ലഹരിയിൽ പുകഞ്ഞ് മലയോരം...
text_fieldsതൊടുപുഴ: ജില്ലയിൽ ഒരിടവേളക്ക് ശേഷം ലഹരിയുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവർ വർധിക്കുന്നു. കഞ്ചാവ്, ഹഷീഷ് ഓയിൽ, എം.ഡി.എം.എ ഉൾപ്പെടെ ലഹരിയുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന യുവാക്കളുടെ അടക്കം എണ്ണം വർധിക്കുന്നത് ആശങ്കജനകമാണ്. കഴിഞ്ഞ ദിവസം കഞ്ചാവുമായി കട്ടപ്പനയിൽ സ്കൂൾ ബസ് ഡ്രൈവർ പിടിയിലായിരുന്നു. ഒരു കിലോയിലധികം കഞ്ചാവാണ് ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. നാട്ടുകാർക്കിടയിൽ ചെറിയ പാക്കറ്റുകളിലായി കഞ്ചാവ് വിൽക്കുകയായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
2023 ആഗസ്റ്റ് മുതൽ 2024 ജനുവരി വരെയുള്ള ആറ് മാസത്തിൽ 21 കിലോ കഞ്ചാവാണ് എക്സൈസ് അധികൃതർ ജില്ലയിൽ പിടികൂടിയത്. ഇവയോടൊപ്പം സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും ജില്ലയിൽ കൂടി വരുന്നതായാണ് എക്സൈസിന്റെ കണക്കുകൾ. ഇക്കാലയളവിൽ 14.277 മി.ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ചെറിയ അളവിലാണ് വിൽപന . ഇതു കൂടാതെ 806. 61 ഗ്രാം ഹായിഷ് ഓയിൽ, 0.035 ഗ്രാം എൽ.എസ്.ഡി എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ആറ് മാസത്തനിടെ 214 പരിശോധനകളിൽ നിന്നായി 404 അബ്കാരി കേസുകളും 56 എൻ.ഡി.പി.എസ് കേസുകളും രജിസ്റ്റർ ചെയ്തു. 1222 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, 4460 ലിറ്റർ വാഷ് പിടിച്ചെടുത്തു. ലോറേഞ്ച്- ഹൈറേഞ്ച് വ്യത്യാസമില്ലാതെയാണ് ലഹരി വിൽപനക്കാർ തമ്പടിക്കുന്നത്.
ലഹരിക്കടത്തിന് ഓൺലൈൻ വഴിയുള്ള ഇടപാടുകളും സജീവമാണ്. സംഭവവുമായി പിടിയിലാകുന്നവരെല്ലാം ഇടനിലക്കാരാണ്. പരിശോധന വ്യാപകമാക്കിയ സാഹചര്യത്തിലാണ് പിടികൂടുന്ന കേസുകളുടെ എണ്ണം വർധിക്കുന്നതെന്ന് അധികൃതർ പറയുമ്പോഴും പിടികൂടുന്ന കേസുകൾ പരിശോധിച്ചാൽ ലഹരിയുടെ സ്വാധീനം ജില്ലയിൽ വർധിക്കുന്നതായാണ് കണക്കുകൾ.
തോട്ടം മേഖലയിലും യഥേഷ്ടം
തോട്ടം മേഖലയിൽ മുമ്പെങ്ങുമില്ലാത്ത വിധം ലഹരി ഉത്പന്നങ്ങൾ വ്യാപകമാകുന്നു. പാമ്പനാർ, ഏലപ്പാറ, ഉപ്പുതറ, വണ്ടിപ്പെരിയാർ, കുമളി പ്രദേശങ്ങളിലെ ടൗണുകൾ കേന്ദ്രീകരിച്ചാണ് കഞ്ചാവ് ഉൾപ്പെടെ ലഹരി പദാർഥങ്ങളുടെ വിതരണവും ഉപയോഗവും സജീവമായത്. മുമ്പ് കമ്പത്ത് നിന്ന് അഞ്ചും പത്തും ഗ്രാമുകളുടെ പൊതികളിൽ കഞ്ചാവ് എത്തിച്ചിരുന്നു. ഇപ്പോൾ ആ സ്ഥിതി മാറി വൻതോതിൽ ജില്ലയിലേക്ക് കഞ്ചാവ് കടത്തുന്നതായാണ് വിവരം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുമളി സ്വദേശികളായ രണ്ടു പേരെ 18 കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയിരുന്നു. വിനോദസഞ്ചാരികൾക്ക് വേണ്ടി റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നി കേന്ദ്രീകരിച്ച് ലഹരി ഉത്പന്നങ്ങൾ എത്തിക്കുന്ന ശൃംഖലയും സജീവമാണെന്നും വിവരങ്ങളുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരും പൊലീസും വ്യാപക പരിശോധന നടത്തിയിട്ടും ലഹരി യുവാക്കൾക്ക് വിതരണം ചെയ്യുന്ന ഏജന്റുമാരെ അധികൃതർക്ക് പിടികൂടാൻ കഴിയുന്നില്ല.
കഞ്ചാവ് കൈവശം വെച്ച കേസിൽ യുവാവ് പിടിയിൽ
മുട്ടം: കഞ്ചാവ് കൈവശം വെച്ച കേസിൽ യുവാവ് പിടിയിൽ.മേലുകാവ് വയലുമുണ്ടക്കൽ വീട്ടിൽ വി.എസ് അജിത് മോനെയാണ് (30) മുട്ടം പൊലീസ് പിടികൂടിയത്.
ഇയാളിൽ നിന്നും എട്ട് ഗ്രാം കഞ്ചാവ് പിടികൂടി. വെള്ളിയാഴ്ച രാത്രി 11 ഓടെ മുട്ടം ടെലിഫോൺ എക്സ്ചേഞ്ചിന് സമീപത്ത് നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. ഇതിന് സമീപം കഞ്ചാവ് വലിച്ചു എന്ന കുറ്റത്തിന് ഷെറിൻ എന്നൊരു യുവാവിനേയും പൊലീസ് പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.