ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ 12,36,759 വോട്ടര്‍മാര്‍
text_fieldsതൊടുപുഴ: അന്തിമ വോട്ടര്‍ പട്ടികയില്‍ ജില്ലയിലെ 8,82,600 വോട്ടര്‍മാരും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലത്തിലെ 3,54,159 വോട്ടര്‍മാരുമുള്‍പ്പെടെ ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ 1,236,759 വോട്ടര്‍മാരാണുള്ളത്. 6,08,710 പുരുഷ വോട്ടര്‍മാരും 6,28,040 സ്ത്രീ വോട്ടര്‍മാരും ഒമ്പതു ഭിന്നലിംഗക്കാരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 85 വയസ്സിന് മുകളിലുള്ള 12,855 പേരും 18 -19 പ്രായമുള്ള 9405 വോട്ടര്‍മാരുമാണ് മണ്ഡലത്തിലുള്ളത്.
ദേവികുളം, തൊടുപുഴ, ഇടുക്കി മണ്ഡലങ്ങളില്‍ ഒന്നു വീതവും തൊടുപുഴ, മൂവാറ്റുപുഴ മണ്ഡലങ്ങളില്‍ മൂന്ന് വീതവുമാണ് ആകെ ഭിന്നലിംഗക്കാർ. 85ന് മുകളില്‍ പ്രായമുള്ള 12,855 പേരില്‍ 4863 സ്ത്രീകളും 7992 പുരുഷന്മാരുമുള്പ്പെടും.
ദേവികുളം മണ്ഡലത്തില്‍ 560 പുരുഷന്മാരും 827 സ്ത്രീകളും അടക്കം 1387 വോട്ടര്‍മാര്‍, ഉടുമ്പഞ്ചോലയില്‍ 501 പുരുഷന്മാരും 919 സ്ത്രീകളും അടക്കം 1420, തൊടുപുഴയില്‍ 1018 പുരുഷന്മാരും 1649 സ്ത്രീകളും അടക്കം 2667, ഇടുക്കിയില്‍ 669 പുരുഷന്മാരും 1066 സ്ത്രീകളും അടക്കം 1735, പീരുമേട്ടില്‍ 365 പുരുഷന്മാരും 645 സ്ത്രീകളും അടക്കം 1010, മൂവാറ്റുപുഴയില്‍ 946 പുരുഷന്മാരും 1590 സ്ത്രീകളും അടക്കം 2536, കോതമംഗലത്ത് 804 പുരുഷന്മാരും 1296 സ്ത്രീകളും അടക്കം 2100 വോട്ടര്‍മാര്‍ എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.
5691 പുരുഷന്മാരും 4301 സ്ത്രീകളുമുള്‍പ്പെടെ 9992 ഭിന്നശേഷിക്കാരായ വോട്ടര്‍മാരാണുള്ളത്. ദേവികുളം മണ്ഡലത്തില്‍ 1659, ഉടുമ്പഞ്ചോലയില്‍ 1592, തൊടുപുഴയില്‍ 1618, ഇടുക്കിയില്‍ 801, പീരുമേട്ടില്‍ 1635, മൂവാറ്റുപുഴയില്‍ 1297, കോതമംഗലത്ത് 1390 വോട്ടര്‍മാര്‍ എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.
ഏഴു മണ്ഡലങ്ങളിലായി 1011 സര്‍വിസ് വോട്ടര്‍മാരാണുള്ളത്. ദേവികുളം മണ്ഡലത്തില്‍ 68, ഉടുമ്പഞ്ചോലയില്‍ 188, തൊടുപുഴയില്‍ 148, ഇടുക്കിയില്‍ 220 വോട്ടര്‍മാര്‍, പീരുമേട്ടില്‍ 151, മൂവാറ്റുപുഴയില്‍ 102, കോതമംഗലത്ത് 134 വോട്ടര്‍മാര്‍ എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള സര്‍വിസ് വോട്ടര്‍മാരുടെ കണക്ക്.
