10 മാസം 490 കേസ്: പിടികൂടിയത് 32 കിലോ കഞ്ചാവ്; മാരക ലഹരിമരുന്നായ എം.ഡി.എം.എ ഉപയോഗവും കൂടുന്നു
text_fieldsതൊടുപുഴ: പരിശോധനകളും ബോധവത്കരണവുമൊക്കെ മുറപോലെ നടക്കുമ്പോഴും ലഹരിക്കടത്ത് കേസുകളിൽ പിടിയിലാകുന്നവരുടെ എണ്ണവും കേസുകളും കുറയുന്നില്ല. പത്ത് മാസത്തിനിടെ ജില്ലയിൽ എക്സൈസ് രജിസ്റ്റർ ചെയ്തത് 490 എൻ.ഡി.പി.എസ് (കഞ്ചാവ്, ലഹരിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ടവ) കേസുകളാണ്. മാരക ലഹരിമരുന്നായ എം.ഡി.എം.എയും എൽ.എസ്.ഡി.യും അടക്കം പിടികൂടിയവയിൽ ഉൾപ്പെടുന്നു.
ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യാത്ത ഒരു ദിവസവും ഇല്ലെന്ന സ്ഥിതിയാണ് ജില്ലയിൽ. അതേസമയം ലഹരി ഉപയോഗവും വിൽപനയും വ്യാപകമായിട്ടും പലപ്പോഴും പിടിക്കപ്പെടുന്നവരിൽ മാത്രം അന്വേഷണം ഒതുങ്ങുകയാണെന്ന ആക്ഷേപവും നില നിൽക്കുന്നു. പൊതു ഇടങ്ങളും നഗരത്തോട് ചേർന്നുള്ള ഗ്രാമ പ്രദേശങ്ങളുമെല്ലാം ലഹരി കൈമാറ്റ ഇടങ്ങളായി ലഹരി മാഫിയ ഉപയോഗിക്കുന്നുണ്ട്.
സംഭവവുമായി പിടിയിലാകുന്നവരെല്ലാം ഇടനിലക്കാരാണ്. പരിശോധന വ്യാപകമാക്കിയ സാഹചര്യത്തിലാണ് പിടികൂടുന്ന കേസുകളുടെ എണ്ണം വർധിക്കുന്നതെന്ന് അധികൃതർ പറയുമ്പോഴും ലഹരിയുടെ സ്വാധീനം ജില്ലയിൽ വർധിക്കുന്നതായാണ് കണക്കുകൾ.
ജനുവരി മുതലുള്ള കേസുകൾ പരിശോധിച്ചാൽ 721 അബ്കാരി കേസുകളാണ് ഒക്ടോബർ വരെ എക്സൈസ് പിടികൂടിയത്. നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയതുമായി ബന്ധപ്പെട്ട് 2985 കേസുകളും എടുത്തു. 32 കിലോ കഞ്ചാവാണ് ഇക്കാലയളവിൽ എക്സൈസ് അധികൃതർ മാത്രം പിടികൂടിയത്. 808 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.
സിന്തറ്റിക് ലഹരി കൂടുന്നു
കഞ്ചാവും ഹഷിഷ് ഓയിലും കടന്ന് എം.ഡി.എം.എ പോലുള്ള സിന്തറ്റിക് ലഹരി മരുന്നുകളുടെ ഉപയോഗവും യുവാക്കൾക്കിടയിൽ വർധിച്ചു വരുന്നതായി എക്സൈസ് പറയുന്നു. ഒരു ഗ്രാമിന് 4,000 രൂപ വരെ നൽകിയാണ് ഇവ വാങ്ങുന്നതെന്നാണ് വിവരം. 20 ഗ്രാം എം.ഡി.എം.എയാണ് ജില്ലയിൽ നിന്ന് എക്സൈസ് പിടികൂടിയത്. എൽ.എസ്.ഡി. സ്റ്റാംപുകളുടെ ഉപയോഗവും ഉണ്ട്. 0.626 മില്ലി ഗ്രാമാണ് പിടിച്ചെടുത്തത്.
ബംഗളൂരുവിൽ നിന്നാണ് ഇത്തരം ലഹരി മരുന്നുകൾ ജില്ലയിലേക്ക് എത്തിക്കുന്നതെന്നാണ് സൂചന. വിനോദസഞ്ചാരികളെ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് ലഹരിസംഘങ്ങൾ പ്രവർത്തനം വ്യാപിപ്പിക്കുന്നത്. ലഹരിമരുന്നുകളുമായി പിടിക്കപ്പെടുന്നവരിൽ കൂടുതലും ചെറുപ്പക്കാരാണ്.
ഇത്തരം സംഘങ്ങളിൽ യുവതികളും വിദ്യാർഥികളും വരെയുണ്ട്. ലഹരിക്കൊപ്പം കൂടുതൽ പണവും ലഭിക്കുമെന്നതാണ് യുവാക്കളെ പ്രധാനമായും ഇതിലേക്ക് ആകർഷിക്കുന്നത്. വീട്ടുകാർ പോലും അറിയാതെ ചെറുപ്പക്കാരെ ഇത്തരം വസ്തുക്കളുടെ അടിമകളും വിൽപനക്കാരുമായി മാറ്റുന്നതിൽ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേക വൈദഗ്ധ്യമുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
പത്ത് മാസത്തിനിടെ ജില്ലയിൽ എക്സൈസ് നടത്തിയ പരിശോധനകളിൽ പിടികൂടിയവ
ചാരായം - 297 ലീറ്റർ
വ്യാജമദ്യം -115 ലീറ്റർ
ഇന്ത്യൻ നിർമിത വിദേശമദ്യം - 2237 ലീറ്റർ
കഞ്ചാവ് -32 കിലോ
കഞ്ചാവ് ചെടി - 81 എണ്ണം
എം.ഡി.എം.എ -20 ഗ്രാം
ഹഷീഷ് ഓയിൽ - 808 ഗ്രാം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.