തുറക്കാതെ തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോ
text_fieldsതൊടുപുഴ: തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെങ്ങും ഉദ്ഘാടനവും ശിലാസ്ഥാപനവുമായി മന്ത്രിമാരും ജനപ്രതിനിധികളും തിരക്കിട്ടോടുേമ്പാൾ തൊടുപുഴയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോ അവഗണനയിൽ.
അഞ്ചുവർഷം മുമ്പ് പണികൾ ഏതാണ്ട് പൂർത്തിയാക്കിയ തൊടുപുഴ ഡിപ്പോ തുറന്ന് നൽകുന്നതും നോക്കി നഗരവാസികളും യാത്രക്കാരും കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. പലതവണ ഡിപ്പോ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളുണ്ടായെങ്കിലും ഒന്നും നടന്നില്ല.
കഴിഞ്ഞ മാർച്ചിൽ പുതിയ ഡിപ്പോ ഉദ്ഘാടനം നടത്തുമെന്ന് കെ.എസ്.ആർ.ടി.സി ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം സി.വി. വർഗീസ് വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല.
ഏകദേശം 10 ലക്ഷം രൂപ കൂടി ചെലവഴിച്ചാൽ ഡിപ്പോയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി തുറന്നുനൽകാൻ കഴിയുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരടക്കം ചൂണ്ടിക്കാട്ടുന്നത്. എങ്കിലും ജനപ്രതിനിധികളടക്കം ആരും ഇതിന് മുന്നിട്ടിറങ്ങുന്നില്ലെന്നാണ് ആക്ഷേപം. ഇതോടെ ദുരിതമനുഭവിക്കുന്നത് താൽക്കാലിക ഡിപ്പോയിലെത്തുന്ന യാത്രക്കാരും അസൗര്യങ്ങളിൽ വീർപ്പുമുട്ടുന്ന ജീവനക്കാരുമാണ്.
2013 ജനുവരിയിലാണ് തൊടുപുഴയിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ ഡിപ്പോ-കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം ആരംഭിച്ചത്. ആദ്യം 12.5 കോടി കണക്കാക്കിയ നിർമാണച്ചെലവ് പിന്നീട് 16 കോടിയായി ഉയർന്നു. പല കാരണങ്ങളാൽ ഇടക്ക് നിർമാണം മുടങ്ങി. എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്ന് ഒരുകോടികൂടി അനുവദിച്ചെങ്കിലും നിർമാണം പൂർത്തിയായില്ല. നഗരസഭയുടെ ലോറി സ്റ്റാൻഡിലാണ് 2013 മുതൽ കെ.എസ്.ആർ.ടി.സി ഡിപ്പോ താൽക്കാലികമായി പ്രവർത്തിക്കുന്നത്. മാർച്ചിൽ ലോറി സ്റ്റാൻഡിൽനിന്ന് ഒഴിയണമെന്ന് നഗരസഭ കെ.എസ്.ആർ.ടി.സിക്ക് കത്തും നൽകിയിട്ടുണ്ട്. അടിയന്തരമായി പുതിയ ഡിപ്പോ തുറന്നുനൽകണമെന്നാണ് യാത്രക്കാരടക്കമുള്ളവരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.