1315 പോളിങ് സ്റ്റേഷനുകൾ
ഇടുക്കി, തൊടുപുഴ, ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് , കോതമംഗലം, മൂവാറ്റുപുഴ എന്നീ മണ്ഡലങ്ങളാണ് ഇടുക്കി ലോക്സഭാ മണ്ഡലത്തിലുള്ളത്. ഏഴു അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാരാണുള്ളത്. 1315 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇടുക്കി ജില്ലയിലെ നഗരമേഖലയില്‍ നാല്പതും ഗ്രാമീണ മേഖലയില്‍ 963ഉം പോളിങ് സ്റ്റേഷനുകളാണുള്ളത്. ദേവികുളം മണ്ഡലത്തില്‍ 195, ഉടുമ്പന്‍ചോലയില്‍ 193, തൊടുപുഴ 216, ഇടുക്കി 196, പീരുമേട് 203, മൂവാറ്റുപുഴ 153, കോതമംഗലം 159 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള പോളിങ് സ്റ്റേഷനുകളുടെ എണ്ണം.
ഏഴു മണ്ഡലങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പോളിങ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങള്‍. ദേവികുളം മണ്ഡലത്തില്‍ മൂന്നാര്‍ സര്‍ക്കാര്‍ വി.എച്ച്.എസ്.എസ്, ഉടുമ്പന്‍ചോലയില്‍ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂള്‍, തൊടുപുഴയില്‍ ന്യൂമാന്‍ കോളജ്, ഇടുക്കിയില്‍ പൈനാവ് എം.ആര്.എസ, പീരുമേട്ടില്‍ ഇ.എം.എച്ച്.എസ്.എസ്, മൂവാറ്റുപുഴയില്‍ നിര്‍മല എച്ച്.എസ്.എസ്, കോതമംഗലത്ത് എം.എ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയാണ് സ്വീകരണ വിതരണ കേന്ദ്രങ്ങള്‍. പൈനാവ് ഇ.എം.ആര്.എസാണ് വോട്ടെണ്ണല്‍ കേന്ദ്രം.
ക്രമീകരണങ്ങൾ പുരോഗമിക്കുന്നു
തൊടുപുഴ: പതിനെട്ടാം ലോക്സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ജില്ലയില്‍ സമാധാനപരവും നീതിപൂര്‍വവുമായി നടത്തുന്നതിനുള്ള ഒരുക്കം പുരോഗമിക്കുകയാണെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടർ ഷീബ ജോര്‍ജ്ജ് അറിയിച്ചു.
വോട്ടെടുപ്പ് ഏപ്രില്‍ 26നും വോട്ടെണ്ണല്‍ ജൂണ്‍ നാലിനും നടക്കും. ഏപ്രില്‍ നാലാം തീയതിയാണ് പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി. അഞ്ചാം തീയതി സൂക്ഷ്മ പരിശോധന. പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.
1505 യന്ത്രങ്ങള്‍ വോട്ടിങ്ങിന് സജ്ജമാക്കി. സ്ഥാനാര്‍ഥികളുടെ വരവ് ചെലവ് കണക്കാക്കുന്നത് സംബന്ധിച്ച പരിശോധനകള്‍ക്കും നിരീക്ഷണത്തിനുമായി 15 ഫ്ളയിങ് സ്ക്വാഡുകള്‍, 15 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകള്‍, 15 വീഡിയോ സര്‍വൈലന്‍സ് ടീമുകള്‍, അഞ്ചു വീഡിയോ വ്യൂവിംഗ് ടീം, അഞ്ചു അക്കൗണ്ടിങ് ടീം എന്നിവ പ്രവര്‍ത്തിക്കുന്നു. വിവിധ സ്ക്വാഡുകളിലായി 120 ഉദ്യോഗസ്ഥരാണ് പ്രവര്‍ത്തിക്കുന്നതെന്നും കലക്ടര്‍ അറിയിച്ചു.
ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാൻ ബാങ്കുകൾക്ക് നിർദേശം
തെരഞ്ഞെടുപ്പ് കാലത്ത് പത്ത് ലക്ഷം രൂപക്ക് മുകളിലുള്ള സംശയകരമായ ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലാതല ബാങ്കേഴ്സ് സമിതിയില്‍ ഇതു സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ അക്കൗണ്ടില്‍ ഒരു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകളും നിരീക്ഷിക്കും. സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്ന സ്ഥാനാര്‍ഥിയുടെ അടുത്ത ബന്ധുക്കളുടെ അക്കൗണ്ടിലും ഒരു ലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ നിരീക്ഷിക്കും.
എ.ടി.എം കൗണ്ടറുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് എല്ലാ ബാങ്കുകളും ആവശ്യമായ രേഖകള്‍ സൂക്ഷിക്കണമെന്നും കലക്ടര്‍ അറിയിച്ചു.
വീറും വാശിയും നിറഞ്ഞ് സൈബർ പോരാട്ടം
തൊടുപുഴ: സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് മുതൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ. ഓഫ് ലൈനിൽ ചുവരെഴുത്തും പോസ്റ്ററും കുടുംബസംഗമവും പൊതുയോഗങ്ങളുമായി സ്ഥാനാർഥികൾ കത്തിക്കയറുമ്പോൾ ഓൺലൈനിൽ സൈബർ യുദ്ധമാണ്.
ആനിമേഷൻ വീഡിയോ, ഓഡിയോ- വീഡിയോ ആൽബങ്ങൾ, ഷോർട്ട് ഫിലിം, വാട്സ് ആപ്പ് സ്റ്റാറ്റസ് വീഡിയോകൾ, ട്രോളുകൾ, എസ്.എം.എസ് സന്ദേശങ്ങൾ തുടങ്ങി സർവമാർഗങ്ങളും ഉപയോഗിച്ചാണ് പ്രചാരണം. ഫീൽഡിലുള്ള പ്രചാരണത്തേക്കാൾ വീറും വാശിയും നിറഞ്ഞതാണ് സൈബർ രംഗത്തെ തെരഞ്ഞെടുപ്പ്.
റീലുകളും ചുരുങ്ങിയ വാക്കുകളിൽതന്നെ വോട്ടർമാരെ ഇരുത്തിചിന്തിപ്പിക്കും വിധം അർഥങ്ങളുള്ള പോസ്റ്ററുകളും തഗ്ഗ് ഡയലോഗുകളുമെല്ലാം നിമിഷനേരംകൊണ്ട് നിറയുകയാണ്. ഡിജിറ്റൽ ട്രെന്റിലേക്ക് പ്രചാരണം മാറിയതോടെ യുവ വോട്ടർമാരെ സ്വാധീനിക്കുന്ന വിഷയങ്ങളാണ് മുന്നണികൾ സൈബർ രംഗത്ത് അവതരിപ്പിക്കുന്നത്.
പ്രചാരണങ്ങളുടെയും റോഡ് ഷോകളുടെയും 30 സെക്കന്റ് ദൈർഘ്യമുള്ള ഹെലിക്യാം ഷോട്ടുകൾ ഉൾപ്പെടുത്തിയുള്ള റീലുകളാണ് ഇൻസ്റ്റഗ്രാമിലെയും ഫേസ്ബുക്കിലെയും ട്രെൻഡിങ് ഐറ്റം. ഔദ്യോഗിക ഗ്രൂപ്പുകളിൽ വിഡിയോകളും പോസറ്ററുകളും ഇടുമ്പോൾതന്നെ അത് താഴെത്തട്ട് മുതൽ വിവിധയിടങ്ങളിലേക്ക് ഷെയർ ചെയ്യപ്പെടുകയാണ്.
