മൂന്ന് റോഡ്, ഒരു നടപ്പാലം; ഇടുക്കിക്ക് 13 കോടി അനുവദിച്ചു
text_fieldsതൊടുപുഴ: ജില്ലയിൽ 13 കോടി ചെലവിട്ട് മൂന്ന് റോഡും ഒരു നടപ്പാലവും നവീകരിക്കാൻ ഭരണാനുമതിയായി. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികൾക്കായി നീക്കിവെച്ച 313 കോടിയിൽനിന്നാണ് ജില്ലക്ക് 13 കോടി അനുവദിച്ചത്. ഉടുമ്പൻചോല മണ്ഡലത്തിലെ ആശാരിക്കവല-തോവാള-മന്നാക്കുടി റോഡിന് അഞ്ചുകോടിയും പീരുമേട് മണ്ഡലത്തിലെ വട്ടപ്പതാല്‍ മലൈപ്പുതുവല്-ചീന്തലാര്‍ റോഡിന് രണ്ടുകോടിയും ദേവികുളം മണ്ഡലത്തിലെ വെള്ളത്തൂവല്‍ ചെങ്കുളം ഡാം കവല-ശല്യാംപാറ- തോട്ടാപ്പുര റോഡിന് മൂന്നു കോടിയുമാണ് അനുവദിച്ചത്. കാഞ്ഞാര്‍ പാലത്തിന് സമാന്തരമായി പുതിയ നടപ്പാലം പണിയാൻ 3.62 കോടി രൂപയുടെ ഭരണാനുമതിയും നല്കി. റോഡുകൾ ബി.എം.ബി.സി നിലവാരത്തിൽ പുതുക്കിപ്പണിയാനും അറ്റകുറ്റപ്പണിക്കും നവീകരണത്തിനുമായാണ് തുക അനുവദിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
ഒടുവിൽ കാഞ്ഞാറിന്റെ സ്വപ്നം യാഥാർഥ്യമാകുന്നു
കാഞ്ഞാർ: ഭയന്നും വിറച്ചുമായിരുന്നു കൊച്ചുകുട്ടികളും മുതിർന്നവരും ഉൾപ്പെടെ കാഞ്ഞാറുകാർ പാലം കടന്നിരുന്നത്. തുരുതുര പായുന്ന വാഹനങ്ങൾക്ക് അരികിലൂടെ നടക്കുക അത്ര എളുപ്പമായിരുന്നില്ല. കുട്ടികളെ പോടിയോടെയാണ് മദ്റസയിലേക്കും സ്കൂളുകളിലേക്കും രക്ഷിതാക്കൾ ഇതുവഴി അയച്ചിരുന്നത്. ഇതിന് പരിഹാരമായി പാലത്തിന് വീതി കൂട്ടുകയോ വശങ്ങളിൽ നടപ്പാത നിർമിക്കുകയോ ചെയ്യണമെന്നത് നാട്ടുകാരുടെ പതിറ്റാണ്ടുകളായ ആവശ്യമായിരുന്നു. അതിനായി നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. അവരുടെ പരിശ്രമത്തിന്റെ ഫലമായി കാഞ്ഞാർ പാലത്തിന് നടപ്പാത നിർമിക്കാൻ എം.എൽ.എയും മന്ത്രിയുമായ റോഷി അഗസ്റ്റിൻ തയാറായി. ഫയലുകൾ ഒന്നൊന്നായി നീക്കി ഇപ്പോൾ അന്തിമ അനുമതിയും വന്നിരിക്കുന്നു ഇനി ടെൻഡർ നടത്തി കരാർ എടുത്താൽ കാഞ്ഞാറിൽ നടപ്പാത യാഥാർഥ്യമാകും. 3.62 കോടിക്ക് നടപ്പാത നിർമിക്കുമെന്നാണ് പൊതുമരാമത്ത് മന്ത്രി അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.