കാട്ടാനക്കലിയിൽ ഉലഞ്ഞ് നാട്
text_fieldsതൊടുപുഴ: ജില്ലയിൽ കാട്ടാനകളെ പേടിച്ച് മനുഷ്യരുറങ്ങാത്ത ഇടങ്ങൾ നിരവധിയാണ്. ഓരോ ദിവസവും ഒറ്റക്കും കൂട്ടമായും എത്തുന്ന കാട്ടാനകൾ കൃഷിയിടങ്ങളും വീടും തകർക്കുകയാണ്. മനുഷ്യരും കാട്ടാനക്കലിക്ക് ഇരയാകുന്നു. ജില്ലയിൽ ഈ വർഷം മാത്രം ഏഴുപേരാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇതിൽ അവസാനത്തെ ആളാണ് ഞായറാഴ്ച വൈകിട്ട് മുള്ളരിങ്ങാട് കൊല്ലപ്പെട്ട അമർ ഇബ്രാഹിം. ജൂലൈ 21 നാണ് ചിന്നക്കനാൽ ടാങ്ക് കുടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് ടാങ്ക് കുടി സ്വദേശി കണ്ണൻ (47) കൊല്ലപ്പെട്ടത്. ആനയിറങ്കൽ ജലാശയത്തിന് സമീപം വണ്ണാത്തിപ്പാറയിലെ കൃഷിയിടത്തിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ കാട്ടാനക്കൂട്ടത്തിന്റെ മുന്നിലകപ്പെടുകയായിരുന്നു. മാർച്ച് നാലിന് അടിമാലി കാഞ്ഞിരംവേലി മുണ്ടോകത്തിൽ ഇന്ദിര കൊല്ലപ്പെട്ടത്.
അയൽവാസിയോട് സംസാരിച്ച് നിൽക്കെ പിന്നിലൂടെ പാഞ്ഞടുത്ത ആന ഇന്ദിരയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഓട്ടോറിക്ഷ തുമ്പികൈയിലെടുത്ത് എറിഞ്ഞതിനെ തുടർന്ന് ഓട്ടോ ഡ്രൈവറായ സുരേഷ് കുമാർ മരിച്ചു. മൂന്നാർ കന്നിമല എസ്റ്റേറ്റിൽ തൊഴിലാളി ലയങ്ങൾക്ക് സമീപമായിരുന്നു അപകടം.
ജനുവരി 22ന് കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ചിന്നക്കനാൽ സ്വദേശി സൗന്ദർരാജനെ ചക്കക്കൊമ്പൻ എന്ന കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി. ജനുവരി 23ന് തെൻമല എസ്റ്റേറ്റിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ കോയമ്പത്തൂർ സ്വദേശി കെ. പോൾ രാജും കാട്ടാനയുടെ ആക്രാമണത്തിൽ കൊല്ലപ്പെട്ടു.
തെമല ലോവർ ഡിവിഷനിൽ കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടാനയുടെ മുന്നിൽ അകപ്പെട്ടത്. ജനുവരി എട്ടിന് തോണ്ടിമല പന്നിയാർ എസ്റ്റേറ്റിൽ തേയില കൊളുന്ത് നുള്ളാൻ പോയ തോട്ടം തൊഴിലാളിയായ പരിമളവും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
മുള്ളരിങ്ങാട് കാട്ടാനപ്പേടിയിൽ
എന്തിനാണോ മുള്ളരിങ്ങാട്ടുകാർ പേടിച്ചത്, അത് തന്നെ സംഭവിച്ചു. കാട്ടാനയുടെ കൊലവിളി മുഴങ്ങി. ഹൈറേഞ്ചിൽ കാട്ടാനയുടെ ആക്രമണം പതിവാണെങ്കിലും വണ്ണപ്പുറം പോലുള്ള പ്രദേശത്ത് അടുത്ത കാലത്തൊന്നും കാട്ടാന മനുഷ്യജീവൻ അപഹരിച്ചിട്ടില്ല. മുള്ളരിങ്ങാട് ഏറെ നാളായി കാട്ടാന ശല്യം നില നിൽക്കുന്നുണ്ട്. നാലു വർഷമായി പത്തോളം കാട്ടാനകളാണ് നാടിനെ പേടിപ്പിച്ചുകൊണ്ടിരുന്നത്.
