മിന്നലിൽ 11 തൊഴിലാളികൾക്ക് പരിക്ക്
text_fieldsതൊടുപുഴ: ബുധനാഴ്ച ഉച്ചയോടെ പെയ്ത മഴക്കിടെയുണ്ടായ കനത്ത ഇടിമിന്നലിൽ 11 തൊഴിലാളികൾക്ക് പരിക്ക്.
ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ ആലക്കോട് പഞ്ചായത്തിലെ കച്ചിറപ്പാറയിലെ പെരുമ്പാവൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫൈവ് സ്റ്റാർ ഗ്രാനൈറ്റ്സ് എന്ന പാറമടയിലെ തൊഴിലാളികൾക്കാണ് പരിക്കേറ്റത്.
കൊല്ലം അച്ചൻകോവിൽ സ്വദേശി അഖിലേഷ് (25), മൂന്നാർ കള്ളിപ്പാറ സ്വദേശി പ്രകാശ് (18), എരുമേലി മരുത്തിമൂട്ടിൽ അശ്വിൻ മധു (22), തമിഴ്നാട് കുമാരലിംഗപുരം സ്വദേശികളായ ധർമലിംഗം (31), വിജയ് (31), സൂര്യ (20), ജയൻ (55), പൂപ്പാറ സ്വദേശി രാജ (45), മറയൂർ സ്വദേശി മഥനരാജ് (22), പെരുമ്പാവൂർ സ്വദേശികളായ അശോകൻ (50), ജോൺ (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെല്ലാം തൊടുപുഴയിലെ സ്വകാര്യ ആശുപത്രികളിലായി ചികിത്സയിലാണ്.
ഉച്ചകഴിഞ്ഞ് ശക്തമായ മഴ പെയ്തതോടെ സമീപത്തെ താൽക്കാലിക ഷെഡിൽ തൊഴിലാളികൾ കയറി നിൽക്കുകയായിരുന്നു. ഷെഡിനുള്ളിൽ തറയിലും സ്റ്റൂളിലുമായി തൊഴിലാളികൾ ഇരുന്ന് സംസാരിക്കുന്നതിനിടെയാണ് മൂന്നരയോടെ ശക്തമായ ഇടിമിന്നലുണ്ടായത്.
ഇതിന്റെ ആഘാതത്തിൽ എല്ലാവരും തറയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടസമയം ഷെഡിലുണ്ടായിരുന്ന ലോറി ഡ്രൈവറായ ആലക്കോട് സ്വദേശി ജോബിൻ ജോസാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
ജോബിനും ഷെഡിന് പുറത്തുണ്ടായിരുന്ന പാറമടയിലെ അക്കൗണ്ടന്റ് പോ ളും ചേർന്നാണ് പ്രാഥമിക രക്ഷാപ്രവർത്തനം നടത്തിയത്. പാറമടയിലുണ്ടായിരുന്ന കാറിൽ പരിക്കേറ്റ മൂന്നുപേരെ ആദ്യം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിലേക്ക് വരുന്നതിനിടെ ഇവർ ആലക്കോട് ടൗണിലുണ്ടായിരുന്നവരെ വിവരമറിയിച്ചു. ഇവർ വിളിച്ചറിയിച്ചതിനെ തുടർന്ന് തൊടുപുഴയിൽനിന്നും സമീപപ്രദേശങ്ങളിൽനിന്നും കൂടുതൽ ആംബുലൻസുകൾ എത്തിയാണ് പരിക്കേറ്റവരെയെല്ലാം ആശുപത്രിയിൽ എത്തിച്ചത്. വിവരമറിഞ്ഞ് തൊടുപുഴ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.
ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായതിനെത്തുടർന്ന് രാജയെയും മഥനരാജിനെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കരുതണം മിന്നലിനെ; വേണം ജാഗ്രത
തൊടുപുഴ: മഴ എത്തിയതോടെ ഇടിമിന്നൽ ഭീതിയിലാണ് മലയോരം. ബുധനാഴ്ച മാത്രം രണ്ടിടങ്ങളിലായുണ്ടായ മിന്നലിൽ 13 പേർക്കാണ് പരിക്കേറ്റത്. മുൻ വർഷങ്ങളിൽ ജില്ലയിൽ ഇടിമിന്നലിനെ തുർന്ന് വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് ചെറുതോണിയിലും മിന്നലേറ്റ് യുവാവിന് പരിക്കേറ്റിരുന്നു. വീട് ഭാഗികമായി തകരുകയും ചെയ്തു. ഉപ്പുതോട് പുത്തൻവീട്ടിൽ അനീഷ് തങ്കച്ചനാണ് പരിക്കേറ്റത്. ഈ സമയം വീട്ടിലുണ്ടായിരുന്ന കാൻസർ രോഗിയായ പിതാവും മാതാവും ഭാര്യയും രണ്ടു കുട്ടികളും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
ഹൈറേഞ്ച് ലോറേഞ്ച് വ്യത്യാസമില്ലാതെ ജില്ലയിൽ പലയിടത്തും മിന്നൽ ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. കൊക്കയാർ, ഏലപ്പാറ, വാഗമൺ, ഉപ്പുതറ, അറക്കുളം, വെള്ളിയാമറ്റം, കുടയത്തൂർ, ആലക്കോട്, പുറപ്പുഴ, കരിങ്കുന്നം, മണക്കാട്, കരിമണ്ണൂർ, ഉടുമ്പന്നൂർ, കുമാരമംഗലം, കോടിക്കുളം, വണ്ണപ്പുറം, തങ്കമണി, കഞ്ഞിക്കുഴി, ഉപ്പുതോട്, കൽക്കൂന്തൽ, വെള്ളത്തൂവൽ, കുഞ്ചിത്തണ്ണി, ആനവിരട്ടി, മാങ്കുളം, ദേവികുളം എന്നിവിടങ്ങളെല്ലാം മിന്നൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളാണ്.
ജാഗ്രത നിർദേശങ്ങൾ
മഴയോടനുബന്ധിച്ച് മിന്നലിനുള്ള സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. മിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍നിന്നു വിട്ടുനില്‍ക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു
- മിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാലുടൻ സുരക്ഷിത കെട്ടിടത്തിനുള്ളിലേക്ക് മാറുക
- മഴക്കാറ് കാണുമ്പോൾ ടെറസിലേക്കോ മുറ്റത്തക്കോ മിന്നലുള്ള സമയത്ത് പോകരുത്
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക
- ജനലും വാതിലും അടച്ചിടുക
- ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക
- ടെലിഫോൺ ഉപയോഗിക്കാതിരിക്കുക
- മിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക
- ഭിത്തിയിലോ തറയിലോ കഴിയുന്നത്ര സ്പർശിക്കാതിരിക്കുക
- മിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്
- വീടിന് പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.