മുതലക്കോടത്ത് കുണ്ടും കുഴിയുമില്ലാത്ത ഒരു റോഡുപോലുമില്ല
text_fieldsമുതലക്കോടം: നഗരസഭയുടെ അധീനതയിൽപെട്ട, കുണ്ടും കുഴിയുമില്ലാത്ത ഒരു റോഡ് മുതലക്കോടത്ത് മഷിയിട്ട് നോക്കിയാൽ പോലും കാണാനാവില്ല . മുതലക്കോടം സ്കൂൾ - മഠത്തിക്കണ്ടം റോഡ്, മുതലക്കോടം -പഴേരി -പുതുച്ചിറ റോഡ്, കൃഷ്ണപിള്ള റോഡ് തുടങ്ങി മുതലക്കോടത്തിന്റെ ഹൃദയ ഭാഗങ്ങളിൽ കൂടി കടന്നുപോകുന്ന റോഡുകളുടെ ദുരവസ്ഥ കാണാൻ നഗരസഭാധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
കൃഷ്ണപിള്ള റോഡും സ്റ്റേഡിയം റോഡും നന്നാക്കാൻ കുഴികൾ രണ്ടാഴ്ചമുമ്പ് വൃത്തിയാക്കി. ഇതോടെ ഇവിടെ ഉണ്ടായിരുന്ന കുഴികളുടെയെല്ലാം വലിപ്പവും ആഴവും ഒന്നുകൂടി വർധിച്ചു. അതോടെ ദുരിതം ഇരട്ടിയായി. ഒമ്പത്, പത്ത് വാർഡുകളിൽ കൂടി കടന്നുപോകുന്ന റോഡാണ് പ്രധാനമായും തകർന്നുകിടക്കുന്നത്. ഇതിൽ ഒമ്പതാം വാർഡ് പ്രതിനിധി മുൻ വൈസ് ചെയർമാനായിരുന്നു. കോടതി അയോഗ്യയാക്കിയതോടെ വാർഡിൽ നിലവിൽ കൗൺസിലറില്ല.
മുതലക്കോടം മഠത്തിക്കണ്ടം റോഡിന്റെ കുറച്ച് ഭാഗത്ത് കരാറുകാരനുമായി കേസ് ഉണ്ടെന്നും അതിനാലാണ് തകർന്നു കിടക്കുന്ന ഈ ഭാഗം നന്നാക്കാൻ രണ്ട് വർഷമായിട്ടും കഴിയാത്തത് എന്ന നിലപാടിലാണ് നഗരസഭ.
കോടതിയെ കാര്യങ്ങൾ കൃത്യമായി ധരിപ്പിച്ച് പ്രദേശവാസികളുടെ യാത്രാദുരിതം പരിഹരിക്കാനും നടപടിയില്ല. നേരിട്ടും രേഖാമൂലവും നഗരസഭയിലും നവകേരള സദസ്സിലും പരാതി നൽകിയിട്ടും മൂന്നു വർഷമായി തുടരുന്ന യാത്രാ ദുരിതത്തിന് പരിഹാരമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.