത്തെ അന്വേഷണം.
എങ്ങുമെത്താതെ മൂവാറ്റുപുഴ-തേനി അന്തര്‍ സംസ്ഥാന പാത
കോടിക്കുളം : സ്വാതന്ത്ര്യ സുവർണ ജൂബിലി സ്മാരകമായി പ്രഖ്യാപിച്ച മൂവാറ്റുപുഴ -തേനി അന്തര്‍ സംസ്ഥാന പാതയുടെ ഇടുക്കി ജില്ലയിലൂടെ കടന്നുപോകുന്ന ഭാഗത്തിന്റെ പണി എങ്ങുമെത്താതെ തുടരുന്നു. 2000ത്തില്‍ ഗസറ്റ് വിജ്ഞാപനം വഴി അന്തര്‍സംസ്ഥാന പാതയായി ഉത്തരവിറക്കി 23 വര്‍ഷമായിട്ടും റോഡ് യാഥാർഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല .ഇതോടെ പാത കടന്നുപോകുന്ന ഭാഗത്തുള്ളവരുടെ പ്രതീക്ഷ കാത്തിരിപ്പ് മാത്രമായി അവശേഷിക്കുകയാണ്.
മൂവാറ്റുപുഴ, രണ്ടാറ്, ആയവന, കല്ലര്ക്കാട്, തഴുവംകുന്ന്, പെരുമാംകണ്ടം, ഈസ്റ്റ് കലൂർ വക്കാല, കോടിക്കളം, കരിമണ്ണൂര്കോട്ടക്കവല, ഉടുമ്പന്നൂര്‍ കോട്ടക്കവല, പരിയാരം, ചീനിക്കുഴി, പെരിങ്ങാശ്ശേരി, ഉപ്പുകുന്ന് വഴി പാറമടയിൽ എത്തി അവിടെ വെച്ച് തൊടുപുഴ പുളിയന്മല റോഡില്‍ പ്രവേശിച്ച് കട്ടപ്പന, നെടുങ്കണ്ടം കമ്പംമെട്ട് വഴി തേനിക്ക് പോകുന്നതാണ് പാത. ഇതിന് എറണാകുളം ജില്ലയില്‍ 15 കിലോമീറ്ററും ഇടുക്കി ജില്ലയില്‍ 140 കിലോമീറ്ററും തമിഴ്നാട്ടില്‍ 30 കിലോമീറ്ററും ഉള്‍പ്പെടെ 185 കിലോമീറ്ററാണ് ആകെ ദൂരം.
ഇതിനിടെ ഈ പാത ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ കോട്ടക്കവല പരിയാരം ഭാഗത്തുനിന്ന് തിരിഞ്ഞ് വേളൂര്‍ കൈതപ്പാറ മണിയാറന്‍കുടി വഴി ചെറുതോണിയില്‍ എത്തുന്ന വി ധമായിരിക്കണമെന്ന തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ പണി പൂര്‍ണമായും തീര്‍ന്നു. പഴയ വടക്കുംകൂര്‍ രാജാക്കന്മാരുടെ കോട്ട നിലനിന്നിരുന്ന ഭാഗത്തുകൂടിയാണ് റോഡ് കടന്നുപോകുന്നത്. ഇനിയും മൺ പണികൾ പോലും തുടങ്ങാൻ കഴിയാത്ത 1.85 കിലോമീറ്റർ ദൂരം അളന്ന് വേർതിരിക്കാൻ സർവേ ഡയറക്ടർ തൊടുപുഴ എൽ.എ തഹസീൽദാർക്ക് നിർദേശം നൽകിയിട്ട് ആറു മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഇല്ല.
ഇത് റോഡുപണിക്ക് വലിയ തടസ്സമാണ്. 1.85 കിലോമീറ്റർ ഭാഗത്ത് സ്ഥലം ഏറ്റെടുക്കേണ്ടതുണ്ടെന്നും അത് കണ്ടെത്തി നടപടികള്‍ നടന്നുവരികയാ ണെന്നും സര്‍വേ വിഭാഗത്തില്‍ ജീവനക്കാരുടെ കുറവ് ഉള്ളതിനാലാണ് സമയബന്ധിതമയി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്നുമാണ് അധികൃതർ പറയുന്നത്.
നെയ്യശ്ശേരി-തോക്കുമ്പസാഡിൽ റോഡ് നിർമാണം ഇഴയുന്നു;ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
തൊടുപുഴ: നെയ്യശ്ശേരി-തോക്കുമ്പസാഡിൽ റോഡ് നിർമാണം ബോധപൂർവം വൈകിക്കുന്നുവെന്ന് ആരോപിച്ച് വ്യാഴാഴ്ച ഈ റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ സൂചന സമരം നടത്തും. ബഹുജന സമര സമിതി നേതൃത്വത്തിൽ രാവിലെ അഞ്ച് മുതൽ രാത്രി 7.30 വരെയാണ് പ്രതിഷേധം. വകുപ്പുകൾ തമ്മിൽ ഐക്യമില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി 232 കോടി രൂപക്ക് 33.50 കിലോമീറ്റർ റോഡാണ് കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ പുനർനിർമിക്കുന്നത്. നിർമാണം ഏറ്റെടുത്ത കരാർ കമ്പനി ഓരോ ജോലിയും ഉപവർക്കുകളായി പരിചയസമ്പന്നരല്ലാത്ത നിരവധി കമ്പനികൾക്ക് നൽകി ജോലിയിൽ കൃത്യവിലോപം നടത്തുകയാണ്. മുളപ്പുറം പാലം അശാസ്ത്രീയമായി ഉയർത്തി നിർമിച്ചത് കാരണം റോഡ് ഉയർത്തേണ്ട സാഹചര്യമാണുള്ളത്. പാലത്തിന്റെ അസ്തിവാരം താഴ്ത്തി പണിതിട്ടില്ല. അതിനാൽ ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്.