ഇടുക്കി ജില്ലയിലെ വണ്ണപ്പുറം, എറണാകുളം ജില്ലയിലെ പൈങ്ങോട്ടൂർ, കവളങ്ങാട് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് മുള്ളരിങ്ങാട്. നേര്യമംഗലം വനത്തോട് ചേർന്നുകിടക്കുന്ന ഭാഗം. നല്ല ഗതാഗത സൗകര്യവും അവശ്യ സൗകര്യങ്ങളൊക്കെയുള്ള മേഖല. നാലുവർഷം മുമ്പ് വരെ ഒരു പ്രശ്നവുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് കുറച്ച് കാട്ടാനകൾ വനത്തിൽ നിന്ന് ജനവാസമേഖലയിലേക്ക് എത്തിയത്. എത്രയൊക്കെ ശ്രമിച്ചിട്ടും ഇവ കാടുകയറിയില്ല.
വനംവകുപ്പിന്റെ തേക്കുംകൂപ്പ് ഇവിടുണ്ട്. ആളുകൾ തുരത്തുമ്പോൾ ഇവിടേക്ക് കയറുന്ന കാട്ടാന വീണ്ടും ജനവാസമേഖലയിലേക്ക് ഇറങ്ങും. നാലു വർഷംകൊണ്ട് പ്രദേശത്ത് വ്യാപകമായ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ നാട്ടുകാർ പ്രതിഷേധം തുടങ്ങി. തേക്കിൻകൂപ്പിൽ സൗരവേലി കെട്ടിയെങ്കിലും ആനകൾ മിക്കതും അതിനിപ്പുറം നിലയുറപ്പിച്ചിരിക്കുന്നതിനാൽ പ്രയോജനം ഉണ്ടായില്ല.
കൂടാതെ സൗരവേലി പൂർണമായും കെട്ടിയതുമില്ല. തെങ്ങ്, കമുക്, പൈനാപ്പിൾ, പ്ലാവ്, തന്നാണ്ടുവിളകൾ എല്ലാം ആനകൾ വ്യാപകമായി നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആദിവാസികളും ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്.
കാടിനുള്ളിലേക്ക് തുരത്താൻ ‘ചെയ്സ് എലിഫന്റ് ഡ്രൈവ്’
കാട്ടാനശല്യം രൂക്ഷമായതോടെ പ്രദേശത്ത് പ്രതിഷേധം ഉയർന്നതോടെ ജനവാസ മേഖലയിൽ ഒറ്റക്കും കൂട്ടമായും നിൽക്കുന്ന ആനകളെ കാടിനുള്ളിലേക്ക് തുരത്താൻ ‘ചെയ്സ് എലിഫന്റ് ഡ്രൈവ്’ നടത്താൻ വനംവകുപ്പ് തീരുമാനിച്ചു.
നവംബർ 30ന് വനംവകുപ്പ്, പൊലീസ്, അഗ്നിരക്ഷാസേന, ദ്രുതകർമസേന, നാട്ടുകാർ എന്നിവരുൾപ്പെട്ട 100 അംഗം സംഘം ആനകളെ തുരത്താൻ തുടങ്ങി. ഇതിന് മുന്നോടിയായ സൗരവേലി താഴ്ത്തി. രണ്ടു പ്രാവശ്യം പരിശ്രമിച്ചിട്ടും ആനയെ തുരത്താൻ പറ്റിയില്ല. ഇതോടെ ശ്രമം ഉപേക്ഷിച്ച് സൗരവേലി ഉയർത്തി. പിന്നീട് ആനയുടെ കാൽപ്പാടുകൾ പരിശോധിച്ച വനംവകുപ്പ് ആന ഉൾക്കാട്ടിലേക്ക് പോയെന്ന പ്രതീക്ഷ പങ്കുവെച്ചിരുന്നു.
