ഇടുക്കി ജില്ലയിൽ 2665 അതിദരിദ്ര കുടുംബങ്ങൾ
text_fieldsതൊടുപുഴ: ജില്ലയിലുള്ള അതിദരിദ്ര കുടുംബങ്ങളുടെ എണ്ണം 2665. 52 പഞ്ചായത്തിലും കട്ടപ്പന, തൊടുപുഴ നഗരസഭകളിലും നടത്തിയ സർവേയിലാണ് ഇത് വ്യക്തമായത്. 2394 കുടുംബങ്ങളും പഞ്ചായത്തുകളിലാണ്. തൊടുപുഴ, കട്ടപ്പന നഗസഭകളിലായി 271 കുടുംബമുണ്ട്.
1121 ഏകാംഗ കുടുംബങ്ങൾ. കട്ടപ്പന നഗരസഭയിലാണ് കൂടുതൽ, 149. വണ്ണപ്പുറം പഞ്ചായത്തിൽ 134ഉം അടിമാലിയിൽ 121ഉം അതിദരിദ്ര കുടുംബങ്ങളുണ്ട്. കുറവ് കരിങ്കുന്നം പഞ്ചായത്തിലാണ്, രണ്ട് കുടുംബം. വട്ടവടയിൽ മൂന്നും കുമാരമംഗലത്ത് ഏഴും കുടുംബമുണ്ട്. ഭക്ഷണം, ആരോഗ്യം, വരുമാനം, പാർപ്പിടം തുടങ്ങി ആറ് പൊതുഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് സർവേ. വാർഡ് തലങ്ങളിൽ നടന്ന ഫോക്കസ് ഗ്രൂപ് ചർച്ചയിലൂടെയാണ് കുടുംബങ്ങളെ കണ്ടെത്തിയത്. ഗ്രാമസഭകൾ ചേർന്നാണ് അനർഹരെ ഒഴിവാക്കി അന്തിമപട്ടിക തയാറാക്കിയത്.
ഇവർക്കായി അടിസ്ഥാന സൗകര്യവികസനം, ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ മേഖലകളിലെ വികസനത്തിനായി വൈവിധ്യമാർന്ന പദ്ധതികളാണ് ജില്ലയിൽ പുരോഗമിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ വികസന ഫണ്ടും ഉപയോഗപ്പെടുത്തിയാണ് പദ്ധതികൾ. ഇതിനോടകം ഭക്ഷണത്തിന് ബുദ്ധിമുട്ടുള്ള 755 കുടുംബത്തിന് ഭക്ഷണം ഉറപ്പാക്കിയിട്ടുണ്ട്
1611 കുടുംബങ്ങളിൽ ആരോഗ്യസേവനങ്ങൾ എത്തിച്ചു. വരുമാനമില്ലാതിരുന്ന 45 കുടുംബത്തിന് വരുമാനദായക സേവനങ്ങൾ ലഭ്യമാക്കി. വീടില്ലാത്ത 85 കുടുംബത്തിന് സംരക്ഷണം നൽകിയിട്ടുണ്ട്. 221 ആരോഗ്യ ഇൻഷുറൻസ് കാർഡ്, 117വോട്ടർ കാർഡ്, 30 സാമൂഹിക സുരക്ഷാ പെൻഷൻ, 29 ബാങ്ക് അക്കൗണ്ട്, 35 തൊഴിൽ കാർഡ്, 114 ആധാർ കാർഡ്, മൂന്ന് ഗ്യാസ് കണക്ഷൻ, 99 റേഷൻ കാർഡ്, എട്ട് കുടുംബശ്രീ അയൽക്കൂട്ട അംഗത്വം, രണ്ട് ഭിന്നശേഷി കാർഡ് എന്നിവ ലഭ്യമാക്കി. ഒരു വീട് വയറിങ്ങും ചെയ്തു. ചികിത്സ സഹായം എന്ന നിലയിലും ഇവർക്കുള്ള ധനസഹായത്തിനുള്ള നടപടി പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.