കുട്ടികൾ വീട്ടിലിരുന്നാലും തേടിയെത്തും ഈ അധ്യാപകർ
text_fieldsെതാടുപുഴ: കുട്ടികൾ ഓൺലൈൻ ക്ലാസുകളിൽ ആണെങ്കിലും പണിക്കൻകുടി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ജോർജ് ഇഗ്നേഷ്യസിനും സഹപ്രവർത്തകർക്കും വിശ്രമിക്കാൻ ഒട്ടും സമയമില്ല. ലോക്ഡൗൺ ഇളവിന് പിന്നാലെ സ്കൂളിലെ 108ലധികം വിദ്യാർഥികളുടെ വീടുകളിൽ ഇവർ സന്ദർശനം നടത്തിക്കഴിഞ്ഞു.
കുശലാന്വേഷണത്തിന് വേണ്ടിയുള്ള വെറും യാത്രകൾ മാത്രമല്ല, മറിച്ച് വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾകൂടി കണ്ടെത്തി പരിഹാരംകൂടി നിർദേശിക്കുന്നുണ്ട് ഈ അധ്യാപകർ. ഗതാഗതസൗകര്യം വെല്ലുവിളി സൃഷ്ടിക്കുന്ന മേഖലയിലെ ഒട്ടേറെ കുട്ടികളാണ് പണിക്കൻകുടി സ്കൂളിൽ പഠിക്കുന്നത്. പുസ്തകങ്ങൾ സ്കൂളുകളിൽ വന്ന് വാങ്ങാൻ നിർദേശിച്ചെങ്കിലും പലരും എത്താത്തത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധ്യാപകരുടെ നേതൃത്വത്തിൽ പുസ്തകം വീട്ടിലെത്തിച്ചുനൽകാൻ തീരുമാനിച്ചത്. തിങ്കൾകാട്, മുനിയറ, വള്ളക്കടവ്, മരക്കാനം തുടങ്ങിയ വിദൂര മേഖലകളിൽ എത്തുന്നതിനായി അധ്യാപകരുടെ വാഹനത്തിൽ തന്നെയാണ് കുട്ടികളുടെ വീടുകൾ തേടിയിറങ്ങിയത്.
ഇവിടെ എത്തിയതോടെയാണ് പല കുട്ടികളുടെയും സാഹചര്യം അധ്യാപകർക്ക് ബോധ്യപ്പെട്ടത്. പല വീടുകളിലും വൈദ്യുതിയും നെറ്റും അനുബന്ധ സൗകര്യങ്ങളുമില്ല. വിക്ടേഴ്സ് ചാനലിലൂടെയും ഗൂഗിൾ മീറ്റിലൂടെയും കുട്ടികൾ ക്ലാസുകൾ കാണുന്നുണ്ടെങ്കിലും പല വിദ്യാർഥികൾക്കും സ്കൂളിലെത്താൻ കഴിയാത്തതിൽ വലിയ നിരാശയാണ് പങ്കുവെച്ചതെന്ന് േജാർജ് ഇഗ്നേഷ്യസ് പറഞ്ഞു. രാവിലെ സ്കൂളിൽനിന്ന് പുറപ്പെട്ട് വിദ്യാർഥികൾ കൂടുതലുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ആദ്യദിനങ്ങളിൽ എത്തിയത്. ചില കുട്ടികളുടെ വീടുകളിലേക്കെത്താൻ വാഹനം നിർത്തി രണ്ട് കിലോമീറ്റർ വരെ നടക്കേണ്ടിവന്നു. വീടുകളിലേക്ക് അധ്യാപകർ എത്തിയത് കുട്ടികൾക്കും അത്ഭുതമായി.
ഓൺലൈൻ ക്ലാസിൽനിന്ന് ലഭിച്ച കുട്ടികളുടെ ക്ലാസിലെ സംശയങ്ങളടക്കം ദൂരീകരിച്ചശേഷമാണ് ഇവർ മടങ്ങിയത്. എന്നാൽ, ചിലരൊക്കെ ഇപ്പോഴും ക്ലാസുകൾ കൃത്യമായി പ്രയോജനപ്പെടുത്തുന്നില്ലെന്ന കാര്യവും അധ്യാപകർ കണ്ടെത്തി. കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ നിലവിൽ വീടുകളിലെ സന്ദർശനം നിർത്തിവെച്ചിരിക്കുകയാണ്. സ്കൂൾ തുറക്കുന്ന കാര്യം അനിശ്ചിതത്വത്തിലായതോടെ ഓൺലൈൻ ക്ലാസുകൾ കുട്ടികളിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ഇവിടുത്തെ അധ്യാപകർ. പ്രധാന അധ്യാപകനൊപ്പം കെ.ടി അജേഷ്, എസ്.ജ്യോതിസ്, വി.എൻ രാേജഷ്, ഷൈല അലി, ത്യേസ്യാമ്മ മാത്യു തുടങ്ങിയ അധ്യാപകരും വിദ്യാർഥികളെ തേടിയുള്ള യാത്രയിൽ പങ്കാളികളാകാറുണ്ട്.
സ്കൂളുകളിൽ വിദ്യാർഥികളില്ലാത്ത അവരുടെ കളിചിരികളില്ലാത്ത കോവിഡ് കാലമൊക്കെ വേഗം കഴിഞ്ഞ് കുട്ടികൾ സ്കൂളിലേക്കെത്തണേ എന്ന ഒറ്റ ആഗ്രഹം മാത്രമാണ് ഇൗ അധ്യാപകരെല്ലാം പങ്കുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.