പാർട്ടി പ്രവർത്തകർക്ക് പുറമേ പ്രൊഫഷനൽ ടീമുകളെയാണ് പോസ്റ്ററുകളും ട്രോളുകളും തയാറാക്കാൻ മുന്നണികൾ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. പ്രചാരണത്തിലെ ഓരോ മുഹൂർത്തങ്ങളും ഒപ്പിയെടുക്കാൻ സ്ഥാനാർഥികൾക്കൊപ്പം ഈ ടീം സഞ്ചരിക്കും.
ഓരോ അരമണിക്കൂർ വീതം പോസ്റ്ററുകളും റീലുകളും സ്ഥാനാർഥിയുടെയും നേതാക്കളുടെയും പാർട്ടിയുടെയും വാളുകളിൽ നിറയും. പാർട്ടി പ്രവർത്തകർക്ക് ലൈക്കും കമന്റും ഷെയറും ചെയ്ത് പോസ്റ്റിന് റീച്ചുണ്ടാക്കിയാൽ മാത്രം മതി.
സി.എം. സ്റ്റീഫൻ മുതൽ ഡീൻ കുര്യാക്കോസ് വരെ
ചെറുതോണി: ഇടുക്കി ലോക്സഭ മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കരുത്തനായ നേതാവ് സി.എം. സ്റ്റീഫനാണ് വിജയിച്ചത്. ഇടതു സ്ഥാനാർഥി എൻ.എം. ജോസഫിനെ 79357 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു തോൽപ്പിച്ചത്. സ്റ്റീഫൻ ലോക്സഭയിലെ പ്രതിപക്ഷനേതാവായി.
1980ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ എം.എം. ലോറൻസ് വിജയിച്ചു. കേരള കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ ടി.എസ് ജോണിനെ 7033 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. പിന്നീടു നടന്ന തെരഞ്ഞെടുപ്പിൽ കുര്യൻമാർ ഏറ്റുമുട്ടി. കോൺഗ്രസിലെ പി.ജെ. കുര്യൻ സി.പി.ഐ നേതാവ് സി.എ. കുര്യനെ റെക്കോഡ് ഭൂരിപക്ഷത്തിനു തോൽപ്പിച്ചു. ഭൂരിപക്ഷം -1,30,624.
1989ൽ പാലാ കെ.എം മാത്യു സി.പി.എമ്മിലെ ജോസഫൈനെ 91479 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചു. അടുത്ത തെരഞ്ഞെടുപ്പിലും പാലാ കെ.എം. മാത്യു ജയിച്ചു. തോൽപിച്ചത് പി.ജെ. ജോസഫിനെ. ഭൂരിപക്ഷം 25506. 1996ൽ എ.സി. ജോസും 1998ൽ പി.സി. ചാക്കോയും ജയിച്ചു. 1999ലും 2004ലും ഫ്രാൻസിസ് ജോർജ് ജയിച്ചു.
2009ൽ പി.ടി. തോമസ് ജയിച്ചു. 2014ൽ ഇടുക്കിയിലെ രാഷ്ടീയംതന്നെ മാറിമറിഞ്ഞു . ഹൈറേഞ്ച് സംരക്ഷണ സമിതി രൂപംകൊണ്ട് സമിതിയുടെ നിയമോപദേഷ്ടാവായിരുന്ന ജോയിസ് ജോർജ് ഇടതു സ്ഥാനാർഥിയായി ജയിച്ചു. 2019ൽ രാഷ്ട്രീയം വീണ്ടും മാറി. ഇത്തവണ ഡീൻ കുര്യാക്കോസ് നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു. അടുത്ത തെരഞ്ഞെടുപ്പിന് കർട്ടനുയർന്നു. എൽ.ഡി.എഫ് സ്ഥാനാർഥി ജോയിസ് ജോർജും യു.ഡി.എഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസും തമ്മിലാണ്പ്രധാന മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.