നാട്ടിലേക്ക് മടങ്ങിയത് 1550 തൊഴിലാളികൾ
text_fieldsതൊടുപുഴ: ജില്ലയില്‍നിന്ന് ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങിയത് 1550 തൊഴിലാളികൾ. 31 കെ.എസ്.ആര്‍.ടി.സി ബസുകളാണ് തൊഴിലാളികള്‍ക്കായി ഉപയോഗിച്ചത്. തൊടുപുഴ -450, ദേവികുളം -300, ഉടുമ്പന്‍ചോല -250, ഇടുക്കി -350, പീരുമേട് -200 എന്നിങ്ങനെയാണ് താലൂക്കുകളിൽനിന്ന് തൊഴിലാളികള്‍ മടങ്ങിയത്. തൊടുപുഴ താലൂക്കില്‍നിന്ന് 450 അതിഥി തൊഴിലാളികള്‍ പശ്ചിമബംഗാളിലേക്ക് മടങ്ങി.
തൊടുപുഴയില്‍നിന്ന് ആലുവ റെയില്‍വേ സ്റ്റേഷനിലെത്തിച്ചാണ് തൊഴിലാളികളെ യാത്രയാക്കിയത്. വൈകീട്ട് 9.30ന് കൊല്‍ക്കത്തയിലേക്കുള്ള ട്രെയിനിലാണ് ഇവര്‍ മടങ്ങുന്നത്. മടങ്ങാനുള്ള തൊഴിലാളികള്‍ക്ക് താലൂക്കിലെ അതത് വില്ലേജ് ഓഫിസുകള്‍ മുഖാന്തരം നേരത്തേ തന്നെ അറിയിപ്പ് നല്‍കിയിരുന്നു.
ചൊവ്വാഴ്ച രാവിലെ മുതല്‍ തൊടുപുഴയിലെത്തിയ ഇവര്‍ക്കായി സെൻറ് സെബാസ്റ്റ്യൻ പള്ളിയോട് ചേര്‍ന്ന് ഹെല്‍പ് െഡസ്‌ക് തയാറാക്കിയിരുന്നു. രാവിലെ ഒമ്പതുമുതല്‍ പുറപ്പുഴ, മുട്ടം സി.എച്ച്.സികളിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇവരെ പരിശോധിച്ച് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി.
ഇവര്‍ക്കാവശ്യമായ യാത്രാനുമതി ലഭ്യമാക്കുന്നതിന് തൊടുപുഴ തഹസില്‍ദാര്‍ കെ.എം. ജോസുകുട്ടിയുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് അധികൃതരും മുഴുവന്‍ സമയവും സ്ഥലത്തുണ്ടായിരുന്നു. തൊഴിലാളികള്‍ക്ക് ആവശ്യമായ ലഘുഭക്ഷണവും വെള്ളവും ഇവിടെനിന്ന് ലഭ്യമാക്കി. ബുധനാഴ്ചയും 240 തൊഴിലാളികള്‍ പശ്ചിമബംഗാളിലേക്ക് മടങ്ങുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.