അഞ്ച് മാസത്തിനിടെ തെരുവുനായ്ക്കളുടെ കടിയേറ്റത് 1.26 ലക്ഷം പേർക്ക്
text_fieldsതൊടുപുഴ: തദ്ദേശ സ്ഥാപനങ്ങളുടെ ചുമലിലുള്ള തെരുവുനായ് നിയന്ത്രണം സമ്പൂർണ പരാജയം. ഈ വർഷം ജനുവരി മുതൽ മേയ് 31 വരെ 1.26 ലക്ഷം പേരാണ് നായ്ക്കളുടെ കടിയേറ്റ് ആശുപത്രികളിൽ ചികിത്സ തേടിയത്. പിഞ്ചുകുട്ടികളും വയോജനങ്ങളും അടക്കമുള്ളവർക്കാണ് കടിയേറ്റത്. പേവിഷ ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണവും വർധിച്ചു. ജനുവരി മുതൽ ജൂൺ 26 വരെ 16 പേരാണ് പേവിഷബാധയെ തുടർന്ന് മരിച്ചത്. 2016 മുതൽ 2024 ജൂൺ വരെ സംസ്ഥാനത്ത് പേവിഷബാധമൂലം 114 പേർ മരിച്ചെന്നാണ് തദ്ദേശ വകുപ്പിന്റെ കണക്ക്.
എട്ടു വർഷത്തിനിടെ 15.49 ലക്ഷം പേർ തെരുവുനായ്ക്കളുടെ കടിയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം ഓരോ വർഷവും ആനുപാതികമായി വർധിക്കുകയാണ്. 2017ൽ 1.35 ലക്ഷം പേർക്കാണ് കടിയേറ്റത്. 2018ൽ ഇത് 1.43 ലക്ഷമായും 2019ൽ 1.61 ലക്ഷമായും ഉയർന്നു. 2021ൽ 2.21 ലക്ഷം പേർക്കും 2022ൽ 2.88 ലക്ഷം പേർക്കും തെരുവുനായ്ക്കളുടെ ആ ക്രമണത്തിൽ പരിക്കേറ്റു. 2023 എത്തിയപ്പോഴേക്കും നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവരുടെ എണ്ണം ഇരട്ടിയായി. കഴിഞ്ഞ വർഷം 3.06 ലക്ഷം പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്.
ഒരുമാസം ശരാശരി രണ്ടുപേരെങ്കിലും കേരളത്തിൽ പേവിഷ ബാധയേറ്റ് മരിക്കുന്നുവെന്ന ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നത്. സംസ്ഥാനത്തെ പല ആശുപത്രികളിലും പേവിഷബാധ തടയാനുള്ള വാക്സിൻ ആവശ്യത്തിനു ലഭിക്കുന്നില്ലെന്നും റിപ്പോർട്ടുണ്ട്. ഇത് ചികിത്സ വൈകാനും കാരണമാകുന്നു. തെരുവുനായ് നിയന്ത്രണത്തിന് നടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങളും സമയബന്ധിതമായി നടപ്പാക്കിക്കുന്നതിൽ തദ്ദേശ വകുപ്പും പരാജയപ്പെടുന്നതാണ് തെരുവുനായ്ക്കളുടെ എണ്ണം വർധിക്കാൻ കാരണമാകുന്നത്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുമെന്ന് ചുമതല ഏറ്റെടുത്ത ഉടൻ മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കിയെങ്കിലും പ്രഖ്യാപനം വാക്കുകളിൽ ഒതുങ്ങി. ഇറച്ചിമാലിന്യം അടക്കമുള്ളവ റോഡുകളിൽ തള്ളുന്നതും തെരുവുനായ്ക്കളുടെ എണ്ണം വർധിക്കാൻ കാരണമാകുന്നു. ഇവ കൂടുതൽ ആക്രമണകാരികളാകാൻ കാരണവും മാലിന്യം തള്ളുന്നതുമൂലമാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.