റോഡ് ടെൻഡർ ഏറ്റെടുത്ത ഉടൻതന്നെ കരാർ കമ്പനി ഈ പാലം പൊളിക്കുകയാണ് ഉണ്ടായത്. കോട്ടക്കവലയിൽനിന്ന് മിഷൻകുന്ന് വഴി മൂന്ന് കിലോമീറ്റർ ചുറ്റി വാഹനങ്ങൾ പോകേണ്ട ഗതികേടാണ്.
ഈ പകരം സംവിധാനം തകർന്നടിഞ്ഞിരിക്കുകയാണ്. പകരമായി ഉപയോഗിക്കേണ്ട റോഡ് കരാർ കമ്പനി റീടാർ ചെയ്ത് ഉപയോഗയോഗ്യമാക്കി നൽകണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ലെന്ന് ഇവർ ആരോപിച്ചു.
ജലവിഭവ -വൈദ്യുതി വകുപ്പുകളും കെ.എസ്.ടി.പി.യും തമ്മിൽ ഏകീകരണമില്ലാതെയും വനം വകുപ്പിന്റെ ഇടപെടലുമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് പറയുന്നത്. പണി വൈകിക്കുന്നത് എസ്റ്റിമേറ്റ് പുതുക്കാനും റോഡ് പണിയുടെ പേരിൽ വൻതോതിൽ പാറ പൊട്ടിക്കുന്നതിനുമാണോയെന്ന് സംശയമുണ്ട്. പ്രശ്നത്തിൽ പഞ്ചായത്ത് മൗനം തുടരുകയാണ്.
വാർത്ത സമ്മേളനത്തിൽ ജനകീയ സമിതി ചെയർമാൻ മനോജ് കോക്കാട്ട്, ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികളായ ഷാജി മൺസൂര്യ, ജോബി ഐപ്പ്, മുജീബ് പാലാഴി, അമൽ ദേവ് എന്നിവർ പങ്കെടുത്തു.
എന്നിനി നന്നാവും ഈ റോഡ്
തൊടുപുഴ: എന്നെങ്കിലും നന്നാക്കുമോ പുതുച്ചിറ -മുതലക്കോടം റോഡും മഠത്തിക്കണ്ടം -മുതലക്കോടം റോഡും എന്ന അന്വേഷണത്തിലാണ് നാട്ടുകാര്‍. രണ്ടു റോഡുകളും പൂര്‍ണമായും തകര്‍ന്നുകിടക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷത്തിലേറെയായി. പലതവണ നഗരസഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. പിന്നീട് പരാതി നല്കി . ഒടുവില്‍ നവകേരള സദസ്സിലും പരാതി നല്കി. എന്നിട്ടും പരിഹാരം ഇല്ല. മൂന്നുമാസം കഴിഞ്ഞാല്‍ മഴക്കാലം തുടങ്ങും. റോഡിലെ കുഴികള്ഇനിയും വലുതാകും. അതില്വെള്ളം നിറഞ്ഞ് കുഴിയേത് റോഡേത് എന്നറിയാന്‍ കഴിയാത്ത സ്ഥിതിയുമാകും.
വാര്‍ഡ് പ്രതിനിധികളോടു പറഞ്ഞാല്‍ പണമില്ല എന്ന മറുപടി യാണ് പറയുക. ഏഴല്ലൂർ റോഡിൽനിന്ന് തുടങ്ങി മഠത്തിക്കണ്ടം പെട്ടെനാട് ഇല്ലിച്ചുവട് മുതലക്കോടം ഹൈസ്കൂൾ പടിക്കൽ കൂടി മുതലക്കോടം ടൗണിൽ എത്തുന്ന ഒന്നര കിലോമീറ്റർ റോഡ് പൂർണമായും തകർന്നിരിക്കുകയാണ്. കരാറുകാരനുമായുള്ള കേസിന്റെ പേരിലാണ് വർഷങ്ങൾ ആയിട്ടും റോഡ് നന്നാക്കാത്തതെന്ന് പറയുന്നു. കേസ് തീർപ്പാക്കാൻ നഗരസഭ താൽപര്യം കാട്ടുന്നില്ലെന്ന് റോഡ് നവീകരണ കർമസമിതി ചൂണ്ടിക്കാട്ടുന്നു. നഗരസഭക്ക് മുന്നിൽ ധർണക്കൊരുങ്ങുകയാണ് കർമസമിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.