ഗതാഗത നിയമലംഘനങ്ങൾ പിടികൂടാൻ കണ്ണുതുറക്കും 72 കാമറകൾ
text_fieldsതൊടുപുഴ: വാഹന ഗതാഗതവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ പിടികൂടാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകളുമായി മോട്ടോര്‍ വാഹന വകുപ്പ്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പ്രധാന സ്ഥലങ്ങളിലായി 72 അത്യാധുനിക കാമറാകളാണ് സജ്ജീകരിക്കുക. കാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ജോലി ആരംഭിച്ച് കഴിഞ്ഞു.
നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ കാമറ സ്ഥാപിക്കുന്നത്. തൊടുപുഴ നഗരത്തില്‍ മാത്രം 12 എണ്ണം. ഇലക്ട്രോണിക് പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന്റെ നേതൃത്വത്തിലാണ് കാമറകള്‍ സ്ഥാപിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിലാണ് ഈ കാമറകളുടെ പ്രവര്‍ത്തനം. ട്രാഫിക് നിയമലംഘനം നടത്തുന്നവരെ നിര്‍മിത ബുദ്ധിയിലൂടെയാണ് കണ്ടെത്തുന്നത്. വ്യക്തമായ ചിത്രങ്ങള്‍ സഹിതമായിരിക്കും നിയമലംഘനം നടത്തുന്ന വാഹന ഉടമകള്‍ക്ക് നോട്ടീസ് ലഭിക്കുക. ]
കബളിപ്പിക്കാനാകില്ല
ജില്ലയിലെവിടെയും നടക്കുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തിയാലുടന്‍ ചിത്ര സഹിതം സന്ദേശം തൊടുപുഴ വെങ്ങല്ലൂരിലെ കണ്ട്രോള് റൂമുകളില്‍ എത്തും. വൈകാതെ തന്നെ വാഹന ഉടമകള്‍ക്ക് നിയമലംഘന നോട്ടീസുകള്‍ നല്‍കും. അത്യാധുനിക സാങ്കേതികവിദ്യ ഘടിപ്പിച്ച കാമറകളായതിനാല്‍ വിവിധതരം ട്രാഫിക് നിയമലംഘനങ്ങള്‍ വേര്‍തിരിച്ച് കണ്ടെത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന പ്രത്യേകത. ഹെല്‍മറ്റ് ധരിക്കാത്തവരുടെ മാത്രം വിവരങ്ങളാണു ശേഖരിക്കുന്നതെങ്കില്‍ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ അവ മാത്രം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും.
സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ചു വാഹനം ഓടിക്കുന്നവര്‍ എന്നിങ്ങനെ ഏതുതരം നിയമലംഘനവും വേര്‍തിരിച്ചറിയാം. ഹെല്‍മറ്റിന് പകരം സമാനരീതിയിലെ തൊപ്പിയും തലക്കെട്ടുമൊക്കെ ധരിച്ചാലും പുത്തന്‍ കാമറ കണ്ടുപിടിച്ചിരിക്കും.
ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, അമിതവേഗം, അപകടകരമായ ഡ്രൈവിങ്, കൃത്യതയില്ലാത്ത നമ്പര്‍പ്ലേറ്റ്, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിക്കല്‍, ഇരുചക്ര വാഹനത്തില്‍ മൂന്നുപേരെവെച്ച് ഓടിക്കല്‍ തുടങ്ങിയ നിയമ ലംഘനങ്ങളും ഇതിലൂടെ കണ്ടെത്താനാവും. അതീവ സുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ വ്യാപകമായതോടെ ഇത്തരം കാമറകള്‍ക്ക് വാഹനങ്ങളെയും ഉടമകളെയും തിരിച്ചറിയാനും എളുപ്പമാണ്. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളെ കണ്ടെത്താനും ഈ നിര്‍മിതബുദ്ധി കാമറകള്‍ക്ക് സാധിക്കും.
ഗതാഗത നിയമലംഘനം തടയല്‍ പ്രവര്‍ത്തനങ്ങളില്‍ അതിനൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് സേഫ് കേരള പദ്ധതിക്കുവേണ്ടി കെല്‍ട്രോണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ സജ്ജമാക്കുന്നത്. അഞ്ച് വര്‍ഷത്തെ ഗാരന്റിയിലാണ് ഇവ മോട്ടോര്‍ വാഹന വകുപ്പിന് കൈമാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.