ഇടുക്കി മെഡിക്കൽ കോളജിന് 50 ഏക്കർ ഭൂമി; സർക്കാർ ഉത്തരവ് പുറത്തിറങ്ങി
text_fieldsതൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 2018ൽ അനുവദിച്ച 40 ഏക്കർ സ്ഥലത്തിന് പുറമെ 50 ഏക്കർകൂടി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഇടുക്കി താലൂക്കില്‍ ഇടുക്കി വില്ലേജിൽ സർവേ നം161/1 ല്‍ ഉൾപ്പെടുന്ന ഭൂമിയുടെ ഉപയോഗവും കൈവശാനുഭവവുമാണ് ഭൂമി കൈമാറ്റ വ്യവസ്ഥപ്രകാരം ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന് ( മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് ) കൈമാറിയിട്ടുള്ളത്. ലാൻഡ് റവന്യൂ കമീഷണർ മുഖേനെ കലക്ടർ സർക്കാറിന് നൽകിയ പ്രൊപ്പോസലിനെ തുടർന്നാണ് നടപടി.
നിബന്ധനകള്‍ക്ക് വിധേയമായാണ് ഭൂമി കൈമാറിയിട്ടുള്ളത്. അനുവദിച്ച ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളില്‍ പണയപ്പെടുത്താനോ അന്യാധീനപ്പെടുത്താനോ പാടില്ല. പാട്ടം, ഉപപാട്ടം, തറവാടകക്ക് നല്‍കുക, അന്യാധീനപ്പെടുത്തുക എന്നിവ പാടില്ല. എല്ലാതരത്തിലുമുള്ള കൈയേറ്റങ്ങളില്‍നിന്നും മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് ഭൂമിയെ സംരക്ഷിക്കണം.
കൂടാതെ ഭൂമിയിലെ മരങ്ങള്‍ മുറിക്കാൻ പാടില്ലെന്നും അഥവാ മുറിക്കേണ്ടി വന്നാല്‍ റവന്യൂ അധികാരികളുടെ മുന്‍കൂര്‍ അനുമതി വാങ്ങിയശേഷമേ മുറിക്കാൻ പാടുള്ളൂവെന്നും നിബന്ധനയുണ്ട്. മാത്രമല്ല മുറിക്കുന്ന മരങ്ങളുടെ മൂന്നിരട്ടി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തി പരിപാലിക്കണം. ഭൂമി അനുവദിച്ച തീയതി മുതല്‍ ഒരു വര്‍ഷത്തിനകം നിര്‍ദിഷ്ട നിര്‍മാണം ആരംഭിക്കുകയും വേണം. നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് ലംഘിക്കപ്പെടുന്നപക്ഷം ഭൂമി സർക്കാർ തിരികെ ഏറ്റെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.