ഹൈറേഞ്ചിലെ റോഡുകളിൽ അപകടയാത്ര തുടരുന്നു
text_fieldsതൊടുപുഴ: ജില്ലയിലെ റോഡുകളിൽ ഓടുന്ന വാഹനങ്ങളിൽ വിനോദസഞ്ചാരികളുടെ അപകടകരമായ യാത്ര ആവർത്തിക്കുന്നു. തുടർച്ചയായി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതോടെ മോട്ടോർ വാഹന വകുപ്പ് നിരത്തിൽ ജാഗ്രത കൂട്ടി.
വെള്ളിയാഴ്ച വൈകീട്ട് മൂന്നാർ-മാട്ടുപ്പെട്ടി റോഡിൽ രണ്ട് ജീപ്പുകളിലായി പെൺകുട്ടികളടക്കമുള്ള സഞ്ചാരികളാണ് അപകടകരമായ യാത്ര ചെയ്തത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയ വിദ്യാർഥികളാണിവർ. മൂന്നാറിൽ നിന്നുള്ള സഫാരി ജീപ്പുകളിലാണ് കനത്ത മഴയെ അവഗണിച്ച് യുവാക്കൾ അഭ്യാസപ്രകടനങ്ങൾ നടത്തി മാട്ടുപ്പെട്ടിയിലേക്ക് യാത്ര ചെയ്തത്.
വെള്ളിയാഴ്ച രാവിലെയും മാട്ടുപ്പെട്ടി റോഡിൽ ആലപ്പുഴ സ്വദേശികളായ യുവാക്കൾ ഓടുന്ന വാഹനത്തിൽ അപകടകരമായ വിധത്തിൽ യാത്ര ചെയ്തിരുന്നു. വാഹനം പിടിച്ചെടുത്തു. ദേവികുളം ഗ്യാപ് റോഡ് വഴി വ്യാഴാഴ്ച അപകടകരമായ വിധത്തിൽ യുവാക്കൾ യാത്ര ചെയ്ത സംഭവത്തിൽ തമിഴ്നാട് സ്വദേശിയുടെ വാഹനം പിടിച്ചെടുത്തു. വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗമാണ് വാഹനം പിടിച്ചെടുത്ത് പൊലീസിന് കൈമാറിയത്. വാഹന ഉടമയോട് തൊടുപുഴയിലുള്ള എൻഫോഴ്സ്മെന്റ് ആർ.ടി.ഒ മുമ്പാകെ അടുത്ത ദിവസം നേരിട്ട് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസും നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച മാട്ടുപ്പെട്ടി റോഡിൽ നടന്ന രണ്ടു സംഭവങ്ങളുടെയും വിവരങ്ങൾ ശേഖരിച്ചു വരുകയാണെന്നും നടപടി ഉണ്ടാകുമെന്നും വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.