ഒരു മാസമാകുന്നതിന് മുമ്പാണ് മുള്ളരിങ്ങാട്ട് ദുരന്തം ഉണ്ടായിരിക്കുന്നത്. അമയൽത്തൊട്ടി പള്ളിക്കവലയിൽനിന്ന് അര കിലോമീറ്റർ അകത്തുമാറി പശുവിനെ തിരക്കിപ്പോയ അമർ ഇബ്രാഹിം എന്ന ഇരുപത്തിമൂന്നുകാരന്റെ ജീവനാണ് നഷ്ടമായത്.
കാട്ടാനകളെ ഭയന്നുള്ള ജീവിതം
പീരുമേട്: കാട്ടാനകൾ നാട്ടിൽ വിലസുമ്പോൾ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന മുറവിളിയുമായി പ്രദേശവാസികൾ. വർഷങ്ങളായി തുടരുന്ന ആനശല്യം തടയാൻ വനം വകുപ്പ് അധികൃതർക്ക് സാധിക്കുന്നില്ല.
കൃഷിഭൂമിയിൽ ഇറങ്ങി നാശം വിതക്കുന്ന കാട്ടാനകൾ കർഷകർക്ക് സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കുന്നു. 2014ൽ പെരുവന്താനം ഗ്രാമ പഞ്ചായത്തിലെ പുറക്കയത്ത് ഇറങ്ങിയ ആനക്കൂട്ടം നാശം വിതച്ചു. വാഴ, തെങ്ങ്, കമുക് കൃഷികൾ നശിപ്പിച്ച ആനക്കൂട്ടം തൊട്ടടുത്ത ഗ്രാമമായ കണയങ്കവയലിലും എത്തി. ഇവിടെയും നാശം വിതച്ച ആനകൾ ജനവാസ കേന്ദ്രത്തിന് മധ്യത്തിലെ പള്ളിമുറ്റത്തും എത്തി. ആനകൾ പുരയിടങ്ങളിൽ കയറി നാശം വിതച്ചത് കാർഷിക മേഖലയായ ഗ്രാമത്തിലെ കർഷകരെ ബാധിച്ചു. ഇടവിളകൾ ചവിട്ടി നശിപ്പിച്ചതോടെ കൃഷി ഉപേക്ഷിച്ചത് കർഷകരുടെ വരുമാനത്തെ ബാധിച്ചു.
പീരുമേട് ഗ്രാമപഞ്ചായത്തിലെ പ്ലാക്കത്തടം കോളനിയിൽ 2016ൽ ആദ്യമായി ആന കയറി. ഇപ്പോഴും ശല്യം തുടരുകയാണ്. പ്ലാക്കത്തടത്ത് എത്തിയ ആനകൾ കല്ലാർ, അഴുതയാർ എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിൽ കയറി. 2021 പീരുമേട് തോട്ടാപ്പുര-അഴുത എൽ.പി സ്കുൾ-കച്ചേരിക്കുന്ന് തുടങ്ങിയ ജനവാസ മേഖലകളിലും 2023ൽ ട്രഷറി ഓഫീസ് പരിസരം സർക്കാർ അഥിതി മന്ദിര പരിസരം മിനി സിവിൽ സ്റ്റേഷൻ പരിസരം തുടങ്ങിയ മേഖലകളിലെ പുരയിടങ്ങളിലെ കൃഷിയും വ്യാപകമായി നശിപ്പിച്ചു. 2024ൽ ആനകൾ കുട്ടിക്കാനം ജങ്ഷന് സമീപവും എത്തി. 2016ൽ മൂന്ന് ആനകൾ എത്തിയത് ഇപ്പോൾ 12 എണ്ണമായി വർധിച്ചു.
ജനവാസ മേഖലകൾക്ക് സമീപമുള്ള വനംവകുപ്പിനെറ യൂക്കാലി പ്ലാന്റോഷനുകളിൽ തമ്പടിക്കുന്ന ആനകൾ വിവിധ സ്ഥലങ്ങളിൽ രാത്രിയിൽ ഇറങ്ങി നാശം വിതക്കുകയാണ്. പുരയിടത്തിൽ ഇറങ്ങുന്ന ആനകളെ വനംവകുപ്പ് അധികൃതർ പടക്കം പൊട്ടിച്ച് വനത്തിലേക്ക് തുരത്തി വിടുകയും ഇവ വീണ്ടും മടങ്ങിയെത്തുകയും ചെയ്യുന്നത് പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.