തൊടുപുഴ നഗരത്തിൽ തെരുവ് കച്ചവടക്കാർ 358
text_fieldsതൊടുപുഴ: നഗരസഭയില്‍ തെരുവു കച്ചവടം നടത്തുന്നവരുടെ പട്ടികക്ക് കൗണ്‍സില്‍ യോഗം അംഗീകാരം നല്കി. തെരുവ് കച്ചവട ബൈലോക്ക് അംഗീകാരം നല്‍കുകയും 358 പേര് നഗരസഭ പരിധിയില്‍ തെരുവ് കച്ചവടം ചെയ്യുന്നതായും കണ്ടെത്തി. ടൗണ്‍ വെന്റിങ് കമ്മിറ്റി അംഗീകരിച്ച 77 പേര്‍ക്ക് പുതുതായി തിരിച്ചറിയല്‍ കാര്‍ഡും വെന്റിങ് സര്‍ട്ടിഫിക്കറ്റും നല്‍കാനും തീരുമാനിച്ചു. മുന്‍പ് തിരിച്ചറിയല്‍ കാര്‍ഡ് അനുവദിച്ചിരുന്ന 132 തെരുവ് കച്ചവടക്കാര്‍ക്ക് വെന്റിങ് സര്‍ട്ടിഫിക്കറ്റ് നല്‍കാനും തീരുമാനിച്ചു.
നഗരസഭ പരിധിയില്‍ കച്ചവടം ചെയ്യാൻ തിരിച്ചറിയല്‍ കാര്‍ഡ്, വെന്റിങ് സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാക്കി. നിയമങ്ങള്‍ പാലിക്കാത്തവരിൽനിന്ന് പിഴ ഈടാക്കുകയും ലൈസന്‍സ് റദ്ദാക്കുന്നതും ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും. അനുമതിയില്ലാത്ത തെരുവ് കച്ചവടങ്ങള്‍ മുന്നറിയിപ്പില്ലാതെ ഒഴിപ്പിക്കാനും തീരുമാനിച്ചു. അനധികൃത കച്ചവടങ്ങൾ കണ്ടെത്തുന്നതിനും മാറ്റുന്നതിനുമായാണ് സർവേ നടത്തിയത്. സർവേയിൽ 289 കച്ചവടക്കാരെയാണ് കണ്ടെത്തിയത്.
ഇവർക്ക് തിരിച്ചറിയിൽ കാർഡുകളടക്കം നൽകിയിരുന്നെങ്കിലും ഇവരിൽ പലരും ഇപ്പോഴില്ല. തുടർന്ന് വീണ്ടും ഇവരുടെ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. ഇപ്പോഴുള്ള കച്ചവടക്കാരിൽ ഭൂരിഭാഗവും ലോട്ടറിക്കച്ചവടം ചെയ്യുന്നവാരാണ്. ഇവരെ മറ്റൊരു സ്ഥലത്ത് പുനരധിവസിപ്പിക്കുകയെന്നത് പ്രായോഗികമല്ല. പ്രത്യേക സ്ഥലം കൊടുത്ത് അവിടെ കൊണ്ടിരുത്താൻ കഴിയുന്ന കച്ചവടക്കാരല്ല നഗരത്തിലുള്ളത്. പഴം, പച്ചക്കറി തെരുവ് കച്ചവടക്കാർ കുറവാണ്. തട്ടുകട, ബജിക്കട എന്നിവയടക്കമുള്ളവർ തെരുവ് കച്ചവട ലിസ്റ്റിൽ വരും.
കച്ചവടം നടക്കുന്ന ചില മേഖലകൾ സോണായി പ്രഖ്യാപിക്കാനാണ് നഗരസഭയുടെ തീരുമാനം. ഗതാഗതക്കുരുക്ക് തടസ്സമില്ലാത്ത തരത്തിൽ ഇവിടെ കച്ചവടം കർശന നിബന്ധനകളോടെ നടത്താനാണ് കൗൺസിലിൽ ചർച്ച നടത്തിയത്. ഇനി ചേരുന്ന കൗൺസിലിൽ സോണുകളെ സംബന്ധിച്ചതടക്കം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും ഗതാഗതത്തിനും കാൽനടക്കും തടസ്സമായ അനധികൃത കച്ചവടങ്ങൾക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.